ഇസ്രയേലിലെ നോവ ഫെസ്റ്റിവൽ നടന്ന പ്രദേശത്ത് ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൻ്റെ വാർഷികത്തിനോടനുബന്ധിച്ച് ലോകമെങ്ങും പലസ്തീൻ അനുകൂല മാർച്ചുകൾ. ആയിരക്കണക്കിന് പേരാണ് പലസ്തീൻ അനുകൂല മുദ്രാവാക്യവുമായി തെരുവിലിറങ്ങുന്നത്. ഇസ്രയേല്‍ ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പാരിസിലും ആയിരങ്ങൾ തെരുവിലിറങ്ങി.
ഇസ്രയേലിലെ നോവ ഫെസ്റ്റിവൽ നടന്ന പ്രദേശത്ത് ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി. ഹമാസ് ആക്രമണത്തിന് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് കുടുംബങ്ങൾ ഒത്തുചേർന്ന് ദുഃഖം പങ്കിട്ടത്. തുർക്കിയിലും അർജൻ്റീനയിലും ചിലിയിലും ആയിരങ്ങൾ തെരുവിൽ പ്രതിഷേധിച്ചു. ഇസ്രയേൽ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന യുഎസിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളില്‍ പോലും പലസ്തീൻ അനൂകൂല മുദ്രാവാക്യവുമായി ജനം തെരുവിലിറങ്ങി. ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാരിസിലും ആയിരങ്ങൾ തെരുവിലിറങ്ങി. ഈഫൽ ടവറിന് സമീപമായിരുന്നു പ്രതിഷേധം.
Also Read: 'ഇരകളും അതിജീവിതരും'; ഒക്ടോബർ 7 ഹമാസ് ആക്രമണത്തിനും ഗാസയിലെ ഇസ്രയേല്‍ നരമേധത്തിനും ഇന്ന് ഒരാണ്ട്
ഇന്‍ഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ അമേരിക്കൻ എംബസിക്ക് സമീപം പലസ്തീൻ അനുകൂല പ്രതിഷേധം നടന്നു. അമേരിക്ക ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൊറോക്കോയിലും ജനം തെരുവിലിറങ്ങി.
Also Read: കാണ്മാനില്ല! ഹാഷിം സഫീദ്ദീനു പിന്നാലെ ഇറാന്‍ ഖുദ്സ് സേന കമാന്‍ഡറുമായും ആശയവിനിമയം നഷ്ടമായി
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഗാസയിൽ വംശഹത്യ നടത്തുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ആക്രമണത്തിൽ ഇതിനകം ഗാസയിൽ 41,870-ഓളം പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതിനെ തുടർന്ന് ഹെസ്ബുള്ളക്കെതിരെ ലബനനിലേക്കും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ.