22 പന്ത് ബാക്കി നിൽക്കെ സൂപ്പർ ജയന്റ്സ് ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് മറികടന്നു
വിജയത്തുടർച്ച ആഗ്രഹിച്ചിറങ്ങിയ റിഷഭ് പന്തിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ്. എട്ട് വിക്കറ്റിനായിരുന്നു വിജയം. 22 പന്ത് ബാക്കി നിൽക്കെ സൂപ്പർ ജയന്റ്സ് ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് മറികടന്നു. സ്കോർ 177/2.
പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, നേഹൽ വധേര, എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചത്. 34 പന്തിൽ 69 റൺസാണ് പ്രഭ്സിമ്രാൻ അടിച്ചുകൂട്ടിയത്. ഒൻപത് ഫോറും മൂന്ന് സിക്സുമാണ് പ്രഭ്സിമ്രാൻ നേടിയത്. ദിഗ്‌വേഷ് രതിയുടെ പന്തിൽ രവി ബിഷ്ണോയ്ക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ 202.94 ആയിരുന്നു ഈ വലം കയ്യൻ ബാറ്ററുടെ സ്ട്രൈക്ക് റേറ്റ്. ഓപ്പണർ പ്രയാൻഷ് ആര്യ എട്ട് റൺസെടുത്ത് മടങ്ങിയപ്പോൾ പ്രഭ്സിമ്രാന് കൂട്ടായി നായകൻ ശ്രേയസ് അയ്യർ തന്നെ എത്തി. 52 (30) റൺസാണ് ശ്രേയസ് നേടിയത്. പ്രഭ്സിമ്രാന്റെ വിക്കറ്റ് വീണതും നേഹൽ വധേരയുമായി (43) ചേർന്ന് നായകൻ കളി വിജയത്തിലെത്തിച്ചു.
ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്കോർ ഒന്നായപ്പോൾ തന്നെ ലഖ്നൗവിന്റെ ആദ്യ വിക്കറ്റെടുത്ത് അർഷ്ദീപ് സിംഗ് ക്യാപ്റ്റന്‍റെ തീരുമാനം ശരിവെച്ചു. ആദ്യ ഓവറിലെ നാലാം പന്തിലാണ് മിച്ചൽ മാർഷിനെ (0) ലഖ്നൗവിന് നഷ്ടമായത്. നാലാം ഓവറിൽ ഓപ്പണറായ ഐഡൻ മാർക്രവും (28) പുറത്തായി. ലോക്കി ഫെർഗൂസണായിരുന്നു വിക്കറ്റ്. ലഖ്നൗ നായകൻ റിഷഭ് പന്തിനും (2) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആയുഷ് ബധോനിയും നിക്കോളാസ് പൂരനും ചേർന്നാണ് സൂപ്പർ ജയൻ്റ്‌സിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചത്. അർധ സെഞ്ചുറിയുടെ അരികിൽ എത്തി നിൽക്കെയാണ് പൂരന്റെ വിക്കറ്റ് വീണത്. 30 പന്തിൽ 44 റൺസാണ് പൂരൻ നേടിയത്. ചഹലിന്റെ പന്തിൽ മാക്സവെല്‍ ക്യാച്ചെടുക്കുകയായിരുന്നു. പൂരൻ വീണിട്ടും ബധോനിയുടെ പോരാട്ട വീര്യം അടങ്ങിയില്ല. വമ്പൻ അടികൾക്കൊപ്പം സിംഗിളുകളുമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ബധോനി നിലയുറപ്പിച്ചു. 33 പന്തിൽ 41 റൺസെടുത്ത ബധോനിയെ അർഷ്ദീപാണ് പുറത്താക്കിയത്. ബധോനിക്ക് പിന്നാലെ അബ്ദുൾ സമദിന്റെ (27) വിക്കറ്റും അർഷ്ദീപ് എടുത്തു.
ലഖ്നൗവിനായി 30 റണ്‍സ് വിട്ടുകൊടുത്ത് ദിഗ്‌വേഷ് രതി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറ്റാർക്കും പഞ്ചാബിന്‍റെ ബാറ്റിങ് നിരയില്‍ കാര്യമായ നഷ്ടങ്ങള്‍ വരുത്താന്‍ സാധിച്ചില്ല.