fbwpx
സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു; പരമാവധി ശേഷിയേക്കാള്‍ 2699 തടവുകാര്‍ അധികമെന്ന് കണക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Mar, 2025 11:46 AM

മൂന്ന് മേഖലകളിലായി കേരളത്തില്‍ 57 ജയിലുകളാണ് ഉള്ളത്. 57 ജയിലുകളിലായി പരമാവധി പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണം 7823 ആണ്.

KERALA


സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞുകവിയുന്നു. പരമാവധി ശേഷിയേക്കാള്‍ 2699 തടവുകാരാണ് കേരളത്തിലെ ജയിലുകളിലുള്ളതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് സെന്‍ട്രല്‍ ജയിലുകളില്‍ പരമാവധി എണ്ണത്തിന്റെ ഇരട്ടിയോളം തടവുകാരാണുള്ളത്. കണ്ണൂര്‍ വനിതാ ജയിലിലും തടവുകാരുടെ എണ്ണം കൂടുതലാണ്.

തെക്ക്, മധ്യ, വടക്കന്‍ മേഖലകളായാണ് കേരളത്തിലെ ജയിലുകളെ തിരിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായി കേരളത്തില്‍ 57 ജയിലുകളാണ് ഉള്ളത്. 57 ജയിലുകളിലായി പരമാവധി പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണം 7823 ആണ്. തെക്കന്‍ മേഖലയില്‍ 2262, മധ്യ മേഖലയില്‍ 2482,വടക്കന്‍ മേഖലയില്‍ 3079 എന്നിങ്ങനെയാണ് പരമാവധി ശേഷി. എന്നാല്‍ 2025 മാര്‍ച്ച് 27 ലെ കണക്ക് പ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 10,522 ആണ്.


ALSO READ: പെരുമ്പാവൂരില്‍ ഭര്‍ത്താവിൻ്റെ ജനനേന്ദ്രിയം പൊള്ളിച്ച സംഭവം; ഭാര്യയ്‌ക്കെതിരെ കേസ്


2262 പേരെ പാര്‍പ്പിക്കാവുന്ന തെക്കന്‍ മേഖലയിലെ ജയിലുകളിലുള്ളത് 3573 പേര്‍. 2482 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള മധ്യ മേഖലയില്‍ 3147 പേരാണ് തടവില്‍ കഴിയുന്നത്. 3079 തടവുകാരെ വഹിക്കാന്‍ ശേഷിയുള്ള വടക്കന്‍ മേഖലയിലെ ജയിലുകളിലുള്ളത് 3802 പേരാണ്. സംസ്ഥാനത്തെ ജയിലുകളുടെ പരമാവധി ശേഷിയേക്കാള്‍ 2699 പേര്‍ കൂടുതലായി ജയിലുകളിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സെന്‍ട്രല്‍ ജയിലുകളിലും ഇതേ പ്രതിസന്ധിയുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പരമാവധി ശേഷി 727 ആണെന്നിരിക്കെ 1528 തടവുകാരാണ് ഇവിടെയുള്ളത്. ഇത് പരമാവധി ശേഷിയെക്കാള്‍ ഇരട്ടിയിലേറെയാണ്.

വിയ്യൂരിലും സ്ഥിതി സമാനമാണ്. പരമാവധി ശേഷി 553 ആണെങ്കില്‍ തടവുകാരുടെ എണ്ണം 1107. ഏകദേശം ഇരട്ടിയോളം തന്നെ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 948 പേരെ മാത്രം പാര്‍പ്പിക്കാമെന്നിരിക്കെ നിലവിലുള്ളത് 1095 പേര്‍. അതേസമയം തുറന്ന ജയിലുകളില്‍ തടവുകാരുടെ എണ്ണം കുറവാണ്. 238 പേരെ പാര്‍പ്പിക്കാവുന്ന ചീമേനിയില്‍ 139 പേരും, 401 പേരെ പാര്‍പ്പിക്കാവുന്ന തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ 187 അന്തേവാസികളുമാണുള്ളത്.

തിരുവനന്തപുരത്തെ വനിതകളുടെ തുറന്ന ജയിലില്‍ പരമാവധി എണ്ണം 43 ആയിരിക്കെ 8 പേര്‍ മാത്രമാണുള്ളത്. കണ്ണൂര്‍ ഒഴികെയുള്ള വനിതാ ജയിലുകളിലും നിലവില്‍ പ്രതിസന്ധിയില്ല. കണ്ണൂര്‍ വനിതാ ജയിലില്‍ 37 പേരാണ് നിലവിലുള്ളത്. ഇവിടെ പരമാവധി എണ്ണം 30 ആണ്. തടവുകാരുടെ എണ്ണത്തിലെ വര്‍ധന വരും ദിവസങ്ങളില്‍ ജയിലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഉദ്യോഗസ്ഥരുടെ എണ്ണം, ഭക്ഷണമുള്‍പ്പെടെ തടവുകാര്‍ക്കുള്ള സേവനങ്ങള്‍, ജയില്‍ സുരക്ഷ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാകാനും സാധ്യതയുണ്ട്.


Also Read
user
Share This

Popular

NATIONAL
MALAYALAM MOVIE
പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുത്; സിപിഐഎം സംഘടനാ റിപ്പോർട്ട്