ബുധനാഴ്ച തെക്കൻ ഗാസയിൽ വെച്ച് യഹ്യ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണവുമായി ഇസ്രയേൽ രംഗത്തെത്തിയത്
ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്നും ഡിഎൻഎ പരിശോധിച്ചാൽ മാതമേ ഈ കാര്യത്തിൽ വ്യക്തത വരുകയുള്ളുവെന്നുമായിരുന്നു നേരത്തെ ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച തെക്കൻ ഗാസയിൽ വെച്ച് യഹ്യ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണവുമായി ഇസ്രയേൽ രംഗത്തെത്തിയത്.
ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് ശേഷമാണ് സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹ്യ ഹമാസിൻ്റെ തലവനായത്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരരിൽ ഒരാളാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ. ആക്രമണത്തില്‍ 1,100 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 40,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. യുദ്ധത്തില്‍ ജനസംഖ്യയിലെ 2.3 മില്യണ്‍ പേർ പലായനം ചെയ്തു.
ഇതിനു മുന്‍പ് ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും 100 ശതമാനം അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.
2011 ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷലിത്തിന്‍റെ മോചനത്തിനു പകരമായി വെറുതെ വിട്ട 1000 തടവുകാരില്‍ ഒരാളായി പുറത്തു വന്നു. ഒക്ടോബര്‍ 7നു ശേഷം ഇസ്രയേല്‍ പിടിയില്‍ പെടാതെ രക്ഷപ്പെട്ട് കഴിയുകയാണ് സിന്‍വാര്‍. രാഷ്ട്രീയ വിഭാഗം മേധാവിയായ ഹനിയയുടെ അറിവോടെയല്ല ഒക്ടോബര്‍ ആക്രമണം സിന്‍വാര്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്.
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് നേതാവ് യഹ്യ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലും റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇസ്രയേൽ മാധ്യമമായ ദ ജെറുസലേം പോസ്റ്റാണ് ഈ വിവരം പുറത്തുവിട്ടത്. ഖത്തറുമായി സിൻവാർ രഹസ്യ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് യഹ്യ സിൻവാർ കൊല്ലപ്പെട്ടുവെന്ന വാർത്ത പങ്കുവച്ചു കൊണ്ട് ഇസ്രയേൽ സൈന്യം രംഗത്തെത്തിയത്.