എറിത്രിയൻ - സ്വീഡിഷ് പൗരത്വമുള്ള ഡാവിറ്റ്, എറിത്രിയയിലെ ആദ്യ സ്വതന്ത്ര പത്രമായ സെറ്റ് ഇറ്റിൻ്റെ സ്ഥാപകരിൽ ഒരാളാണ്
23 വർഷമായി ആഫ്രിക്കയിലെ എറിത്രിയയിലെ ജയിലിൽ വിചാരണയില്ലാതെ കഴിയുന്ന പത്രപ്രവർത്തകന് എഡൽസ്റ്റാം പുരസ്കാരം. മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടിയ ഡാവിറ്റ് ഐസക്കിനാണ് ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയ്ക്കുള്ള സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം തടവിൽ കഴിയേണ്ടിവന്ന ആദ്യ മാധ്യമ പ്രവർത്തകനാണ് ഡാവിറ്റ്. എറിത്രിയൻ സർക്കാരിനെ വിമർശിച്ചതിനാണ്, കാലാവധിയില്ലാതെ നീളുന്ന ഈ ജയിൽവാസം. നവംബർ 19ന് സ്റ്റോക്ക്ഹോമിലെ ചടങ്ങിൽ ഡാവിറ്റിൻ്റെ മകൾ ബെത്ലഹേം, പുരസ്കാരം ഏറ്റുവാങ്ങും.
എറിത്രിയൻ - സ്വീഡിഷ് പൗരത്വമുള്ള ഡാവിറ്റ്, എറിത്രിയയിലെ ആദ്യ സ്വതന്ത്ര പത്രമായ സെറ്റ് ഇറ്റിൻ്റെ സ്ഥാപകരിൽ ഒരാളാണ്. 2001 സെപ്തംബർ 23 ന് അസ്മാരയിലെ വീട്ടിൽ വെച്ചാണ് ഡാവിറ്റ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രസിഡൻ്റ് ഇസയാസ് അഫ്‌വർക്കിൻ്റെ സർക്കാരിനെ വിമർശിച്ചും ജനാധിപത്യ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും എഴുതിയ കത്തുകളും വാർത്തകളും പത്രത്തിൽ പ്രസിദ്ധീകരിച്ചതിനാണ് ഈ മാധ്യമപ്രവർത്തകനെ തടവിലാക്കിയത്. ഡാവിറ്റിനൊപ്പം മുതിർന്ന കാബിനറ്റ് മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, സ്വതന്ത്ര പത്രപ്രവർത്തകർ എന്നിവരുൾപ്പെടെ നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭരണകൂടം രാജ്യദ്രോഹിയായി കാണുന്നതിനാല്‍ ഡാവിറ്റിനെ ഇതുവരെ വിചാരണ ചെയ്തിട്ടില്ല. പുതിയ കണക്കനുസരിച്ച് തുടർച്ചയായി ദീർഘകാലം തടങ്കലിൽ കഴിയുന്ന ആദ്യ മാധ്യമ പ്രവർത്തകനാണ് ഡാവിറ്റ്. "അദ്ദേഹത്തിൻ്റെ... അസാധാരണമായ ധൈര്യത്തിന്" ആണ് ഈ ആവർഡ് എന്നാണ് എഡൽസ്റ്റാം പുരസ്കാര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
Also Read: റഷ്യ-യുക്രൈൻ യുദ്ധം വിപുലീകരിക്കരുതെന്നാവശ്യം; റഷ്യൻ പ്രസിഡന്‍റിനെ സമീപിച്ച് ഡൊണാൾഡ് ട്രംപ്
ഡാവിറ്റ് ഐസക്കിനെ എവിടെയാണ് തടങ്കലില്‍ പാർപ്പിച്ചിരിക്കുന്നതെന്നോ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചോ എറിത്രയിലെ സർക്കാർ ഒരു വിവരവും പുറത്തുവിടാറില്ല. ഡാവിറ്റ് ജീവിച്ചിരിപ്പില്ലെന്ന കിംവദന്തി വരെ പ്രചരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം എറിത്രിയയിൽ തെരഞ്ഞെടുപ്പുകളൊന്നും നടന്നിട്ടുമില്ല. പ്രസിഡൻ്റ് ഇസയാസ് അഫ്‌വെർക്കി 31 വർഷമായി അധികാരത്തിൽ തുടരുകയാണ്.