മേഘയുടെ സുഹൃത്ത് സുകാന്തിനെതിരെ തെളിവുകൾ ഹാജരാക്കിയതായും പിതാവ് അറിയിച്ചു
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് നൽകിയതായി പിതാവ് മധുസൂദനൻ. മേഘ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും അതിന്റെ തെളിവുകൾ പൊലീസിന് നൽകിയതായും മധുസൂദനൻ പറഞ്ഞു. മേഘയുടെ സുഹൃത്ത് സുകാന്തിനെതിരെ തെളിവുകൾ ഹാജരാക്കിയതായും പിതാവ് അറിയിച്ചു.
നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് മധുസൂദനൻ അറിയിച്ചു. പേട്ട സിഐ ആത്മാർത്ഥമായിട്ടാണ് കേസ് അന്വേഷിക്കുന്നത്. സുകാന്തിന്റെ പ്രേരണ മൂലമാണ് മേഘ ആത്മഹത്യ ചെയ്തത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതി രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയത് മകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരമറിയാനാണെന്നും മധുസൂദനൻ വ്യക്തമാക്കി. സുകാന്ത് മേഘയിൽ നിന്നും പണം തട്ടിയതിന്റെ ബാങ്ക് രേഖകൾ ഹാജരാക്കിയതായും ഇതു പ്രകാരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.
കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷാണ് മേഘയുടെ മരണത്തിന് കാരണമെന്നാണ് മധുസൂദനന്റെ അരോപണം. മേഘയുടെ മരണ വാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയ സുകാന്തിനെ ഐബി ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിച്ചത്. തൊട്ടടുത്ത ദിവസം ഇയാൾ ഒളിവിലും പോയി. ഇയാൾ കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനാണ്. സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണെന്നും മേഘയുടെ പിതാവ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
Also Read: ജപ്‌തിയിൽ മനംനൊന്ത് ജീവനൊടുക്കി; മരിച്ചത് പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ
മാർച്ച് 24നായിരുന്നു പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 കാരിയായ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ ഇവിടേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്. സംഭവത്തിന് പിന്നാലെ ഇൻ്റലിജൻസ് ബ്യൂറോ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയാണ് മേഘ.