fbwpx
IMPACT: റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കാൻ പ്രധാനമന്ത്രിയെ കാണുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Aug, 2024 01:03 PM

വിഷയത്തിൽ സജീവമായ ഇടപെടലുകൾ നടത്തുമെന്നും വി.കെ. ശ്രീകണ്ഠൻ ന്യൂസ് മലയാളത്തോട് പറഞ്ഞു

KERALA


റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിട്ട് വിവരം ധരിപ്പിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. പാർലമെൻ്റ് സമ്മേളനത്തിന് മുൻപ് തന്നെ വിദേശകാര്യ മന്ത്രിയേയും നേരിൽ കണ്ട് പരാതി അറിയിക്കും. കുടുങ്ങിക്കിടക്കുന്നവരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ കേന്ദ്ര ഗവൺമെന്റ് ഇടപെടണം, നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കണം. വിഷയത്തിൽ സജീവമായ ഇടപെടലുകൾ നടത്തുമെന്നും വി.കെ. ശ്രീകണ്ഠൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

READ MORE: IMPACT: റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് പ്രവാസികാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു. അഞ്ച് മലയാളികൾ റഷ്യയിൽ താമസിക്കുന്നത് അപകടകരമായ സാഹചര്യങ്ങളിലാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അദ്ദേഹത്തിൻ്റെ മണ്ഡലത്തിലെ പ്രശ്നത്തിൽ ഇടപെടണം. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളി യുവാക്കൾ ജാഗ്രത പാലിക്കണം. റഷ്യയിൽ മാത്രമല്ല വിവിധ രാജ്യങ്ങളിൽ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നും കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.

തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ മൃതദേഹം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

READ MORE: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

അതേസമയം, സന്ദീപിനൊപ്പം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ തിരികെ നാട്ടിലെത്താൻ സഹായം അഭ്യർഥിക്കുകയാണ്. ജോലി തേടി എത്തിയപ്പോൾ ചതിക്കപ്പെട്ടതോടെയാണ് സൈന്യത്തിൽ ചേരേണ്ടിവന്നതെന്നും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

റഷ്യ-യുക്രെയ്ൻ യുദ്ധമാരംഭിച്ച ശേഷം ഒൻപത് ഇന്ത്യക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടും ബാക്കിയുള്ളവരെ തിരികെയെത്തിക്കാനുള്ള യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണത്തിൽ അനധികൃത ഏജൻ്റുമാരെ തിരിച്ചറിഞ്ഞതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

READ MORE: EXCLUSIVE | ജോലി തേടിയെത്തിയവര്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി; യുദ്ധമുഖത്ത് നിന്നും സഹായമഭ്യര്‍ത്ഥിച്ച് മലയാളികൾ

ചെറിയ മുതൽ മുടക്കിൽ റഷ്യയിലൊരു ജോലി, പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ഏജന്റുമാരുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് റഷ്യയിൽ എത്തിപ്പെട്ട ആളുകൾ നിരവധിയാണ്. എന്നാൽ, പൗരത്വം ഉറപ്പാക്കാനും ജോലി ലഭിക്കാനും സൈന്യത്തിൽ ചേരേണ്ടിവന്നരാണ് ചതിക്കപ്പെട്ടവരിലേറെയും. മറുനാട്ടിലെത്തുമ്പോൾ അപകടം തിരിച്ചറിഞ്ഞിട്ടും, നാട്ടിലെ പ്രാരാബ്ദങ്ങളിൽ നിന്ന് രക്ഷപെടുമെന്ന ചിന്തയിലാണ് പലരും സൈന്യത്തിനൊപ്പം ജോലി ചെയ്യാൻ തീരുമാനിക്കുന്നത്. എന്നാൽ ചെറുകിട ജോലികൾക്കെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യപ്പെടുന്നവരെ പിന്നീട് പരിശീലനം നൽകി പട്ടാളക്കാരായി മാറ്റുകയാണ് ചെയ്യുന്നത്.

READ MORE: ഉഭയകക്ഷി ചർച്ച പൂർത്തിയായിട്ട് മാസങ്ങൾ; റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ മോചനം ഇന്നും അനിശ്ചിതത്വത്തിൽ




Also Read
user
Share This

Popular

KERALA
KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ