"മന്ത്രി പങ്കെടുത്ത തദ്ദേശ അദാലത്തിന്റെ മറവിലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ച ബോട്ട് ക്ലബിന് പ്രവർത്തിക്കാൻ അനുവദിച്ചത്"
തൃശൂർ ചെറുതുരുത്തി നിള ബോട്ട് ക്ലബിന്റെ അനധികൃത പ്രവർത്തനത്തിൽ തദ്ദേശ വകുപ്പ് മന്ത്രിക്കും പങ്കെന്ന് ആരോപണം. തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ബോട്ട് ക്ലബിനായി നിയമ വിരുദ്ധമായി ഇടപെട്ടുവെന്ന് പരിസ്ഥിതി പ്രവർത്തകൻ കെ.കെ. ദേവദാസ് ആരോപിച്ചു.
മന്ത്രി പങ്കെടുത്ത തദ്ദേശ അദാലത്തിന്റെ മറവിലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ച ബോട്ട് ക്ലബിന് പ്രവർത്തിക്കാൻ അനുവദിച്ചത്. നദീ സംരക്ഷണ നിയമത്തെ അട്ടിമറിച്ച് നദി മലിനപ്പെടുത്തിയും അപകടകരമായ വിധത്തിലുമാണ് ഭാരതപ്പുഴയിൽ ബോട്ടിംഗ് നടക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയില്ലാതെ അനധികൃതമായി പ്രവർത്തനങ്ങൾ നടക്കില്ലെന്നും ദേവദാസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
നിള ബോട്ട് ക്ലബ് സിപിഎമ്മിന്റെ ബിനാമി സ്ഥാപനമെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഉന്നത സിപിഎം നേതാക്കൾ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ബോട്ട് ക്ലബിനെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.ടി. അബ്ദുൾ സലീം ആരോപിച്ചു. ബോട്ട് ക്ലബ് ഉടമ മാത്രം വിചാരിച്ചാൽ നിയമ വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാകില്ല. കെ. രാധാകൃഷ്ണൻ എംപി അടക്കമുള്ളവർ നിള ബോട്ട് ക്ലബിലെത്തിയതും വഞ്ചായാത്ര നടത്തിയതും ഇതിന് തെളിവാണ്. നേതാക്കളുടെ പിന്തുണയോടെ നടക്കുന്ന സ്ഥാപനം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
അതേസമയം, റവന്യൂ വകുപ്പും കൃഷി വകുപ്പും അനുമതി നിഷേധിച്ച നിള ബോട്ട് ക്ലബിന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് ചെറുതുരുത്തി സിപിഐ ലോക്കൽ സെക്രട്ടറി മൊയ്ദീൻ കുട്ടി രംഗത്തെത്തി. സർക്കാർ അനുമതികൾ നിഷേധിച്ച സ്ഥാപനം പ്രവർത്തിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് മൊയ്തീൻ കുട്ടിയുടെ വാദം.