കഴിഞ്ഞ രണ്ട് ദശാബ്ദമായി ഹസന്‍റെ പ്രസംഗങ്ങള്‍ ടെലിവിഷനിലൂടെ കാണിക്കുകയാണ് പതിവ്
ലെബനനിലെ ഏറ്റവും ശക്തനായ വ്യക്തി ഹിസ്ബുള്ള തലവനായ ഹസന്‍ നസ്റള്ളയാണ്. ഇറാന് പ്രിയപ്പെട്ടവനും ഇസ്രയേലിന് വെറുക്കപ്പെട്ടവനുമായ നേതാവ്. ഷിയ അനുകൂലികള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമാണ് ഹസനുള്ളത്. ലെബനന്‍ സൈന്യത്തെക്കാള്‍ അത്യാധിനികവും മാരകവുമായ ആയുധശേഷിയുള്ള ഹിസ്ബുള്ളയുടെ ഈ മേധാവി അറിയതെ ഭരണകൂടത്തിന് രാജ്യത്ത് ഒരു തീരുമാനവും എടുക്കാന്‍ സാധിക്കില്ല.
കാര്യങ്ങളിങ്ങനെയാണെങ്കിലും പൊതു വേദികളില്‍ ഹസന്‍ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. 2006ല്‍ ഹസന്‍റെ നേതൃത്വത്തിലുള്ള ഷിയ സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങിയതിനു ശേഷം അപൂർവമായി മാത്രമേ പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളു. ഹസന്‍ എവിടെ താമസിക്കുന്നുവെന്നോ എപ്പോള്‍ പുറത്തു വരുമെന്നോ അടുത്ത വൃത്തങ്ങള്‍ക്കു പോലും വിവരം ലഭിക്കാറില്ല. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഹസന്‍റെ പ്രസംഗങ്ങള്‍ ടെലിവിഷനിലൂടെ കാണിക്കുകയാണ് പതിവ്.
Also Read: ലെബനനിലെ സ്ഫോടനം: ബെയ്‌റൂട്ടിൽ നിന്നുള്ള വിമാനങ്ങളിലെ പേജറുകൾക്കും വോക്കി-ടോക്കികൾക്കും നിരോധനം
കഴിഞ്ഞ വ്യാഴാഴ്ചയാണ് 64കാരനായ ഹസന്‍ നസ്റള്ള അവസാനമായി പ്രസംഗിച്ചത്. ഹിസ്ബുള്ള പ്രവർത്തകരുടെ ആശയവിനിമയ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെയായിരുന്നു പ്രസംഗം. പ്രസംഗത്തില്‍ ഇസ്രയേലിനെ ഹസന്‍ വാക്കുകള്‍ കൊണ്ട് കടന്നാക്രമിച്ചു. പരിഹാസവും ആക്രമണോത്സുകതയും കലർന്ന ഭാഷയിലായിരുന്നു ഹസന്‍റെ പ്രതികരണം.
ഹസന്‍ നസ്റള്ള വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. ഹസന്‍റെ മൂത്ത മകന്‍ ഹാദി 1997ല്‍ ദക്ഷിണ ലെബനനില്‍ ഇസ്രയേലിനെതിരായുണ്ടായ പോരാട്ടത്തിലാണ് കൊല്ലപ്പെട്ടത്. 1992ല്‍ 32-ാം വയസിലാണ് ഹസന്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലാകുന്നത്. ഹിസ്ബുള്ള തലവനായിരുന്ന അബ്ബാസ് അല്‍ മുവാസി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ഹസന്‍റെ സ്ഥാനാരോഹണം.
1990ല്‍ ലെബനനില്‍ ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം ആയുധം താഴെ വെയ്ക്കാത്ത ഏക സംഘടനയാണ് ഹിസ്ബുള്ള. ഇസ്രയേലിനെ ശത്രു പക്ഷത്ത് നിർത്തണമെന്നായിരുന്നു എല്ലാക്കാലത്തും ഹസന്‍റെ തീരുമാനം.
ഹമാസ് ഒക്ടോബർ 7ന് ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ മുതല്‍ ഹസന്‍റെ നേതൃത്വത്തില്‍ ഹിസ്ബുള്ള ലെബനന്‍-ഇസ്രയേല്‍ അതിർത്തിയില്‍ പോരാട്ടം ശക്തമാക്കിയിരുന്നു. എന്നാല്‍, അപ്രതിക്ഷിതമായി പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചത് ഹസന്‍ നസ്റുള്ളയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.