മൂന്ന് മിനിറ്റോളമാണ് ചിത്രത്തിൽ മാറ്റങ്ങളുള്ളത്
റീ സെൻസേർഡ് ചെയ്ത എമ്പുരാൻ്റെ പതിപ്പ് ഇന്ന് തിയേറ്ററിൽ എത്തില്ല. സാങ്കേതിക കാരണങ്ങളാലാണ് റീ സെൻസേർഡ് ചെയ്ത പതിപ്പ് എത്താൻ വൈകുന്നത്. വ്യാഴാഴ്ചക്കുള്ളിൽ പുതിയ പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. മൂന്ന് മിനിറ്റോളമാണ് ചിത്രത്തിൽ മാറ്റങ്ങളുള്ളത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ തിരുത്തലുകൾ വരുത്തിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ തിയേറ്ററുടമകൾക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. മൂന്ന് മിനുട്ട് ഭാഗമാണ് ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയത്. 17 വെട്ടുകൾ ഇല്ലെന്നും സൂചനയുണ്ട്.
അതേസമയം, വിവാദങ്ങൾക്കിടയിലും വിദേശ കളക്ഷനിൽ നിന്ന് 10 മില്യൺ ഡോളർ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാൻ. ഈ സന്തോഷം മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ ചിത്രം അഞ്ച് ദിവസങ്ങൾ കൊണ്ടുതന്നെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.
ALSO READ: എമ്പുരാൻ വിവാദം: ഫാസിസത്തേയും ആവിഷ്കാര സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള മുരളി ഗോപിയുടെ പോസ്റ്റ് വൈറൽ
സിനിമകളിൽ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നു എന്ന് ആരോപിച്ച് വലിയ തോതിലുള്ള സൈബർ ആക്രമണമാണ് മോഹന്‍ലാല്‍ അടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ സംഘപരിവാർ ഗ്രൂപ്പുകളില്‍ നിന്ന് നേരിടുന്നത്. ആർഎസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവർത്തകരെയും രൂക്ഷമായി വിമർശിച്ചിരുന്നു.
സൈബർ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രധാന കഥാപാത്രമായ മോഹൻലാൽ തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്ന് നടൻ അറിയിച്ചു. സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കുമെന്നും താരം അറിയിച്ചു. സംവിധായകന്‍ പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയറും ചെയ്തു. എന്നാൽ ചിത്രത്തിൻ്റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.