മധുരയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കെ. സുധാകരൻ പറഞ്ഞു
സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) പ്രതിചേര്‍ത്തതിനു പിന്നാലെ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്ന് സുധാകരൻ ആരോപിച്ചു.
മധുരയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കെ. സുധാകരൻ പറഞ്ഞു. അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെയ്ക്കണം. പലനാൾ കള്ളൻ ഒരു നാൾ കുടുങ്ങും. സിപിഐഎമ്മിലെ കൂടുതൽ നേതാക്കൾക്ക് കേസിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി സമ്പാദിക്കുന്ന പണം മുഴുവനും മക്കൾക്കാണ്. മുഖ്യമന്ത്രി രാജി വെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ എംപി പറഞ്ഞു.
കേന്ദ്ര ധനമന്ത്രിയുമായുള്ള പിണറായി വിജയന്റെ കൂടിക്കാഴ്ച കേസ് ഒത്തു തീർപ്പാക്കാനാണെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇതിന്റെ വിശദാംശങ്ങൾ തനിക്ക് ലഭിച്ചു. ഇപ്പോഴും എപ്പോഴും എടുക്കാൻ പോകുന്ന കേസിന്റെ ഭാവി എന്താണെന്ന് കണ്ടറിയണം. ആരോപണത്തിന് കൃത്യമായ തെളിവുണ്ടെന്നും സുധാകരൻ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നു പറയുന്നത് പ്രതിപക്ഷത്തിന് ഒരു സുഖമുള്ള ഏർപ്പാടാണെന്നായിരുന്നു സിപിഐഎം നേതാവ് എ.കെ. ബാലന്റെ പ്രതികരണം. മറ്റൊരു ലാവ്‌ലിൻ ആക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ നടക്കില്ലെന്നും പരിഹാസം ആവുകയെ ഉള്ളൂവെന്നും എ.കെ. ബാലൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് കോൺഗ്രസിൻ്റെ അപക്വമായ നടപടിയാണെന്നായിരുന്നു പിബി അംഗം എം.എ. ബോബിയുടെ പ്രതികരണം. സിപിഐഎമ്മിന് യാതൊരു പരിഭ്രമവുമില്ല. പിണറായി സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്. ഇപ്പോഴത്തെ നടപടിയെ ജനങ്ങളെ അണി നിരത്തി നേരിടും. ബിജെപിയുടെ നവ ഫാഷിസ്റ്റ് നയങ്ങളെ തുറന്ന് കാട്ടുന്ന ചർച്ചകൾ പാർട്ടി കോൺഗ്രസില്‍ നടക്കുമ്പോഴാണ് ഈ നടപടിയെന്നും എം.എ. ബേബി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിൽ പ്രതികള്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍, ജോയിന്റ് എംഡി ശരണ്‍ എസ്. കര്‍ത്ത, ഓഡിറ്റര്‍ എ.കെ. മുരളീകൃഷ്ണന്‍, അനില്‍ ആനന്ദ് പണിക്കര്‍, സഹ കമ്പനികളായ നിപുണ ഇന്റര്‍നാഷണല്‍, സജ്‌സ ഇന്ത്യ, എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവരാണ് എസ്എഫ്ഐഒയുടെ പ്രതിപ്പട്ടികയിലുള്ളത്. വീണാ തെക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കമ്പനി നിയമം അനുസരിച്ച് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്‍കിയ വിചാരണാ അനുമതി അനുസരിച്ചാണ് എസ്എഫ്‌ഐഒ നടപടി. സേവനം നല്‍കാതെ വീണാ തൈക്കണ്ടിയില്‍ 2.7 കോടി രൂപ കൈപ്പറ്റി. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ കോഴയായി നല്‍കി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റിയെന്നിങ്ങനെയാണ് പ്രതികൾക്കെതിരെയുള്ള ആരോപണം.