മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിന് നേരെയാണ് വ്യോമാക്രമണം
ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും 50ലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിന് നേരെയാണ് വ്യോമാക്രമണം. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് റുഫൈദ സ്കൂൾ.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഇസ്രയേൽ ആക്രമണം. ഇസ്രയേൽ അധിനിവേശത്തെ 'പുതിയ കൂട്ടക്കൊല' എന്നാണ് ഗാസ ആരോഗ്യമന്ത്രാലയം വിശേഷിപ്പിച്ചത്. ആശുപത്രി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം, കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളും മൂന്ന് പേർ 60 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരുമാണ്.
കെട്ടിടം ആക്രമിക്കുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് ദൃസാക്ഷികൾ പറയുന്നു. സ്‌കൂളിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തിരുന്ന രണ്ട് മുറികളിലായാണ് വ്യോമാക്രമണം നടന്നതെന്നും ഇവർ പറയുന്നു. അതേസമയം സ്കൂളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിനുള്ളിൽ പ്രവർത്തിക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രായേൽ സൈന്യത്തിൻ്റെ പക്ഷം.
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ പ്രതിഷേധിച്ച് അക്ഷരാർഥത്തിൽ ഗാസയിൽ വംശഹത്യ നടത്തുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ആക്രമണത്തിൽ ഇതിനകം ഗാസയിൽ 41,870-ഓളം പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതിനെ തുടർന്ന് ഹെസ്ബുള്ളക്കെതിരെ ലബനനിലേക്കും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ.