ഹൗലിഹാൻ ലോക്കിയുടെ സ്റ്റഡി അനുസരിച്ച് ലീഗിൻ്റെ 2024 ഐപിഎൽ സീസണിലെ ബ്രാൻഡ് മൂല്യം ഏകദേശം 29,440 കോടിയോളം ഇന്ത്യൻ രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മേൽത്തട്ടിലേക്ക് സിക്സറുകൾ പറന്നിറങ്ങിയ ഐപിഎല്ലിൻ്റെ ഒന്നാമത്തെ ജന്മദിനം ആർക്കാണ് മറക്കാനാകുക. ഈ വരുന്ന മാർച്ച് 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൻ്റെ ആകാശത്ത് വെടിക്കെട്ട് നടക്കുമ്പോൾ നമ്മളറിയും ഇന്ത്യൻ പ്രീമിയർ ലീഗിനും പ്രായപൂർത്തിയായെന്ന്. 2025 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കുന്ന ലോകത്തെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗിൻ്റെ പതിനെട്ടാം പതിപ്പിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് പ്രവേശിപ്പിക്കുമ്പോൾ... കാലമെത്ര വേഗമാണ് കടന്നുപോകുന്നതെന്നാണ് കടുത്ത ആരാധകരെല്ലാം ആശ്ചര്യപ്പെടുന്നത്.
ആദ്യമൊക്കെ കടുത്ത ഭാഷയിൽ വിമർശിച്ചവർ പോലും ഇന്ന് ഐപിഎല്ലിൻ്റെ ഡൈ ഹാർഡ് ഫാൻസായി മാറിയിരിക്കുന്നു. ക്രിക്കറ്റിലെ ആരാധകരുടെ എണ്ണത്തിലും ചില രസകരമായ സവിശേഷതകളുണ്ട്. ഐപിഎൽ കാണുന്ന മൊത്തം പ്രേക്ഷകരുടെ 43 ശതമാനവും സ്ത്രീകളാണ്. ഓരോ ഐപിഎൽ സീസൺ ആരംഭിക്കുമ്പോഴേക്കും ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകർ തങ്ങളുടെ കലണ്ടറുകളിൽ ഇഷ്ട ടീമുകളുടെ മത്സരങ്ങൾ മാർക്ക് ചെയ്തു തുടങ്ങിയിരിക്കും.
സ്പോർട്സ്, എൻ്റർടെയ്ൻമെൻ്റ്, ബിസിനസ് എന്നീ മൂന്ന് മേഖലകളുടെ സമഞ്ജസമായ സമ്മേളനമാണ് ഇന്ത്യൻ പ്രീമിയർ ലീഗിനെ വേറിട്ടതാക്കുന്നത്. ഒന്ന് മറ്റൊന്നിന് മേൽ മുഴച്ചുനിൽക്കാതെ കൊണ്ടുപോകാൻ സംഘാടകർക്ക് സാധിക്കുന്നുവെന്നത് ചില്ലറ കാര്യമല്ല. കഴിഞ്ഞ 17 വർഷവും ഐപിഎൽ സംഘാടകർ കയ്യടി അർഹിക്കുന്നത്... ഇതുകൊണ്ട് ഒക്കെയാണ്.
കാലമെത്ര കഴിഞ്ഞാലും സ്ഥിരത തന്നെയാണ് ഐപിഎല്ലിനെ ശ്രദ്ധേയമാക്കുന്നത്. മാറിമാറി വന്ന സർക്കാരുകൾ, സാമ്പത്തിക മാന്ദ്യം, കോവിഡ് മഹാമാരി എന്നിവയ്ക്കൊന്നും കുട്ടിക്രിക്കറ്റിൻ്റെ ആവേശം കെടുത്താനായില്ലെന്നതാണ് വാസ്തവം. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ റിലീസ് പോലും ഐപിഎൽ സീസണിൽ നിന്ന് മാറ്റിവെപ്പിക്കാൻ കഴിഞ്ഞത് ചില്ലറ കാര്യമല്ല. രാജ്യത്തെ മറ്റൊരു സാംസ്കാരിക രൂപത്തിനും സാധിക്കാത്ത വിധം രാജ്യത്തെയപ്പാടെ ക്രിക്കറ്റിലൂടെ ഒരുമിപ്പിക്കാൻ ഐപിഎല്ലിനാകുന്നുണ്ട്. ഇങ്ങ് കേരളത്തിൽ വേനൽ കത്തിക്കയറുമ്പോൾ തന്നെയാണ് ഐപിഎൽ ആരാധകരുടെ ആവേശച്ചൂടും ജ്വലിച്ചുയരുന്നത്.
ALSO READ: "ഡ്രസിങ് റൂമിൽ കുടുംബാംഗങ്ങളെ കയറ്റരുത്"; ഇക്കുറി ഐപിഎൽ താരങ്ങൾക്ക് കൂടുതൽ നിയന്ത്രണം
ഐപിഎല്ലിനെ മറ്റൊരു തരത്തിൽ വിമർശന വിധേയമായി സമീപിക്കുന്നവരുമുണ്ട്. ക്രിക്കറ്റിലൂടെ സാധ്യമായതെന്തും വിറ്റഴിക്കാനുള്ള ഉപാധിയാണ് ഐപിഎൽ എന്നാണ് പ്രധാന വിമർശനം. ലോകത്തെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഈ ലീഗിന് പരസ്യങ്ങളിലൂടെ മാത്രം ലഭിക്കുന്നത് കോടികളാണ്. കളിക്കാരുടെ ജേഴ്സി, ഗ്രൗണ്ടിലേയും ഗ്യാലറിയിലേയും കൂറ്റൻ ഡിജിറ്റൽ പരസ്യ ബോർഡുകൾ എന്നിങ്ങനെ തുടങ്ങി... തൊട്ടതിനും പിടിച്ചതിനുമൊക്കെ ബിസിസിഐക്ക് പണം ലഭിക്കുന്ന അമൃതകുംഭമാണ് ഐപിഎൽ. ഈ കാമധേനുവിനെ അവർ പരമാവധി പിഴിഞ്ഞൂറ്റിയെടുക്കുന്നുമുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ജനപ്രീതി സാമ്പത്തികമായ കണക്കുകളുടെ അടിസ്ഥാനത്തിൽ എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയും. ഹൗലിഹാൻ ലോക്കിയുടെ സ്റ്റഡി അനുസരിച്ച് ലീഗിൻ്റെ 2024 ഐപിഎൽ സീസണിലെ ബ്രാൻഡ് മൂല്യം 3.4 ബില്യൺ ഡോളറായി (29,440 കോടിയോളം ഇന്ത്യൻ രൂപ) കണക്കാക്കപ്പെടുന്നു. അതേസമയം ഐപിഎല്ലിൻ്റെ മൊത്തം മൂല്യം 16.4 ബില്യൺ ഡോളറായും ഉയർന്നു.
2022ലെ അവസാന ടീം ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 940 മില്യൺ യുഎസ് ഡോളറിനാണ് (8,138 കോടി ഇന്ത്യൻ രൂപ) ലീഗിലേക്ക് കൊണ്ടുവന്നത്. ഇതാകട്ടെ ഉദ്ഘാടന പതിപ്പിലെ എല്ലാ ഫ്രാഞ്ചൈസികളുടെയും ആകെ വിലയേക്കാൾ ഏകദേശം 200 മില്യൺ ഡോളർ കൂടുതലാണ്. ഐപിഎല്ലിലെ ഏറ്റവും ചെലവേറിയ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണ് . 1.3 ബില്യൺ ഡോളറാണ് (11,253 കോടി ഇന്ത്യൻ രൂപ) അംബാനി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ടീമിൻ്റെ മതിപ്പ് വില. ഇത് ലയണൽ മെസ്സി കളിക്കുന്ന ഫുട്ബോൾ ക്ലബ്ബ് ഇൻ്റർ മയാമി എഫ്‌സിയെക്കാൾ വളരെ കൂടുതലാണ്. ജസ്പ്രീത് ബുംറ 10 ആഴ്ചത്തേക്ക് കളിക്കുന്ന ഐപിഎൽ, ലയണൽ മെസ്സി വർഷത്തിൽ പത്ത് മാസം കളിക്കുന്ന എംഎൽഎസിനേക്കാൾ ചെലവേറിയതാണെന്ന് ചുരുക്കം!
ALSO READ: ഐപിഎല്ലിൽ ഈ സീസൺ മുതൽ ടീമുകളുടെ പരിശീലനത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ
അമേരിക്കൻ റഗ്ബി ലീഗായ നാഷണൽ ഫുട്ബോൾ ലീഗും (NFL) ഇംഗ്ലീഷ് പ്രീമിയർ ലീഗും കഴിഞ്ഞാൽ ടെലിവിഷൻ സംപ്രേഷണത്തിലൂടെ ലോകത്ത് ഏറ്റവും പണം വാരുന്ന മൂന്നാമത്തെ കായിക ഇനമാണ് ഐപിഎൽ. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2023 മുതൽ 2027 വരെയുള്ള ബ്രോഡ്കാസ്റ്റിങ് അവകാശങ്ങൾ പ്രതിവർഷം 6.1 ബില്യൺ യുഎസ് ഡോളറിനാണ് വിറ്റഴിച്ചത്. NFLൻ്റെ വാർഷിക സംക്ഷേപണ വരുമാനം (പ്രതിവർഷം 10 ബില്യൺ ഡോളർ), ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഏകദേശം 6.9 ബില്യൺ ഡോളർ), യുഎസിലെ ബാസ്ക്കറ്റ്ബോൾ ലീഗായ NBA (2.7 ബില്യൺ ഡോളർ) തുടങ്ങിയ മുൻനിര ലീഗുകൾക്ക് ഒപ്പമാണ് ഐപിഎല്ലിൻ്റേയും സ്ഥാനം. ആദ്യ പത്ത് പതിപ്പുകൾ സംപ്രേഷണം ചെയ്യാൻ സോണി നൽകിയ തുകയേക്കാൾ (ഒരു ബില്യൺ ഡോളർ) ആറ് ഇരട്ടിയാണിത്.
അത്ഭുതകരമായ കാര്യം എന്തെന്നാൽ NFL NBA, EPL പോലെയൊന്നും ക്രിക്കറ്റിന് ആഗോളതലത്തിൽ വലിയ സ്വാധീനമില്ലെന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. ഇന്ത്യക്ക് പുറത്തോ മറ്റു ക്രിക്കറ്റ് രാജ്യങ്ങളിലോ ഒഴികെ ഐപിഎല്ലിന് വലിയ സ്വാധീനമില്ല എന്നതാണ്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരായ പ്രവാസികളൊഴികെ ക്രിക്കറ്റിന് താൽപ്പര്യമുള്ളവർ വളരെ കുറവുമാണ്. അതേസമയം, സാമ്പത്തിക കാര്യങ്ങളിലേക്ക് വരുമ്പോൾ ഐപിഎല്ലിൽ ഒഴുകുന്ന പണത്തിൻ്റെ കണക്കുകൾ വളരെ വലുതാണ്. ഐപിഎല്ലിനായി മത്സരിക്കുന്ന പരസ്യദാതാക്കളുടെ ശ്രേണി വളരെ വലുതും വൈവിധ്യപൂർണവുമാണ്.
ഐപിഎൽ കാലത്ത് ടെലിവിഷനിൽ 10 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് 18-19 ലക്ഷം രൂപ ചിലവാകും. സോഫ്റ്റ് ഡ്രിങ്ക്, സ്‌പോർട്‌സ് ഷൂ, പാൽ, സ്ത്രീകളുടെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, പാചക എണ്ണ, മൾട്ടിവിറ്റാമിൻ ടാബ്‌ലെറ്റുകൾ തുടങ്ങി പലവിധം പരസ്യങ്ങളാണ് ക്രിക്കറ്റ് മത്സരത്തിനിടെ കാണിക്കുന്നത്. 43 ശതമാനം സ്ത്രീ പ്രേക്ഷകർ ഐപിഎല്ലിന് ഉണ്ടെന്നത് അതിൻ്റെ മാർക്കറ്റിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
അതൊടൊപ്പം വിദേശത്ത് നിന്ന് വൻതോതിൽ നിക്ഷേപങ്ങൾ ഐപിഎല്ലിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. അടുത്തിടെ അമേരിക്കൻ കമ്പനികളും ഐപിഎല്ലിൽ നിക്ഷേപം നടത്താൻ തുടങ്ങിയിട്ടുണ്ട്. ലിവർപൂളിലും എസി മിലാനിലും ഓഹരികളുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനമായ റെഡ്ബേർഡ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ്, അടുത്തിടെ രാജസ്ഥാൻ റോയൽസിൻ്റെ 15 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് പിന്നാലെ മറ്റൊരു വൻകിട സൗദി അറേബ്യൻ കമ്പനിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കണ്ണുവെച്ച് തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോ വൈകാതെ ഐപിഎല്ലിൽ വൻനിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.