പതിനഞ്ച് മാസങ്ങള്‍ക്കിപ്പുറം യുദ്ധം ബാക്കിവെച്ച മണ്ണിലേക്ക്, പ്രതീക്ഷയോടെ തിരിച്ചെത്തിയവര്‍ക്കുമേലാണ് ഇസ്രയേല്‍ തീമഴ പെയ്യിച്ചത്
മാര്‍ച്ച് 18, സമയം രാത്രി 2.10. റമദാന്‍ നാളില്‍ ഗാസയിലെ ജനത ഞെട്ടിയുണര്‍ന്നത് ഏതെങ്കിലും ദുസ്വപ്നം കണ്ടായിരുന്നില്ല. യുദ്ധം തിരിച്ചെത്തിയിരിക്കുന്നു. പലപ്പോഴും അനുഭവിച്ചിട്ടുള്ള യാഥാര്‍ഥ്യം. എല്ലായ്പ്പോഴത്തെയും പോലെ യാതൊരു മുന്നിറിയിപ്പും പ്രകോപനവും ഇല്ലാതെ, അത് വീണ്ടുമെത്തി. ആക്രമണ്ത്തിന്റെ മുഴക്കം ഗാസയില്‍ എല്ലായിടത്തും ഉയര്‍ന്നുകേട്ടു. പതിനഞ്ച് മാസങ്ങള്‍ക്കിപ്പുറം യുദ്ധം ബാക്കിവെച്ച മണ്ണിലേക്ക്, പ്രതീക്ഷയോടെ തിരിച്ചെത്തിയവര്‍ക്കുമേലാണ് ഇസ്രയേല്‍ തീമഴ പെയ്യിച്ചത്.
എന്തുകൊണ്ടാണ് ഗാസയിലെ ജനങ്ങള്‍ അതിദാരുണമായി ആക്രമിക്കപ്പെടുന്നത്?
എല്ലാക്കാലത്തും ഇസ്രയേലിനും സഖ്യകക്ഷികള്‍ക്കും പറയാന്‍ ഒന്നേയുള്ളൂ. ഹമാസ്. പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുക. അവരുടെ ഭരണ, സൈനിക ശേഷികള്‍ നശിപ്പിക്കുക. അതാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിന്റെ പേരിലാണ് പിഞ്ചുകുഞ്ഞുങ്ങളും, സ്ത്രീകളും ഉള്‍പ്പെടെ സാധാരണക്കാര്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ പേരിലാണ്, ആശുപത്രികളും, സ്കൂളുകളും ഉള്‍പ്പെടെ ഇസ്രയേല്‍ ഇക്കാലത്തിനിടെ സ്വന്തമാക്കിയ വികസനങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഹമാസ് ഒളിത്താവളങ്ങളോ, ആയുധ സംഭരണ ശാലകളോ ആണെന്നാണ് ഇസ്രയേല്‍ ഭാഷ്യം. വെടിനിര്‍ത്തല്‍ ധാരണകള്‍ക്കും, സമാധാന ചര്‍ച്ചകള്‍ക്കുമിടെ വീണ്ടുമെങ്ങനെ യുദ്ധം ആരംഭിച്ചു എന്ന ചോദ്യത്തിനും ഇസ്രയേലിന് അലക്കിത്തേച്ചുവച്ചൊരു മറുപടി ഉണ്ട്. യുഎസ് പ്രസിഡന്റ് സ്റ്റീവ് വിറ്റ്കോഫ് അവതരിപ്പിച്ച മധ്യസ്ഥ നിര്‍ദേശങ്ങള്‍ ഹമാസ് നിരസിച്ചുവെന്നാണ് ഇസ്രയേല്‍ വിദേശകാര്യ വക്താവിന്റെ മറുപടി. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള, തീവ്ര സൈനിക നടപടികളുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ നടക്കുന്ന വ്യോമാക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഷ്യം. ഇസ്രയേല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സൈനിക നടപടിയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്കാലത്തെയും നിലപാടിന്റെ പ്രതിഫലനം മാത്രമാണ് ഈ പ്രതികരണങ്ങളത്രയും.
കാരണം, ഇസ്രയേലിന്റെ ആഭ്യന്തര രാഷ്ട്രീയം
ഇനി, ഇതിനെല്ലാം ഒരു കാരണമുണ്ട്. അത് ഇസ്രയേലിന്റെ ആഭ്യന്തര രാഷ്ട്രീയമാണ്. അതാണ് നെതന്യാഹുവിനെയും സംഘത്തെയും മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രയേലിലെ തീവ്ര വലതുപക്ഷത്തിന്, ഗാസയിലെ വെടിനിര്‍ത്തലിനോട് ഒരുകാലത്തും യോജിക്കാനാകുന്നതല്ല. അത് ഹമാസിനോടുള്ള കീഴടങ്ങലായാണ് അവര്‍ കാണുന്നത്. പലസ്തീനികളെയാകെ ഗാസയില്‍നിന്നും ഒഴിപ്പിക്കണമെന്നും 2005ല്‍ ഒഴിപ്പിച്ച സെറ്റില്‍മെന്റുകള്‍ പുനസ്ഥാപിക്കണമെന്നുമാണ് അവരുടെ ആവശ്യം. അതുകൊണ്ടാണ്, വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിന്നാലെ, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ഉള്‍പ്പെടെ യെഹൂദിത് പാര്‍ട്ടിയുടെ മൂന്ന് കാബിനറ്റ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയത്. ഇസ്രയേല്‍ വീണ്ടും യുദ്ധം തുടങ്ങിയില്ലെങ്കില്‍, സ്ഥാനമൊഴിയുമെന്നായിരുന്നു ധനമന്ത്രി ബെസലേല്‍ സ്ട്രോമിച്ചിന്റെ മുന്നറിയിപ്പ്. വെടിനിര്‍ത്തല്‍ കരാറിന് വഴങ്ങിയ നെതന്യാഹു സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധവും തുടങ്ങി. ഇതെല്ലാം നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാരിനെ പിളര്‍ത്താനും, താഴെയിടാനും മതിയായ കാരണങ്ങളായിരുന്നു. അതുകൊണ്ടാണ് മറ്റൊന്നും നോക്കാതെ, നെതന്യാഹു യുദ്ധം ആരംഭിച്ചത്. പിണങ്ങിപ്പോയ ബെന്‍ ഗ്വിറും സംഘവും തിരികെയെത്തി. ഇടഞ്ഞുനിന്നവരെല്ലാം സന്തോഷത്തോടെ ചേര്‍ന്നുനില്‍ക്കുകയും ചെയ്തു.
ലംഘിക്കപ്പെടുന്ന കരാറുകള്‍
ജനുവരി 19നാണ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നത്. 42 ദിവസത്തിന്റ ആദ്യ ഘട്ടം. കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് ഇരുപക്ഷത്തിന്റെയും ഉറപ്പ്. രണ്ടാം ഘട്ടത്തില്‍, ഇസ്രയേൽ ഗാസയിൽ നിന്ന് പൂർണമായും പിൻവാങ്ങുകയും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാകുകയും വേണം. പകരം, ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. എന്നാല്‍ വ്യവസ്ഥകളില്‍ മാറ്റം വേണമെന്നാണ് ഇസ്രയേലിന്റെ പുതിയ നിലപാട്. പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് തുടരണം. പക്ഷേ, യുദ്ധം അവസാനിപ്പിക്കാനോ സൈന്യത്തെ പിൻവലിക്കാനോ ഇസ്രയേല്‍ തയ്യാറായില്ല. അതിനും ഇസ്രയേലിന് പറയാന്‍ കാരണമുണ്ട്. ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ്, റമദാനിലും, ഏപ്രില്‍ അവസാനം പെസഹാ നാള്‍ വരെയും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദേശിക്കുന്നത്. അതില്‍ ജനുവരിയിലെ നിര്‍ദേശങ്ങളോ വാഗ്ദാനങ്ങളോ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. എന്നാല്‍, പുതിയ വ്യവസ്ഥകള്‍ പറഞ്ഞ് വെടിനിര്‍ത്തല്‍ കരാറിനെയും സമാധാന ശ്രമങ്ങളെയും ഇല്ലാതാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ഹമാസും ആരോപിച്ചു. ഹമാസിനെ ഭീകര സംഘടനയായി മാത്രമാണ് യുഎസ് എക്കാലത്തും കണ്ടിട്ടുള്ളത്. അത്തരത്തില്‍, പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തിയാണ് യുഎസ് ഹമാസുമായി നേരിട്ട് സമാധാന ചര്‍ച്ചകള്‍ നടത്തിയത്. പക്ഷേ, ഇസ്രയേലിന്റെ ചരിത്രം വേറെയാണ്. നിലനില്‍പ്പ് തന്നെയാണ് നെതന്യാഹുവിന്റെ പ്രശ്നം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മറ്റും പറയുന്നതുപോലെ പോയാല്‍ അത് സാധ്യമാകില്ലെന്ന ബോധ്യം നെതന്യാഹുവിനുണ്ട്.
പട്ടിണിക്കിട്ടശേഷം വ്യോമാക്രമണം
വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ, ഇസ്രയേല്‍ നിലപാട് പുറത്തെടുത്തു. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളത്രയും തടഞ്ഞു. ലോകം ഗാസയിലേക്ക് അയച്ച ഭക്ഷ്യസാധനങ്ങളും, മെഡിക്കല്‍ സഹായങ്ങളുമായെത്തിയ ട്രക്കുകള്‍ അതിര്‍ത്തിയില്‍ വലിയ നിര തീര്‍ത്തു. കുടിവെള്ളവും ഭക്ഷണവും തുടങ്ങി ആശുപത്രിയിലേക്കുള്ള അത്യാവശ്യ സാമഗ്രികള്‍ വരെ ഇത്തരത്തില്‍ ഇസ്രയേല്‍ തടഞ്ഞിട്ടു. പിന്നാലെ വ്യോമാക്രമണവും തുടങ്ങി. നൂറുകണക്കിന് ജീവനുകള്‍ പൊലിഞ്ഞു. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പലസ്തീന്‍ നിര്‍മിതികള്‍ കൂട്ടമായി തകര്‍ക്കപ്പെട്ടു. ഊര്‍ജവിതരണം തടസപ്പെട്ടതോടെ, കുടിവെള്ളം കിട്ടാതായി. പാചക വാതകം തീര്‍ന്നതുകൊണ്ട് അടച്ചുപോയ ബേക്കറികളും, ഭക്ഷണ ക്യാംപുകളും ഏറെയായി. ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ വരി നിന്നു. അപ്പോഴേക്കും ഇസ്രയേല്‍ ആക്രമണത്തിന്റെ തീവ്രതയേറി. 2023 നവംബർ ഏഴ് മുതല്‍, വെടിനിര്‍ത്തല്‍ തുടങ്ങിയ 2025 ജനുവരി വരെ ഗാസയില്‍ കൊല്ലപ്പെട്ടത് 46,913 പേരായിരുന്നു. അതില്‍ 17,492 പേര്‍ കുട്ടികളായിരുന്നു. 11,160 പേരെ കാണാതായി. ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെയുള്ള വെടിനിര്‍ത്തല്‍ കാലയളവില്‍, 170 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, മാര്‍ച്ച് 18ന് തുടങ്ങിയ ആക്രമണങ്ങളില്‍ മരണം 400 കവിഞ്ഞു. അറുന്നൂറോളം പേര്‍ക്ക് പരിക്കുമേറ്റു. അതില്‍ ഏറെയും കുട്ടികള്‍. ഹമാസ് ആദ്യം ആക്രമിച്ചതുകൊണ്ടല്ലേ, ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നതെന്ന ചോദ്യം വലിയൊരു സംഘം ഉയര്‍ത്തിവിടുന്നുണ്ട്. ചരിത്രം അറിയാത്തതുകൊണ്ടല്ല, അതിനെ അംഗീകരിക്കാന്‍ മനസില്ലാത്തതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍. ഇസ്രയേല്‍ നടത്തുന്നത് മനുഷ്യക്കുരുതിയാണ്. ഒരു വംശത്തെ അപ്പാടെ ഇല്ലാതാക്കലാണ്.
അധികാരമേറി 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഉറപ്പ്. അതിനായി സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. പിന്നീട്, ഗാസയെ സ്വന്തമാക്കുമെന്നായി ട്രംപിന്റെ വാക്കുകള്‍. ഗാസയിപ്പോള്‍ തകര്‍ന്നടിഞ്ഞ ഒരിടം മാത്രമാണ്. അവശേഷിക്കുന്ന കെട്ടിടങ്ങള്‍ കൂടി ഇടിച്ചുനിരത്തും. എന്നിട്ട് ഗാസയെ കടൽത്തീര സുഖവാസകേന്ദ്രമാക്കും. ലക്ഷ്യം നേടാന്‍, സൈന്യത്തെ ഇറക്കും. പലസ്തീനികള്‍ അറബ് രാജ്യങ്ങളിലേക്ക് പോകട്ടെയെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. നെതന്യാഹുവിനെ ഒപ്പമിരുത്തിയായിരുന്നു ട്രംപിന്റെ വാക്കുകള്‍. അത് പിന്നീട് ട്രംപ് തന്നെ തിരുത്തി. ബന്ദികളെ വേഗം മോചിപ്പിക്കണമെന്നും എത്രയും വേഗം ഗാസ ഒഴിഞ്ഞുപോകണമെന്നും ഹമാസിന് അന്ത്യശാസനം നല്‍കി. ആ വാക്കുകള്‍ ആര്‍ക്കുവേണ്ടിയാണെന്ന് ചിന്തിച്ച് സമയം പാഴാക്കേണ്ടിവന്നില്ല. അതിനു മുന്‍പേ, രൂക്ഷമായ വ്യോമാക്രമങ്ങളിലൂടെ ഇസ്രയേല്‍ ഉത്തരം തന്നു തുടങ്ങിയിരുന്നു.
ALSO READ: ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; കൂട്ടക്കുരുതി തുടർച്ചയായ മൂന്നാം ദിവസം
ഇസ്രയേല്‍ റോക്കറ്റുകള്‍ പലസ്തീനികള്‍ക്കുമേല്‍ തീമഴ പെയ്യിക്കുമെന്ന് യുഎസ് നേരത്തെ അറിഞ്ഞിരുന്നു. ഗാസയിലെ രാത്രി ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേല്‍ വൈറ്റ് ഹൗസുമായും, ട്രംപ് ഭരണകൂടവുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കുകയും ചെയ്തു. ഹമാസ്, ഹൂതികള്‍, ഇറാന്‍ എന്നിവര്‍ ഇസ്രയേലിനെ മാത്രമല്ല, അമേരിക്കയെ കൂടിയാണ് ഭീകരവത്കരിക്കാന്‍ ശ്രമിക്കുന്നത്. അവരതിന് വില നല്‍കേണ്ടിവരും. എല്ലാ നരകങ്ങളെയും ഇല്ലാതാക്കുമെന്ന ട്രംപിന്റെ വാക്കുകളും കരോലിന്‍ ആവര്‍ത്തിച്ചിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടം എന്ന ലേബല്‍ എല്ലാക്കാലത്തും യുഎസിന് സ്വീകാര്യമാണ്. അങ്ങനെയാണല്ലോ, സെപ്റ്റംബര്‍ ആക്രമണത്തിന്റെ പേരില്‍, ഇറാഖിലേക്കും അഫ്ഗാനിസ്ഥാനിലേക്കും, പാകിസ്ഥാനിലേക്കുമൊക്കെ യുഎസ് സേന കടന്നുകയറിയത്. അതുകൊണ്ടാണ്, ഹമാസിനെതിരായ പോരാട്ടത്തിന്റെ പേരില്‍, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിനെ യുഎസും ട്രംപും ആശിര്‍വദിക്കുന്നത്.