ബ്ലോക്ക് പഞ്ചായത്ത് അംഗം സുജന്യ ഗോപി, ചെങ്ങന്നൂർ സ്വദേശി സലീഷ് മോൻ എന്നിവരാണ് അറസ്റ്റിലായത്
കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന കേസിൽ ആലപ്പുഴയിൽ ബിജെപി നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സുജന്യ ഗോപി, ചെങ്ങന്നൂർ സ്വദേശി സലീഷ് മോൻ എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ വാഴാർമംഗലം കണ്ടത്തുംകുഴിയിൽ വിനോദ് എബ്രഹാമിൻ്റെ പരാതിയിലാണ് നടപടി. അറസ്റ്റിലായ സുജന്യ ഗോപിയെ ബിജെപിയിൽ നിന്ന് പുറത്താക്കി. സുജന്യയോട് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജി വെയ്ക്കാനും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
മാർച്ച് 14ന് രാത്രിയാണ് വിനോദ് എബ്രഹാമിൻ്റെ എടിഎം കാർഡ് നഷ്ടമായത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടുവിട്ട ശേഷം വീട്ടിലേക്ക് തിരികെ എത്തുംവഴിയാണ് വിനോദിന് എടിഎം കാർഡ് വച്ചിരുന്ന പേഴ്സ് നഷ്ടപ്പെട്ടത്. എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി ബാങ്കിന്റെ മെസേജ് ലഭിച്ചതിനെ തുടർന്നാണ് ചെങ്ങന്നൂർ പൊലീസിൽ വിനോദ് പരാതി നൽകിയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജെപിയുടെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം വനവാതുക്കര തോണ്ടറപ്പടിയിൽ വലിയ കോവിലാൽ വീട്ടിൽ സുജന്യ ഗോപി (42), കല്ലിശ്ശേരി ലക്ഷ്മി നിവാസിൽ സലീഷ് മോൻ (46) എന്നിവർ പിടിയിലായത്.
Also Read: പട്ടികജാതി ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ; ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന് പരാതി
എടിഎം കാർഡിനൊപ്പം എഴുതി സൂക്ഷിച്ച പിൻ നമ്പർ ഉപയോഗിച്ചാണ് ഇവർ 25000 രൂപ തട്ടിയെടുത്തത്. സലീഷ് മോനാണ് എടിഎം കാർഡ് കളഞ്ഞുകിട്ടിയത്. ഈ വിവരം സുജന്യ ഗോപിയെ അറിയിക്കുകയായിരുന്നു. ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎമ്മിൽ നിന്നാണ് ഇവർ പണം പിൻവലിച്ചത്. സലീഷിന്റെ ഇരുചക്ര വാഹനത്തിലായിരുന്നു ഇവരുടെ യാത്ര. സിസിടിവിയിൽ നിന്ന് ഈ വണ്ടിയുടെ നമ്പർ ലഭിച്ചതോടെയാണ് സലീഷ് അറസ്റ്റിലാകുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഒപ്പമുള്ളതായി സലീഷ് വെളിപ്പെടുത്തുകയായിരുന്നു. ബിഎൻഎസ് 314, 303 വകുപ്പുകൾ പ്രകാരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.