കൊല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ഈ സംഭവം
പശ്ചിമ ബംഗാള്‍ ആശുപത്രിയില്‍ ആരോഗ്യപ്രവർത്തകയെ രോഗി പീഡിപ്പിച്ചു. ബിർഭൂമിലെ ഇളംബസാർ ഹെൽത്ത് സെൻ്ററിലെ നഴ്‌സിനെയാണ് ശനിയാഴ്ച രാത്രി ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്. കൊല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ഈ സംഭവം.
ഹെല്‍ത്ത് സെന്‍ററിലേക്ക് കൊണ്ടുവന്ന പ്രതിക്ക് സലൈന്‍ നല്‍കുന്നതിനിടെയാണ് നഴ്സിനോട് മോശമായ രീതിയില്‍ പെരുമാറിയത്. സംഭവം നടക്കുന്ന സമയത്ത് പ്രതിക്കൊപ്പം അയാളുടെ കുടുംബവുമുണ്ടായിരുന്നു. നഴ്സ് പരാതി ഉന്നയിച്ചതോടെ ആശുപത്രി അധികൃതർ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിയായ രോഗിയെ അറസ്റ്റ് ചെയ്തു.
അതേസമയം, ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മമത സർക്കാരും ബംഗാള്‍ പൊലീസും പ്രതിരോധത്തിലാണ്. സർക്കാർ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും ഡോക്ടർമാരും പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ബിജെപി അധ്യക്ഷന്‍ സുവേന്ദു അധികാരിയുടെ ആരോപണം. ബലാത്സംഗത്തിന് കർശനമായ നിയമങ്ങള്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിക്ക് പകരം വനിത ശിശു വികസന മന്ത്രാലയമാണ് പ്രതികരിച്ചത്. മന്ത്രാലയം സർക്കാരിന്‍റെ പ്രവർത്തനങ്ങളില്‍ വന്ന വീഴ്ചകളും കത്തിലെ വസ്തുതാപരമായ പിശകുകളും എടുത്തുകാട്ടുക മാത്രമാണ് ചെയ്തത്. പൊതുവേ സ്ത്രീ സൗഹൃദമായ അന്തരീക്ഷമല്ല ബംഗാളില്‍ നിലവിലുള്ളതെന്ന ആരോപണം നിലനില്‍ക്കെയാണ് ആശുപത്രിയില്‍ നഴ്‌സ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്.