ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുപ്പിൽ നിലപാട് അറിയിച്ച് സർക്കാർ. ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവെയ്‌ക്കേണ്ടതില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണ്. ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങള്‍ക്കായാണ് പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടത്. ദുരന്തബാധിതരില്‍ പലരും 15 ലക്ഷം രൂപ നഷ്ടപരിഹാരം മതിയെന്ന നിലപാടെടുത്തിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ ഒരുമിച്ച് ഏറ്റെടുക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നഷ്ടപരിഹാര ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കി.
അതേസമയം ചൂരൽമല ടൗൺ റീ ഡിസൈൻ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇപ്പോൾ പുറത്ത് വന്നത് വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണ്. ആരെയും തള്ളിപ്പറയാൻ ഇല്ലെന്നും ഡിഡിഎംഎയാണ് ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ വേണ്ടിയാണ് എസ്റ്റേറ്റ് ഏറ്റെടുത്തത്. ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി 25 എസ്റ്റേറ്റുകളാണ് പോയി കണ്ടത്. ദുരന്ത ബാധിതരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റ് ഏറ്റെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിഷേധിക്കുന്നവരോട് ശത്രുത മനോഭാവം ഇല്ലെന്നും നിലവിൽ മാനദണ്ഡപ്രകാരമാണ് ലിസ്റ്റ് പുറത്ത് വിട്ടതെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കാം. നടപടികൾ നിബന്ധനകൾക്ക് വിധേയമായാണ്. ഏഴ് സെന്റ് ഭൂമിയിലാണ് വീട് നിർമാണം. വയനാടിനായി ദുരന്ത നിവാരണ ഫണ്ടിലേക്ക് ലഭിച്ച തുക ഇവിടെ തന്നെ ചിലവഴിക്കും. ഒരാൾക്കും വാടക കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല. ദിവസം 300 രൂപ മുൻകാല പ്രാബല്യത്തോടെ നൽകും. വീട് നിർമാണത്തിന് 20 ലക്ഷത്തിൽ കൂടുതൽ വേണ്ടത് സിഎംഡിഎഫ്ആറിൽ നിന്ന് നൽകുമെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.