പഞ്ചാബിനു വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി
നായകന്‍ റിഷഭ് പന്ത് വീണപ്പോഴും നിക്കോളാസ് പൂരന്‍റെ ബാറ്റിങ് പ്രകടനത്തില്‍ ഉയർത്തെഴുന്നേറ്റ് ലഖ്നൗ സൂപ്പർ ജയൻ്റ്‌സ്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ലഖ്നൗ നേടിയത്. 44 റൺസെടുത്ത നിക്കോളാസ് പൂരനാണ് ലഖ്നൗവിന്റെ ടോപ് സ്കോറർ. പഞ്ചാബിനു വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്കോർ ഒന്നായപ്പോൾ തന്നെ ലഖ്നൗവിന്റെ ആദ്യ വികറ്റെടുത്ത് ക്യാപ്റ്റൻ ശ്രേയസ് ഐയ്യരുടെ തീരുമാനം ശരിയായിരുന്നുവെന്ന് അർഷ്ദീപ് സിംഗ് തെളിയിച്ചു. ആദ്യ ഓവറിലെ നാലാം പന്തിലാണ് മിച്ചൽ മാർഷിനെ (0) ലഖ്നൗവിന് നഷ്ടമായത്. നാലാം ഓവറിൽ ഓപ്പണറായ ഐഡൻ മാർക്രവും (28) പുറത്തായി. ലോക്കി ഫെർഗൂസണായിരുന്നു വിക്കറ്റ്. ലഖ്നൗ നായകൻ റിഷഭ് പന്തിനും (2) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ആയുഷ് ബധോനിയും നിക്കോളാസ് പൂരനും ചേർന്നാണ് സൂപ്പർ ജയൻ്റ്‌സിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചത്. അർധ സെഞ്ചുറിയുടെ അരികിൽ എത്തി നിൽക്കെയാണ് പൂരന്റെ വിക്കറ്റ് വീണത്. 30 പന്തിൽ 44 റൺസാണ് പൂരൻ നേടിയത്. ചഹലിന്റെ പന്തിൽ മാക്സവെല്‍ ക്യാച്ചെടുക്കുകയായിരുന്നു. പൂരൻ വീണിട്ടും ബധോനിയുടെ പോരാട്ട വീര്യം അടങ്ങിയില്ല. വമ്പൻ അടികൾക്കൊപ്പം സിംഗിളുകളുമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ബധോനി നിലയുറപ്പിച്ചു. 33 പന്തിൽ 41 റൺസെടുത്ത ബദോനിയെ അർഷ്ദീപാണ് പുറത്താക്കിയത്. ബധോനിക്ക് പിന്നാലെ അബ്ദുൾ സമദിന്റെ (27) വിക്കറ്റും അർഷ്ദീപ് എടുത്തു.
പഞ്ചാബ് കിംഗ്സിന് വേണ്ടി അർഷ്ദീപ് സിംഗ് (3) , ലോക്കി ഫെർഗൂസൺ (1), ഗ്ലെൻ മാക്സ്വെൽ (1), മാർക്കോ ജാൻസൻ (1), യുസ്‌വേന്ദ്ര ചഹൽ (1) എന്നിവരാണ് വിക്കറ്റുകൾ നേടിയത്.