ഏറ്റവും അക്രമ സ്വഭാവമുള്ള ഫാസിസ്റ്റ് കൂട്ടമാണ് സംഘപരിവാർ
ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡിനെതിരെ എം.എ. ബേബി സിപിഐഎം നേതാവ് എം.എ. ബേബി. കേന്ദ്ര ഗവൺമെൻ്റ് കാട്ടാളന്മാരെ പോലെയാണ് പെരുമാറുന്നത്. കരാള ദംഷ്ട്രങ്ങൾ പുറത്ത് വരുന്ന രീതിയിലാണ് പെരുമാറ്റം. അവരുടെ കൈയിൽ പുരണ്ടിരിക്കുന്ന രക്തം ഗുജറാത്ത് കൂട്ടക്കൊലയുടേത് മാത്രമല്ല ഗാന്ധിജിയുടേത് കൂടി. ഏറ്റവും അക്രമ സ്വഭാവമുള്ള ഫാസിസ്റ്റ് കൂട്ടമാണ് സംഘപരിവാർ.
ചരിത്രപരമായ വസ്തുത അടിസ്ഥാനമാക്കി ഒരു കലാസൃഷ്ടിയിലൂടെ വിമർശിച്ചാൽ നിങ്ങളെ തവിടു പൊടിയാക്കും എന്നാണ് ഇഡിയെ ഉപയോഗിച്ചുള്ള നടപടികളിലൂടെ തെളിയുന്നത്. ഇത് അസാധാരണ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് രാജ്യത്തുള്ളത്. ഭയത്തിൽ നിന്നാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്നും എം.എ. ബേബി പറഞ്ഞു.
ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ നിന്ന് പണവും രേഖകളും പിടിച്ചെടുത്തത്. മൂന്ന് കോടിയോളം രൂപയാണ് ഇഡി പിടിച്ചെടുത്തത്. ഗോകുലത്തിന്റെ വിവിധ ഓഫീസുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി പരിശോധനകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ഹെഡ് ഓഫീസുകളിലാണ് പരിശോധന നടന്നത്. ഇന്ന് ബ്രാഞ്ച് ഓഫീസുകളിലടക്കമായിരുന്നു പരിശോധന. ഗോകുലം ഗോപാലനെയും ഇഡി ചെയ്തിരുന്നു.
ഫെമ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന. ഗോകുലം കഴിഞ്ഞ ആറ് മാസമായി നിരീക്ഷണത്തിലായിരുന്നെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ ദിവസവും ഗോകുലം ഗോപാലനെ ഇഡി കോഴിക്കോട് നിന്ന് ചോദ്യം ചെയ്തിരുന്നു.