പിന്നാലെ ചോരയൊലിച്ചു കൊണ്ട് ഒരാള്‍ ഓട്ടോയിലേക്ക് കയറി. ഒരു കുട്ടിയും മറ്റൊരാളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ നടന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഓട്ടോ ഡ്രൈവറാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോറിക്ഷയില്‍ കയറുന്ന സമയത്ത് അത് സെയ്ഫ് അലി ഖാനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഡ്രൈവര്‍ ഭജന്‍ സിംഗ് റാണ പറയുന്നു. മുംബൈ ബാന്ദ്രയിലെ സത്ഗുരു നിവാസിലാണ് സെയ്ഫ് അലി ഖാന്റെ വസതി. അര്‍ധരാത്രി ഇതുവഴി യാദൃശ്ചികമായി എത്തിയതായിരുന്നു ഭജന്‍ സിംഗ് റാണ.
കെട്ടിടത്തിന് മുന്നിലെത്തിയപ്പോള്‍ ഒരു സ്ത്രീ പുറത്തേക്ക് ഓടി വന്ന് ഓട്ടോയ്ക്ക് കൈ കാണിച്ചു. ആകെ പരിഭ്രാന്തയായിരുന്നു ആ സ്ത്രീ. ഓട്ടോ നിര്‍ത്തിയപ്പോള്‍ പെട്ടെന്ന് ആശുപത്രിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ചോരയൊലിച്ചു കൊണ്ട് ഒരാള്‍ ഓട്ടോയിലേക്ക് കയറി. ഒരു കുട്ടിയും മറ്റൊരാളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
സെയ്ഫ് അലി ഖാന്‍ ആണെന്ന് അപ്പോള്‍ മനസ്സിലായില്ല. താനും പരിഭ്രാന്തനായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല, തനിക്കും അപകടം പറ്റുമോ എന്ന് പേടിയുണ്ടായിരുന്നു. വെള്ള ഷര്‍ട്ടായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. അതില്‍ മുഴുവന്‍ രക്തമായിരുന്നു. ഒരു കുട്ടിയും മറ്റൊരു പുരുഷനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഹോളി ഫാമിലി ആശുപത്രിയിലേക്കാണോ ലീലാവതിയിലേക്കാണോ പോകേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ലീലാവതിയിലേക്ക് എത്തിക്കാന്‍ പറഞ്ഞതും സെയ്ഫ് തന്നെയാണ്. ആശുപത്രിയില്‍ എത്തുമ്പോള്‍ പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഓട്ടോയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് താന്‍ സെയ്ഫ് അലി ഖാന്‍ ആണെന്ന് അദ്ദേഹം പറയുന്നത്. വെപ്രാളത്തില്‍ ഓട്ടോ കൂലി പോലും വാങ്ങിയില്ലെന്നും റാണ പറയുന്നു.
അതേസമയം, സെയ്ഫ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കവര്‍ച്ചാ ശ്രമത്തിനിടയില്‍ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞദിവസം, പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. താരത്തിന്റെ നാലുവയസുകാരനായ മകന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പാണ് അക്രമിയെ ആദ്യം കണ്ടത്.