ഇന്നും രാഷ്ട്രീയ പ്രമേയത്തിൻമേലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിൻ മേലും പൊതു ചർച്ച തുടരും
സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്നും രാഷ്ട്രീയ പ്രമേയത്തിൻമേലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിൻ മേലും പൊതു ചർച്ച തുടരും. വൈകീട്ട് ഏഴ് മണിക്ക് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. പി.ബി കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് റിപ്പോർട്ട് അവതരിപ്പിക്കുക. 3424 ഭേദഗതികളാണ് രാഷ്ട്രീയ പ്രമേയത്തിൻ മേൽ ഉണ്ടായത്. അതിൽ 133 എണ്ണം അംഗീകരിച്ചു. പൊതു ചർച്ചയിൽ കേരളത്തിൽ നിന്നുള്ള മറ്റ് പ്രതിനിധികളും സംസാരിക്കും.
കഴിഞ്ഞ ദിവസമാണ് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടി ഉയർന്നത്. മുതിർന്ന നേതാവ് ബിമൻ ബസുവാണ് പതാക ഉയർത്തിയത്.
പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനെ മുൻപ് തന്നെ സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ചോർന്നിരുന്നു. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല എന്നതടക്കമുള്ള വിമർശനങ്ങളാണ് സംഘടനാ റിപ്പോർട്ടിലുള്ളത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താനും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ആശാ പ്രവർത്തകരെ കുറിച്ചും റിപ്പോർട്ട് പ്രതിപാദിക്കുന്നു.ആശ പ്രവർത്തകർക്കിടയിൽ സ്വാധീനം വർധിപ്പിക്കാനായില്ലെന്നാണ് പരാമർശം. സംഘടന റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.