വീടിനു സമീപത്തെ അരുവിയില്‍ പതിവുപോലെ കുളിക്കാന്‍ പോയപ്പോഴാണ് ഒറ്റയാന്‍ സോഫിയയെ ആക്രമിച്ചത്.
ഇടുക്കി കൊമ്പുകുത്തി ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച സോഫിയ കാട്ടാനപ്പേടിയെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിവരിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്. കാട്ടാനകളെയും പുലിയെയും ഭയന്നാണ് ജീവിക്കുന്നതെന്ന് കാട്ടാന ആക്രമണത്തില്‍ മരിച്ച സോഫിയയുടെ വാക്കുകളില്‍ വ്യക്തം. പുലര്‍ച്ചെ വരെ നീണ്ട പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവില്‍ ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയ ഉറപ്പിന്മേലാണ് സോഫിയയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ സ്ഥലത്തുനിന്ന് നീക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്.
ഭിന്നശേഷിക്കാരിയായ മകളുടെ ക്ഷേമം അന്വേഷിക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പേ വീട്ടില്‍ എത്തിയ ബ്ലോക്ക് റിസര്‍ച്ച് സെന്റര്‍ ജീവനക്കാരോടാണ് സോഫിയയും കുടുംബവും പ്രദേശത്തെ വന്യമൃഗങ്ങളുടെ ശല്യം വിവരിക്കുന്നത്. വാക്കുകള്‍ അറംപറ്റിയതുപോലെ സോഫിയയുടെ ജീവന്‍ കാട്ടാന ഇന്നലെ കവര്‍ന്നു.
Also Read: അടങ്ങാത്ത കാട്ടാനക്കലി; തിരുവനന്തപുരത്തും മരണം; മൂന്ന് ജില്ലകളില്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍
വീടിനു സമീപത്തെ അരുവിയില്‍ പതിവുപോലെ കുളിക്കാന്‍ പോയപ്പോഴാണ് ഒറ്റയാന്‍ സോഫിയയെ ആക്രമിച്ചത്. കുളിച്ച് മടങ്ങിവരാന്‍ വൈകിയതോടെ കുടുംബം അന്വേഷിച്ചെത്തുമ്പോഴാണ് മൃതദേഹം കണ്ടത്. 300 മീറ്റര്‍ അകലെ ചിന്നം വിളിച്ചുനിന്ന ഒറ്റയാനെ പിന്നീട് തുരത്തുകയായിരുന്നു. രണ്ട് പാറക്കല്ലുകള്‍ക്ക് നടുവിലായി ഞെരിഞ്ഞമര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെ വലിയ പ്രതിഷേധം തീര്‍ത്തു.
പുലര്‍ച്ചെ ഒരു മണിയോടെ ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരിയും ഇടുക്കി സബ് കളക്ടറും സ്ഥലത്തെത്തി ഉറപ്പുകള്‍ നല്‍കി. സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മകള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി ശുപാര്‍ശ നല്‍കുമെന്നും തോട്ടങ്ങളിലെ അടിക്കാട് തെളിക്കാന്‍ ഉടമയോട് നിര്‍ദേശിക്കുമെന്ന ഉറപ്പുകളിലാണ് നാട്ടുകാര്‍ പിന്നീട് പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ മൃതദേഹം പെരുവന്തനത്തെ മുണ്ടക്കയം മിഷന്‍ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അഞ്ചു ദിവസത്തിനിടെ രണ്ടുപേരെയാണ് ഇടുക്കി ജില്ലയില്‍ കാട്ടാന ആക്രമിച്ചു കൊന്നത്.