ഇനി മുതൽ വിസയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ അതോടൊപ്പം ക്യൂ ആർ കോഡുള്ള ഹോട്ടൽ ബുക്കിംഗ് രേഖയും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിൻ്റെ പകർപ്പും സമർപ്പിക്കണം എന്നാണ് പുതിയ നിബന്ധന.
ദുബായിൽ സന്ദർശക വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ഇനി അധിക പണിയാകുമെന്നാണ് പുതിയ വാർത്തകൾ നൽകുന്ന സൂചന. രാജ്യത്ത് സന്ദർശക വിസയ്ക്കായി അപേക്ഷിക്കുമ്പോൾ കൂടുതൽ രേഖകൾ നൽകേണ്ടതായി വരും. ഇതു സംബന്ധിച്ച നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ്. ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിംഗ് രേഖകളും, റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കിയിരിക്കുകയാണ്.
ദുബായ് ഇമിഗ്രേഷൻ ഇതു സംബന്ധിച്ച് ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകിയിരിക്കുകയാണ്. ഇനി മുതൽ വിസയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ അതോടൊപ്പം ക്യൂ ആർ കോഡുള്ള ഹോട്ടൽ ബുക്കിംഗ് രേഖയും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിൻ്റെ പകർപ്പും സമർപ്പിക്കണം എന്നാണ് പുതിയ നിബന്ധന. അല്ലാത്ത സാഹചര്യത്തിൽ വിസാ നടപടികൾ വൈകിയേക്കുമെന്നും അറിയിപ്പിൽ പറയുന്നു.
കൂടാതെ, 2 മാസത്തെ വീസയ്ക്ക് 5000 ദിർഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിർഹവും ക്രെഡിറ്റ് /ഡെബിറ്റ് കാർഡിൽ ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാത്ത നിരവധിപ്പേരുടെ വിസ ആപേക്ഷകൾ പാതിവഴിയിൽ തന്നെ നിൽക്കുകയാണ്. അതിൽ മലയാളികളും ഉൾപ്പെടുന്നു. നേരത്തെ യാത്രക്കാർക്ക് ഈ രണ്ടു രേഖകളും വിമാനത്താവളത്തിലെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയായിരുന്നു.
Also Read; ഓഹരിവിപണിയില്‍ തകർന്നടിഞ്ഞ് ഗൗതം അദാനി; ആസ്തിയിൽ ഒറ്റദിവസം ഉണ്ടായത് ഒരു ലക്ഷം കോടിയുടെ ഇടിവ്
അതേസമയം, യുഎഇയിൽ പ്രവാസിയായ ഒരാൾ സ്വന്തം കുടുംബത്തിന് വേണ്ടി സന്ദർശക വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും സമർപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ട്രാവൽ ഏജൻസികൾക്കാണ് ടൂറിസ്റ്റ് വീസകൾക്ക് അപേക്ഷിക്കാനാവുക. ട്രേഡിങ് കമ്പനികളും വ്യക്തികളും കുടുംബങ്ങളും അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് സന്ദർശക വിസ. എന്നാൽ രണ്ട് വിസകളുടെയും നിയമങ്ങളും നിബന്ധനകളും ഇപ്പോൾ ഒന്നു തന്നെയാണ്.
പാകിസ്ഥാൻ, ചില ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്മാർക്ക് സന്ദർശക, ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ നേരത്തെ തന്നെ ഇത്തരം നിബന്ധനകൾ പ്രാബല്യത്തിലുണ്ടായിരുന്നു.