പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്താണ് ബലാത്സംഗം ചെയ്തത്
ബലാത്സംഗത്തിന് ഇരയായ 16കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അനുമതി നല്‍കിയത്.
ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പെൺകുട്ടിയുടെ മാതാവ് നൽകിയ അപ്പീലിലാണ് ഉത്തരവ്. പെൺകുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ നിർദേശം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. ഇതിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഗർഭകാലം 26 മാസം പിന്നിട്ട അവസരത്തിലാണ് സിംഗിൾ ബെഞ്ച് അനുമതി നിഷേധിച്ചത്. കുഞ്ഞിനെ വളർത്തുന്നതിൽ പെൺകുട്ടിയുടെ മാനസിക വിഷമമടക്കം മാതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഡിവിഷൻ ബെഞ്ച് നിർദേശപ്രകാരം മാനസികാരോഗ്യ വിദഗ്ദ്ധനടക്കം പെൺകുട്ടിയെ പരിശോധിച്ചു.
Also Read: കണ്ണൂരില്‍ സിനിമാ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്നു വീണ് അപകടം; നാല് പേർക്ക് പരുക്ക്
ഗർഭവുമായി മുന്നോട്ടുപോകാനുള്ള മാനസികശേഷി പെൺകുട്ടിക്കില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണു ഗർഭഛിദ്രത്തിന് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. ജീവനോടെയാണു കുഞ്ഞിനെ പുറത്തെടുക്കുന്നതെങ്കിൽ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ തൃശൂർ മെഡിക്കൽ കോളജിന് കോടതി നിർദേശം നൽകി. പെൺകുട്ടിയും മാതാപിതാക്കളും ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ ബന്ധപ്പെട്ട ഏജൻസികൾ കുഞ്ഞിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.