മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലെന്ന് യുവതിയുടെ അമ്മക്ക് സുകാന്ത് സന്ദേശം അയച്ചുവെന്നും കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സുഹൃത്ത് സുകാന്ത് ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിന് വിധേയമാക്കാൻ വ്യാജ വിവാഹ രേഖകളുണ്ടാക്കി. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറിയെന്നും പൊലീസ് കണ്ടെത്തി.
വ്യാജ വിവാഹക്ഷണക്കത്ത് ഉൾപ്പെടെ ഐബി ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചു. ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് യുവതിയുടെ അമ്മക്ക് സുകാന്ത് സന്ദേശം അയച്ചുവെന്നും കണ്ടെത്തി.
സുകാന്ത് സുരേഷിന് പിഴവ് പറ്റിയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മേഘയുടെ ആത്മഹത്യയില്‍ മറുപടി നല്‍കാന്‍ സുകാന്തിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞിരുന്നു. സുകാന്ത് സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് വിശദീകരണം തേടിയ കോടതി, ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്നും ചോദിച്ചു. സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ അടക്കം വകുപ്പുകള്‍ ചുമത്തിയതായി തിരുവനന്തപുരം പേട്ട പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായിരുന്നു മേഘ. മാർച്ച് 24നാണ് പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കിടന്നിരുന്നത്. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ - കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അര മണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്.