"റഷ്യയോട് തുറന്ന സമീപനമാണ് അമേരിക്കയ്ക്കുള്ളതെങ്കിൽ തിരിച്ചും അങ്ങനെ ആയിരിക്കും"
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിൻ്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. എന്നാൽ റഷ്യയെ യുദ്ധക്കളത്തിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നത് മിഥ്യാധാരണയാണ്. ഏത് സമാധാന കരാറിനും യുക്രെയ്ൻ പ്രദേശത്തെ റഷ്യയുടെ നിയന്ത്രണം അംഗീകരിക്കേണ്ടിവരുമെന്നും വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുമായുള്ള തൻ്റെ ബന്ധം വാഷിംഗ്ടൺ എന്ത് മനോഭാവം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പുടിൻ പറഞ്ഞു. കസാൻ നഗരത്തിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനു ശേഷം റഷ്യൻ-അമേരിക്കൻ ബന്ധം എങ്ങനെ വികസിക്കും എന്നത് അമേരിക്കയെ ആശ്രയിച്ചിരിക്കും. റഷ്യയോട് തുറന്ന സമീപനമാണ് അമേരിക്കയ്ക്കുള്ളതെങ്കിൽ തിരിച്ചും അങ്ങനെ ആയിരിക്കും. അവർക്ക് അത് ആവശ്യമില്ലെങ്കിൽ തിരിച്ചും അങ്ങനെ ആകുമെന്നും പുടിൻ ഉച്ചകോടിയിൽ പറഞ്ഞു. യുക്രെയ്‌നിലെ സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാം ചെയ്യാനുള്ള തൻ്റെ ആഗ്രഹത്തെക്കുറിച്ചാണ് ട്രംപ് സംസാരിച്ചത്. അദ്ദേഹം ആത്മാർത്ഥതയുള്ള ആളാണെന്നാണ് താൻ കരുതുന്നത്. ഇത്തരം പ്രസ്താവനകൾ ആരിൽ നിന്നാണെങ്കിലും സ്വാഗതം ചെയ്യുമെന്നും പുടിൻ വ്യക്തമാക്കി.
യുക്രെയ്‌ന് വാഷിംഗ്ടൺ നൽകുന്ന കോടിക്കണക്കിന് ഡോളറിൻ്റെ സഹായത്തെക്കുറിച്ച് നേരത്തെ ട്രംപ് ആവർത്തിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് റഷ്യയും അമേരിക്കയും തമ്മിലുള്ള ഭാവി ബന്ധങ്ങളുടെയും, യുക്രെയ്‌നിലെ സംഘർഷത്തിൻ്റെയും ഗതിയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.