ദണ്ഡേവാഡ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റിനെ വധിച്ചത്
ഛത്തീസ്ഗഡില്‍ 25 ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന. ദണ്ഡേവാഡ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വനിതാ മാവോയിസ്റ്റിനെ വധിച്ചത്. ഗുമ്മാഡിവേലി രേണുക എന്ന വനിതാ മാവോയിസ്റ്റ് നേതാവിനെയാണ് ഛത്തീസ്ഗഡ് സുരക്ഷാ സേന വധിച്ചത്.
ALSO READ: യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു വനത്തിൽ രാവിലെ 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം പുറപ്പെട്ടിരിക്കെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. ദന്തേവാഡയിലെ ഗീതാം, ബീജാപ്പൂരിലെ ഭൈരംഗഡ് എന്നിവിടങ്ങളിലെ വനങ്ങളിലാണ് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓപ്പറേഷൻ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വെടിവെപ്പ് അവസാനിച്ചതിന് ശേഷമാണ് പൊലീസ് ഗുമ്മാഡിവേലി രേണുകയുടെ മൃതദേഹം കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ ഏറ്റവും ശക്തമായ സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ പ്രസ് ടീമിന്റെ ചുമതല വഹിച്ചിരുന്നത് മാവോയിസ്റ്റുകളുടെ പ്രത്യേക മേഖലാ കമ്മിറ്റി അംഗമായ രേണുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു ഇൻസാസ് റൈഫിൾ, മറ്റ് ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 31ന് മുമ്പ് നക്സലിസത്തെ തുടച്ചുനീക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ശനിയാഴ്ച ബസ്തർ മേഖലയിലെ സുക്മ, ബിജാപൂർ ജില്ലകളിലുണ്ടായ ഇരട്ട ഏറ്റുമുട്ടലുകളിൽ 11 സ്ത്രീകൾ ഉൾപ്പെടെ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവെച്ചു കൊന്നിരുന്നു.