യുഎസിലെ വാഷിങ്ടണ്‍ ഡിസിയിലെ ജോർജ്‌ടൗണ്‍ സർവകലാശാലയിലുള്ള സംവാദത്തിലായിരുന്നു രാഹുലിന്‍റെ പരാമർശം
പ്രധാനമന്ത്രി മോദിയെ വെറുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ വാഷിങ്ടണ്‍ ഡിസിയിലെ ജോർജ്‌ടൗണ്‍ സർവകലാശാലയിലുള്ള സംവാദത്തിലായിരുന്നു രാഹുലിന്‍റെ പരാമർശം. പല അവസരങ്ങളിലും മോദിയോട് സഹതപിച്ചിട്ടുണ്ടെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് പറഞ്ഞു.
"നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം, ഞാന്‍ ശരിക്കും മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളുമായി ഞാന്‍ യോജിക്കുന്നില്ല. പക്ഷെ, ഞാന്‍ അദ്ദേഹത്തെ വെറുക്കുന്നില്ല", രാഹുല്‍ പറഞ്ഞു.
ശരിക്കും പറഞ്ഞാല്‍ പല അവസരങ്ങളിലും അദ്ദേഹത്തോട് സഹതാപം തോന്നിയിട്ടുണ്ട്. പക്ഷേ ശത്രുവായി കാണുന്നില്ല. ഞങ്ങളുടെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തമാണ്. അദ്ദേഹത്തിൻ്റെ പ്രവർത്തികളോട് സഹാനുഭൂതി തോന്നാറുണ്ട്. ശത്രുവായി കാണുന്നതിലും മെച്ചപ്പെട്ട നിലയാണ് ഇതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്. യുഎസ് യാത്രയില്‍ പ്രതിപക്ഷ നേതാവ് നിരവധി സംവാദങ്ങളുടെ ഭാഗമായി. വ്യത്യസ്ത വിഷയങ്ങളെപ്പറ്റി രാഹുല്‍ ഇത്തരം സംവാദങ്ങളില്‍ സംസാരിച്ചു. എന്നാല്‍ രാഹുലിന്‍റെ പ്രസ്താവനകളെ ബിജെപി രൂക്ഷമായി വിമർശിച്ചു. ഇന്ത്യയെ വിദേശത്ത് വെച്ച് അപമാനിച്ചുവെന്നാണ് ഭരണകക്ഷിയുടെ ആരോപണം.
ബിജെപിയുടെ ആശയ കേന്ദ്രമായ ആർഎസ്എസിനെയും രാഹുല്‍ യുഎസ് സംവാദങ്ങളില്‍ വിമർശിച്ചു. ആർഎസ്എസ് ഇന്ത്യയെ ഒരൊറ്റ ആശയമാണ് കാണുന്നത് എന്നാല്‍ കോണ്‍ഗ്രസിന് ഇന്ത്യയെന്നത് ബഹുതലങ്ങളുള്ള ആശയമാണ്. ഇത് പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തത്തെപ്പറ്റിയും രാഹുല്‍ സംസാരിച്ചു. ഭൂരിപക്ഷം ഇന്ത്യന്‍ പുരുഷന്മാരുടെയും സ്ത്രീകളോടുള്ള മനോഭാവം പരിഹാസജനകമാണെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്. ഇതും ബിജെപിയുമായുള്ള ആശയ സമരത്തിന്‍റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. സ്ത്രീകളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുന്നതാണ് ബിജെപി, ആർഎസ്എസ് നയം. അവർ സ്ത്രീകളെ വീട്ടില്‍ ഒതുങ്ങിക്കൂടാനും പാചകം ചെയ്യാനും അധികം സംസാരിക്കാതിരിക്കാനുമാണ് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ (കോണ്‍ഗ്രസ്) സ്ത്രീകളെ സ്വപ്നം കാണാൻ അനുവദിക്കണമെന്ന് വിശ്വസിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
ALSO READ: "ഇത് ജനകീയ മുന്നേറ്റം..."; ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്ക് ബിജെപി ഭയം മാറിയെന്നും ഇത് രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസിന്‍റെയോ വിജയമല്ല ജനങ്ങളുടെ വിജയമാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ തൊഴിലില്ലായ്മയെ ചൈനയുമായി താരതമ്യപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാവ് വിലയിരുത്തിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ ഇന്ത്യയിലും തൊഴിലില്ലായ്മയുണ്ട്. പക്ഷെ ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിശ്ചയമായും തൊഴിലില്ലായ്മ ഉണ്ടാകില്ലെന്നായിരുന്നു രാഹുലിന്‍റെ വിലയിരുത്തല്‍. ഒരു കാലത്ത് യുഎസ് കേന്ദ്രീകരിച്ച് നടന്ന ആഗോള ഉല്‍പ്പാദനം ഇപ്പോള്‍ ചൈനയിലാണ് നടക്കുന്നത് എന്നതാണ് രാഹുല്‍ കാരണമായി ഉയർത്തിക്കാട്ടിയത്. ഇന്ത്യയും മറ്റ് രാജ്യങ്ങളും ഉല്‍പ്പാദനം ചൈനയ്ക്ക് കൈമാറി ഉപഭോഗത്തിലേക്ക് കടന്നു. എന്നാല്‍, ഉല്‍പ്പാദനമാണ് തൊഴില്‍ സൃഷ്ടിക്കുന്നതെന്ന് രാഹുല്‍ ഓർമപ്പെടുത്തി.
അതേസമയം, രാഹുലിന്‍റെ പരാമർശങ്ങളെ ബജെപി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കളങ്കമാണ് രാഹുല്‍ എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. രാഹുല്‍ പക്വതയില്ലാത്ത ഇടക്കാല നേതാവാണെന്ന് എല്ലാവർക്കും അറിയാമെന്ന് ബിജെപിയുടെ ഗൗരവ് ഭാട്ടിയ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയെ ദുർബലപ്പെടുത്തി രാഹുല്‍ ചൈനയെ പിന്തുണയ്ക്കുന്നുവെന്നും ഭാട്ടിയ ആരോപിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുന ഖാർഗെയുടെ പ്രതികരണം.