സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോയെന്ന് കോടതി ചോദിച്ചു
കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്നും, എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല. അമ്പല പറമ്പിൽ നടന്നത് അനുവദിക്കാനാവാത്ത കാര്യങ്ങളാണ്. പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും കോടതി അറിയിച്ചു.
സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം വെച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റാകാൻ, 19 കേസ് ഉള്ളയാളെയുടെ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചുവെന്നും കോടതി ചോദ്യമുന്നയിച്ചു. DYFI പതാക മാത്രമല്ല, CPIM ചിഹ്നവും സ്റ്റേജിൽ കാണിച്ചിരുന്നു എന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിൻ്റെ ചാനൽ ദൃശ്യങ്ങളും സ്ക്രീൻ ഷോട്ടുകളും കോടതി പരിശോധിച്ചു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബോർഡ് സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശം നൽകി.
ഭക്തി ഗാനമേളയല്ലാതെ സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കോടതി നേരത്തെ ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. ദേവനായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ച് കളയാനുള്ളതല്ല. ഉത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മ കൂടിയാണ്.ക്ഷേത്ര ഉത്സവങ്ങൾ തികച്ചും വ്യത്യസ്തമെന്നും ഹൈക്കോടതി വിമശിച്ചിരുന്നു. ക്ഷേത്രത്തിലെ ലൈറ്റ് അലങ്കാരങ്ങളിലും വിമർശനമുണ്ടായിരുന്നു. പണം അധികമെങ്കിൽ അന്നദാനം നൽകണം, ക്ഷേത്രമാണോ കോളേജാണോ ഇതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശിച്ചിരുന്നു.
ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. 20 ഗാനങ്ങൾ പാടി, അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങൾ. തിരുവാതിര ഉത്സവത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതിയെന്നായിരുന്നു ഗായകൻ അലോഷിയുടെ പ്രതികരണം. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞിരുന്നു. ഗാനമേളയിലെ പിഴവുകൾ ഓപ്പറേറ്റർക്ക് സംഭവിച്ചതെന്നാണ് വിശദീകരണം.
കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് അലോഷി സിപിഐഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്. പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഐഎം ചിഹ്നങ്ങളും കാണിച്ചതും വലിയ വിവാദമാകുകയായിരുന്നു.