ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെപ്പോലൊരു സുഹൃത്തും, തിരിച്ചും വേണമെന്നായിരുന്നു ജാവേദ് അക്തർ എക്സ് പോസ്റ്റിൽ കുറിച്ചത്
ശബരിമലയിലെ പൂജാ വഴിപാട് വിഷയത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തുണച്ച് ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ഇരുവരുടെയും സൗഹൃദം മഹത്തരമാണെന്നായിരുന്നു ജാവേദ് അക്തറിൻ്റെ പ്രസ്താവന. ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് ഇരുവരേയും സൗഹൃദം മനസിലാകില്ലെന്നും ജാവേദ് അക്തർ എക്സ് പോസ്റ്റിൽ കുറിച്ചു.
"ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെപ്പോലൊരു സുഹൃത്തും, എല്ലാ മോഹൻലാലിനും മമ്മൂട്ടിയെപ്പോലൊരു സുഹൃത്തും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു," ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ച ജാവേദ് അക്തർ കുറിച്ചു. അവരുടെ മഹത്തായ സൗഹൃദം, ഇടുങ്ങിയ മനസുള്ള, നെഗറ്റീവ് ചിന്താഗതിയുള്ള ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്നത് സ്വാഭാവികമാണെന്നും, അതാര് ശ്രദ്ധിക്കുന്നെന്നും ജാവേദ് അക്തർ എക്സ് പോസ്റ്റിൽ പറയുന്നു.
ഒരാഴ്ച മുമ്പാണ് മോഹൻലാൽ ശബരിമല സന്ദര്‍ശനം നടത്തിയത്. എക്കാലത്തെയും വലിയ പ്രോജക്ട് റിലീസാകുന്നതിനു മുന്നോടിയായി നായകന്‍ മല കയറുന്നതാണെന്ന തരത്തിലായിരുന്നു വാർത്തകളെങ്കിലും മോഹന്‍ലാല്‍ മല കയറിയത് മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു. മമ്മൂട്ടിക്കുവേണ്ടി മോഹൻലാൽ ഉഷഃപൂജ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഇതിന്റെ രസീത് പുറത്തുവന്നതോടെയാണ് സംഭവം വലിയ വാര്‍ത്തയായത്.
മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയ വിവരം പുറത്തുവന്നതോടെ ഇരുവരുടേയും ബന്ധത്തെ പ്രകീര്‍ത്തിച്ച് ആരാധകര്‍ രംഗത്തെത്തി. എന്നാൽ ഇത് മതവിധിക്ക് എതിരാണെന്ന വിമർശനവും ഒപ്പം ഉയർന്നിരുന്നു. മോഹന്‍ലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍, മമ്മൂട്ടി ഇസ്ലാമിക വിധിപ്രകാരമുള്ള പരിഹാരം ചെയ്യണമെന്ന വിമർശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ. അബ്ദുള്ള രംഗത്തെത്തി. ഇത് വലിയ വിവാദമാവുകയും ചെയ്തു. ഇതോടെയാണ് ജാവേദ് അക്തർ ഇരുവർക്കും പിന്തുണയുമായി രംഗത്തെത്തിയത്.