ഏറ്റവും ക്രൂരമായ വംശീയ അടിച്ചമർത്തലുകള്‍ക്ക് ഇരകളായ ജനവിഭാഗമാണ് ഇപ്പോഴും അതിൽനിന്നു കരകയറാനാകാതെ തുടരുന്നത്
അമേരിക്കയിലെ കറുത്ത വംശജരായ സ്ത്രീകൾ ഇപ്പോഴും കൊടിയ വിവേചനം നേരിടുകയാണെന്ന് പുതിയ റിപ്പോർട്ട്. ഏറ്റവും ക്രൂരമായ വംശീയ അടിച്ചമർത്തലുകള്‍ക്ക് ഇരകളായ ജനവിഭാഗമാണ് ഇപ്പോഴും അതിൽ നിന്ന് കരകയറാനാകാതെ തുടരുന്നത്. ആരോഗ്യ അവകാശങ്ങളിൽ വരെയുള്ള അസമത്വം മൂലം മരണമുഖത്ത് പോലും കറുത്തവർഗക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്.
2022, ഓഗസ്റ്റ് 19നാണ് അമേരിക്കയിലെ അറ്റ്ലാന്‍റയിലെ ആശുപത്രിയില്‍ വെച്ച് ഗർഭപാത്ര അണുബാധയെ തുടർന്ന് ആംബർ നിക്കോൾ തുർമാൻ എന്ന 28കാരി മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് പ്രവേശിപ്പിച്ച ആംബർ വേദനകൊണ്ട് പുളയുന്ന അവസ്ഥയുണ്ടായിട്ടും ചികിത്സ നല്‍കാന്‍ 20 മണിക്കൂർ ഡോക്ടമാർ മടിച്ചു. ഒടുവില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തപ്പോഴേക്കും, ആറ് വയസുകാരന്‍റെ അമ്മ കൂടിയായിരുന്ന ആംബർ മരണത്തിന് കീഴടങ്ങി.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം, നവംബർ 12ന് മൂന്ന് മക്കളുടെ അമ്മയും 41കാരിയുമായ കാൻഡി മില്ലറും ഇതേ വിധിയോട് തോറ്റു വിടവാങ്ങി. ആശുപത്രിയില്‍ പോയാലുള്ള പ്രത്യാഘാതങ്ങളെ ഭയന്ന കാന്‍ഡി, ജോർജിയയിലെ വീട്ടില്‍ ദിവസങ്ങള്‍ വേദന തിന്ന് കഴിഞ്ഞു. ഒടുവില്‍ സെപ്സിസ് എന്ന വേദനാജനകമായ അവസ്ഥയിലൂടെ മരണം.
ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതിന് ശേഷമുണ്ടായ സങ്കീർണതകളെ തുടർന്നായിരുന്നു ഇരുവരുടെയും മരണം. മരുന്നുകള്‍ ഉപയോഗിച്ചുള്ള ഗർഭഛിദ്രം പൂർണമാവാതെ വരുമ്പോള്‍ ചെയ്യേണ്ട, ഡി&സി എന്ന അടിയന്തര ശസ്ത്രക്രിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയത് കൊണ്ടുണ്ടായ ഒഴിവാക്കാമായിരുന്ന മരണങ്ങളാണിത്. അമേരിക്കയിലെ കറുത്ത വംശജരായ സ്ത്രീകള്‍ പ്രത്യുൽപാദന ആരോഗ്യ സംരക്ഷണത്തില്‍ നേരിടുന്ന വിവേചനത്തിന്‍റെ ഇരകളായിരുന്നു ഇരുവരും.
യുഎസിലെ സ്ത്രീ ജനസംഖ്യയുടെ 13% മാത്രമാണ് കറുത്ത വർഗക്കാരെങ്കിലും, ഗർഭഛിദ്രങ്ങളുടെ നിരക്കില്‍ 41.5% ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. വെള്ളക്കാരായ സ്ത്രീകളുമായുള്ള താരതമ്യത്തില്‍, ഗർഭധാരണം-പ്രസവം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണതകളില്‍ മരിക്കാൻ മൂന്നിരട്ടി സാധ്യതയാണ് അവർക്കുള്ളത്. ജനസംഖ്യയുടെ 31% വരുന്ന കറുത്ത വർഗക്കാരുള്ള ജോർജിയ, യുഎസിലെ മാതൃ-ശിശു മരണനിരക്കില്‍ എട്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഗർഭച്ഛിദ്ര അവകാശങ്ങള്‍ക്ക് അപ്പുറം, ആരോഗ്യ സംരക്ഷണ ദാതാക്കളിൽ നിന്നുള്ള പക്ഷപാതപരമായ സമീപനം, ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളുടെ അഭാവം, എന്നിങ്ങനെ 2022ന് മുമ്പും വ്യവസ്ഥാപിതമായ വംശീയ വിവേചനത്തിന് ഇരകളായിരുന്നു അമേരിക്കയിലെ കറുത്ത വംശജരായ സ്ത്രീകള്‍. എന്നാല്‍ 2022 ഓടെ മനപൂർവമുള്ള ചികിത്സാ നിഷേധത്തിന് പോലും നിയമപരമായ പഴുതുകള്‍ ഉണ്ടായിരിക്കുന്നു എന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ചരിത്ര അധ്യാപികയായ ലിയ റൈറ്റ് റിഗ്യൂർ പറയുന്നു.
ഇതോടെ കറുത്ത സ്ത്രീകളെ ബാധിക്കുന്ന പ്രത്യുൽപ്പാദന ആരോഗ്യ അസമത്വങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് നവംബറിലെ തെരഞ്ഞെടുപ്പും വേദിയാക്കാനൊരുങ്ങുകയാണ് മനുഷ്യാവകാശ സംഘടനകള്‍. മാർച്ച് മുതൽ എട്ട് സംഘടനകളുടെ ദേശീയ കൂട്ടായ്മയായ 'ഇൻ ഔർ ഓൺ വോയ്സ്', തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 12 പ്രധാനപ്പെട്ട സ്റ്റേറ്റുകളില്‍ ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തെക്കുറിച്ചും പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചും പ്രചരണം നടത്തിവരികയാണ്. നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പില്‍ പ്രത്യുത്പാദന അവകാശത്തെ അനുകൂലിച്ചുകൊണ്ട് വോട്ടർമാർ അടുത്ത പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്നും അവർ കരുതുന്നു.