1958-ൽ ലെജൻഡ് ഓഫ് ദി വൈറ്റ് സെർപന്റ് എന്ന സിനിമ കണ്ടതാണ് മിയാസാക്കിയുടെ ജീവിതത്തിൽ വഴിത്തിരിവായത്
ജപ്പാന്റെ വാൾട്ട് ഡിസ്നിയെന്ന് ഹയാവോ മിയാസാക്കിയെ വിശേഷിപ്പിച്ച് കാണാറുണ്ട്. കേൾക്കുമ്പോൾ ഒരു ഗമയൊക്കെ തോന്നുമെങ്കിലും അതിൽ വലിയ ഒരു അനീതി ഒളിഞ്ഞു കിടപ്പുണ്ട്. വാൾട്ട് ഡിസ്നിയൊടുള്ള എല്ലാ ബഹുമാനവും വച്ചുകൊണ്ട് തന്നെ പറയട്ടെ, അയാൾ ഈ അണ്ഡകടാഹത്തിന്റെ മൊത്തം മിയാസാക്കിയാണ്. പ്രകൃതിയേയും മനുഷ്യനേയും, ഇതിനിടയിൽ ഒരു കലാകാരന്റെയും കുരുന്നിന്റെയും കണ്ണിൽ മാത്രം പെടുന്ന പ്രേതലോകത്തെയും സ്റ്റോറിബോർഡിലേക്ക് പകർത്തിയ കലാകാരൻ. സ്റ്റുഡിയോ ജിബ്ലി എന്ന മായിക ലോകത്തിന്റെ സ്രഷ്ടാക്കളിൽ ഒരാൾ. മിയാസാക്കി മിയാസാക്കിയാണ്. മിയാസാക്കി മാത്രമാണ്.
ഹയാവോ മിയാസാക്കിയുടെ അച്ഛൻ കട്സുജി മിയാസാക്കി സീറോ ഫൈറ്റേഴ്‌സ് വിമാനങ്ങളുടെ നിർമാതാവായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പം മുതലെ വിമാനങ്ങളോട് അദ്ദേഹത്തിന് ഒരു ഇഷ്ടമുണ്ടായിരുന്നു. ഈ ഇഷ്ടം പല മിയാസാക്കി പടങ്ങളിലും കാണാം. ഈ വിമാനങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ ആദ്യകാല ഓർമകളിൽ പലതും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകളെ ചുറ്റിപ്പറ്റിക്കൂടിയായിരുന്നു. അതുകൊണ്ട് തന്നെ യുദ്ധ വിരുദ്ധതയും മിയാസാക്കിയുടെ കേന്ദ്ര പ്രമേയങ്ങളിൽ ഒന്നായി.
1947 നും 1955 നും ഇടയിലാണ് അദ്ദേഹത്തിന്റെ അമ്മയ്ക്ക് സ്പൈനൽ ക്ഷയരോഗം പിടിപെടുന്നത്. 1980ൽ ശക്തയായ ആ സ്ത്രീ മരിച്ചു. അമ്മയുടെ രോഗത്തിനെതിരെയുള്ള പോരാട്ടം മിയാസാക്കിയിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ മിക്ക സ്ത്രീ കഥാപാത്രങ്ങളും ശക്തമായ ഇച്ഛാശക്തിയുള്ളവരാണ്. മിയാസാക്കിയുടെ അമ്മയുടെ സമാനമായ രോഗമാണ് മൈ നെയ്ബർ ടോട്ടോറോയിലെ അമ്മ അതിജീവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
1958-ൽ ലെജൻഡ് ഓഫ് ദി വൈറ്റ് സെർപന്റ് എന്ന സിനിമ കണ്ടതാണ് മിയാസാക്കിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആനിമേഷനിലും മാംഗ സൃഷ്ടികളിലും മിയാസാക്കി അകൃഷ്ടനായി. 1963-ൽ, യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയ ശേഷം അദ്ദേഹം ടോയ് ആനിമേഷനിൽ ഒരു ആനിമേറ്ററായി തന്റെ കരിയർ ആരംഭിച്ചു.
'വുൾഫ് ബോയ് കെൻ' എന്ന 86 എപ്പിസോഡ് പരമ്പരയിലാണ് മിയാസാക്കി ആദ്യമായ പ്രവർത്തിച്ചത്. 1965 വരെ സംപ്രേഷണം ചെയ്തിരുന്ന ഈ പരമ്പര ചെന്നായ്ക്കൾ വളർത്തിയ കെൻ എന്ന ഒരു ആൺകുട്ടിയെക്കുറിച്ചുള്ളതായിരുന്നു. ഈ പരമ്പരയുടെ നിർമാണ വേളയിലാണ് പിന്നീട് ആജീവനാന്ത സുഹൃത്തും ഉപദേഷ്ടാവുമായി മാറിയ ഇസാവോ തകഹാത എന്ന പാക് സാനിനെ മിയാസാക്കി കണ്ടുമുട്ടിയത്.
ടോയ് ആനിമേഷനിൽ നിന്ന് മിയാസാക്കി പല സ്റ്റുഡിയോകളിലായി മാറി മാറി ജോലി ചെയ്തു. കീ അനിമേറ്ററായും പിന്നീട് ഡയറക്ടറായും മിയാസാക്കി വരകളുടെ ലോകത്ത് വളർന്നു. 1979ലാണ് തന്റെ ആദ്യ സിനിമ മിയാസാക്കി സംവിധാനം ചെയ്യുന്നത്- Lupin III: The Castle of Cagliostro. ഇതിനു പിന്നാലെ 1984ൽ എടുത്ത Nausicaä of the Valley of the Wind എന്ന ചിത്രത്തിലാണ് പിന്നീട് സ്റ്റുഡിയോ ജിബ്ലി എന്ന് പേരുകേട്ട ആനിമേഷൻ സ്റ്റുഡിയോയുടെ അണിയറയിൽ പ്രവർത്തിക്കുന്നവർ ഒന്നിച്ചത്. വൈകാതെ, 1985 ജൂൺ 15ന് ഹയാവോ മിയാസാക്കി, ഇസാവോ തകഹാത, തോഷിയോ സുസുക്കി, യാസുയോഷി ടോകുമ എന്നിവർ ചേർന്ന് സ്റ്റുഡിയോ ജിബ്ലി ആരംഭിച്ചു. പിന്നാലെ
1986-ൽ മിയാസാക്കി സംവിധാനം ചെയ്ത ആദ്യത്തെ ഔദ്യോഗിക സ്റ്റുഡിയോ ജിബ്ലി ചിത്രമായ 'ലാപുട്ട: കാസിൽ ഇൻ ദി സ്കൈ' പുറത്തിറങ്ങി. 'ദ ബോയ് ആൻഡ് ദ ഹെറോൺ' വരെ നീണ്ട ആ ഫിലിമോഗ്രഫി സിനിമാസ്വാദകർക്ക് ഒരു റോളർ കോസ്റ്റർ യാത്രയായിരുന്നു.
ജപ്പാന്റെ കഥ പറച്ചിൽ പാരമ്പര്യത്തിന് ആനിമേഷൻ എന്ന മാധ്യമത്തിലൂടെ ആഗോള പ്രശസ്തി നേടിക്കൊടുക്കുകയായിരുന്നു മിയാസാക്കിയും സംഘവും. പുറത്തിറങ്ങി 38 വർഷങ്ങൾക്ക് ശേഷവും, അദ്ദേഹത്തിന്റെ 'മൈ നെയ്ബർ ടൊട്ടോറോ'യുടെ ഉൽപ്പന്നങ്ങൾ കാണാതെ ഒരാൾക്ക് ഒരു ജാപ്പനീസ് വിമാനത്താവളത്തിലൂടെ കടന്നുപോകാൻ കഴിയില്ല. അത്ര കണ്ട് സ്വാധീനമുണ്ട് മിയാസാക്കിക്കും അദ്ദേഹത്തിന്റെ സൃഷ്ടികൾക്കും. അത് കേവലം ഒരു രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. 2006-ൽ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യക്കാരിൽ ഒരാളായി അദ്ദേഹം വോട്ട് ചെയ്യപ്പെട്ടു. 2005-ൽ, ഏറ്റവും സ്വാധീന ശക്തിയുള്ള 100 വ്യക്തികളുടെ ടൈം മാസികയുടെ പട്ടികയിലും മിയാസാക്കിയുണ്ടായിരുന്നു. എന്താണ് ഈ അനിമേ ക്രിയേറ്ററിനെ എല്ലാവരുടെയും ഇഷ്ടക്കാരനാക്കുന്നത്? കലയോടുള്ള പ്രതിബദ്ധതയും ലോക വീക്ഷണവും ആകാം അതിന് കാരണം.
ഷിന്റോ, ബുദ്ധ, ദാവോയിസ്റ്റ് പ്രമേയങ്ങൾ മിയാസാക്കിയുടെ പല സിനിമകളിലും കാണാൻ സാധിക്കും. ഷിന്റോയിസ്റ്റ് വിശ്വാസ പ്രകാരം മനുഷ്യർക്കിടയിൽ ഈ ലോകത്ത് ആത്മാക്കളും വസിക്കുന്നു. 'കാമി' എന്നറിയപ്പെടുന്ന ഈ ആത്മാക്കളെ പാറകളിലും പക്ഷികളിലും മരങ്ങളിലും നദികളിലും മത്സ്യങ്ങളിലും അവർ കാണുന്നു. ഇത്തരം ഷിന്റോ ഇമേജറികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ആളാണ് മിയാസാക്കി. സ്പിരിറ്റഡ് എവെയിലും, പ്രിൻസസ് മോണോനോക്കയിലും ഈ പ്രേത സാന്നിധ്യം കാണാം. രാത്രി-പകൽ, വെളിച്ചം-ഇരുട്ട് എന്നീ ദ്വന്ദങ്ങളിലൂടെ യിൻ-യാങ് സങ്കൽപ്പത്തെയും മിയാസാക്കി ഉപയോഗിക്കുന്നുണ്ട്. ഇത്തരം തത്ത്വചിന്തകൾ കേവലം ആത്മീയ പ്രതിഫലനങ്ങളായല്ല മിയാസാക്കി സിനിമകളിൽ വരുന്നത്. അവയൊക്കെ ഒന്നാന്തരം പ്രകൃതി പാഠങ്ങൾ കൂടിയാണ്.
Also Read: ജെയിംസ് കാമറൂൺ: മുതലാളിത്തത്തെ തിരയില്‍ ചോദ്യം ചെയ്ത ഹോളിവുഡിലെ റെബല്‍
മരം ഒരു വരം, എന്ന് എഴുതി വായിക്കുന്ന തരം പ്രകൃതി പടങ്ങൾ എടുത്തത് കൊണ്ടല്ല മിയാസാക്കിയെ എൻവയോൺമെന്റലിസ്റ്റായ സംവിധായകൻ എന്ന് വിളിക്കുന്നത്. ആ വിളി മിയാസാക്കി ഇഷ്ടപ്പെട്ടിട്ടുമില്ല. താനങ്ങനെ മനപൂർവം കഥകളിൽ സന്ദേശം കുത്തി നിറയ്ക്കാറില്ല എന്ന് മിയാസാക്കി പറയും. അതങ്ങനെ സംഭവിക്കുന്നതാണ്. അത്രമേൽ ജൈവികവും സൂക്ഷ്മവുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ. അവ ചിത്രീകരിക്കുന്ന ലോകങ്ങളെപ്പോലെ തന്നെ സജീവവും. സാധാരണയായ പറയുന്ന മനുഷ്യ പ്രകൃതി ബന്ധം സമം നന്മ തിന്മ പോരാട്ടം എന്ന സമാവാക്യത്തെ മിയാസാക്കി പൊളിച്ചെഴുതുന്നു. കൂടുതൽ സങ്കീർണമാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മിയാസാക്കിയുടെ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ സിനിമകളിൽ ഒന്നായ നൗസിക്ക ഓഫ് ദി വാലി ഓഫ് ദി വിൻഡ് (1984) എന്ന ചിത്രം ഇതിന് ഒരു ഉദാഹരണമാണ്. യുദ്ധം പ്രകൃതിയെ വിഷലിപ്തമാക്കിയ ഒരു പോസ്റ്റ്-അപ്പോക്കാലിപ്റ്റിക് ലോകത്ത് പോരടിക്കുന്ന നൗസിക്ക എന്ന രാജകുമാരിയുടെ കഥ. ചൂഷണത്തിന്റെ വലിയ രാഷ്ട്രീയത്തെ ഒരു അമ്മുമ്മ കഥയിലൂടെ ലളിതവും എന്നാൽ ഗൗരവതരമായും അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. 1997ൽ ഇറങ്ങിയ പ്രിൻസസ് മോണോനോക്ക് വ്യവസായവൽക്കരണവും പ്രകൃതിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് അവതരിപ്പിക്കുന്നത്. പോണ്യോയിൽ കടലും മലിനീകരണവും വിഷയമാകുന്നു. മൈ നെയ്ബർ ടൊട്ടോറോയിൽ എത്തുമ്പോൾ അത് പ്രകൃതിയുമായുള്ള സഹവർത്തിത്വമാണ്. വലിയ സർക്കാർ പദ്ധതികൾക്കും വൻ നഗരങ്ങളിലെ ബിൽബോർഡിലെ ലക്ഷങ്ങൾ വിലയുള്ള കോപ്പിറൈറ്റഡ് സന്ദേശങ്ങൾക്കും സാധിക്കാത്തത് മിയാസക്കിയുടെ സിനിമകൾക്ക് സാധിച്ചു. ആ ചലിക്കുന്ന വരകളിൽ പ്രേക്ഷകർ തനിക്കു ചിറ്റുമുള്ള പ്രകൃതിയെ കണ്ടു. തനിക്കു വേണ്ടിയും ഭൂമിക്കും വേണ്ടി കണ്ണീർ വാർത്തു. ചിലരെങ്കിലും ചുറ്റുമുള്ള ജീവജാലങ്ങളെയും പ്രകൃതിയേയും ശ്രദ്ധിക്കാൻ തുടങ്ങി.
ജൈവികമായ, ചിന്തകൾ മാത്രമല്ല രചനാ ശൈലിയും പിന്തുടർന്ന വ്യക്തിയാണ് മിയാസാക്കി. സിജിഐയേക്കാൾ തന്റെ കൈകൊണ്ട് വരച്ച ചിത്രങ്ങൾ ആനിമേറ്റ് ചെയ്യുന്നതാണ് മിയാസാക്കിക്ക് ഇഷ്ടം. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോഴും, പരമ്പരാഗത സെൽ (CEL) ആനിമേഷന്റെ അനുഭവം സംരക്ഷിക്കുക എന്നതാണ് സ്റ്റുഡിയോ ജിബ്ലിയുടെ ലക്ഷ്യം തന്നെ. യൂറോപ്യൻ പട്ടണങ്ങൾ മുതൽ ഗ്രാമീണ ജപ്പാൻ വരെ മിയാസാക്കി വരച്ചെടുക്കുകയായിരുന്നു. അതും തനിക്ക് ചുറ്റുമുള്ള ലോകത്ത് നിന്നും പ്രചോദനമുൾക്കൊണ്ട്. പല ആധുനിക ആനിമേഷനുകളിൽ നിന്നും വ്യത്യസ്തമായി, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും ആഴമുള്ളവയും ജീവസുറ്റതുമാകുന്നു. ഫ്ലുയിഡിറ്റിയും സെൻഷ്വാലിറ്റിയും മിയാസാക്കി ചിത്രങ്ങളുടെ പ്രത്യേകതയാണ്. ഉദാഹരണത്തിന് ജലരാശികളും ആകാശവും. അവ വെറും കാഴ്ചാനുഭവങ്ങൾ മാത്രമല്ല.
കഥാപാത്രങ്ങളുടെ കണ്ണിൽ തന്നെ മിയാസാക്കി തന്റെ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടാകും. പലപ്പോഴും വലുതും വൃത്താകൃതിയിലുള്ളതുമായ കണ്ണുകളാണ് കഥാപാത്രങ്ങൾക്ക് ഉണ്ടാവുക. അവരുടെ മുഖം വളരെ ലളിതവും. എന്നാൽ അവയിൽ ഒരു കഥയും കഥാപാത്രവും ഉണ്ടാകും. പലപ്പോഴും അഭിനേതാക്കൾക്ക് പോലും സംവേദിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ഈ ചെറു വരകളുടെ കൂട്ടിച്ചേർപ്പ് സാധ്യമാക്കും. വികാരം പ്രകടിപ്പിക്കാൻ അതിശയോക്തി കലർന്ന ആനിമേഷൻ ട്രോപ്പുകൾ മിയാസാക്കിക്ക് ആവശ്യമില്ല.
ഡിസ്നി പോലുള്ള അനിമേഷൻ സ്ഥാപനങ്ങൾ മുന്നോട്ട് വച്ച പല ട്രെൻഡുകളെയും തകിടം മറിക്കാനും മിയാസാക്കി ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച സ്ത്രീ കഥാപാത്രങ്ങളുടെ കാര്യത്തിൽ. ഡിസ്നിയുടെ പ്രിൻസസ് ബ്രാൻഡിനെ മിയാസാക്കി പിന്തുടർന്നില്ല. തന്റെ സ്ത്രീ കഥാപാത്രങ്ങളിൽ സംഭവിക്കുന്ന മാനസിക ശാരീരിക മാറ്റങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. അവരെ സ്വതന്ത്രരും ശക്തരുമായി ചിത്രീകരിച്ചു. പക്വത പ്രാപിക്കാനും ആത്മവിശ്വാസം നേടാനും പ്രാപ്തരാക്കുന്ന യാത്രകൾക്ക് പ്രേരിപ്പിച്ചു. കിക്കീസ് ഡെലിവറി സർവീസിലെ കിക്കി, ഹൗൾസ് മൂവിംഗ് കാസിലിലെ സോഫി, സ്പിരിറ്റഡ് എവേയിലെ ചിഹിരോ എന്നിവർ ഇതിന് ഉദാഹരണമാണ്. സ്പിരിറ്റഡ് എവേയിൽ, ചിഹിരോയെ തുടക്കത്തിൽ കാണുന്നത് ഒട്ടും അനുസരണയില്ലാത്ത ഒരു പെൺകുട്ടിയായിട്ടാണ്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിൽ അവൾക്ക് അതൃപ്തിയുണ്ട്. ഈ വീട്ടിലേക്കുള്ള വഴി തെറ്റി തീം പാർക്ക് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത് ചിഹിരോയുടെ കുടുംബം എത്തുന്നിടത്ത് കഥയും ആ പെൺകുട്ടിയും മാറുന്നു. പിന്നങ്ങോട്ട് ഫാന്റസിയെ കെട്ടഴിച്ചുവിടുകയാണ് മിയാസാക്കി.
ഫാന്റസി, മിയാസാക്കിയെ പറ്റി പറയുമ്പോൾ ആ വാക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നറിയില്ല. കാരണം മിയാസാക്കി തന്റെ സിനിമയിൽ ഫാന്റസി കണ്ടിരുന്നില്ല, എന്നാൽ തന്റെ ജീവിതത്തിൽ പരിധിയില്ലാത്ത ഫാന്റസികൾ കൊണ്ടു നടക്കുകയും ചെയ്തിരുന്നു. അടുത്ത സിനിമ എന്ന മോഹമാണ് അദ്ദേഹത്തിന്റെ ഈ ഫാന്റസികളെ മണ്ണിലേക്ക് ഇറക്കിക്കൊണ്ടുവന്നത്.
അവസാന ചിത്രമായ ദ ബോയ് ആൻഡ് ദ ഹെറോണിലേക്ക് എത്തുമ്പോഴേക്കും മൂന്നോ അതിലധികമോ തവണ വിരമിക്കൽ പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു മിയാസാക്കി. 2013-ൽ ദി വിൻഡ് റൈസസിനും 1997-ൽ പ്രിൻസസ് മോണോനോക്കിനും, 2001-ൽ സ്പിരിറ്റഡ് എവേയ്ക്കും ശേഷം മിയാസാക്കി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓരോ വിരമിക്കലിനു ശേഷവും ഒരു പടം കൂടി എന്ന കൊതിയിൽ ആയാൾ വീണ്ടും കഥകൾ നിർമിക്കാൻ തുടങ്ങും. എന്നാൽ ബോയ് ആൻഡ് ദ ഹെറോണില്‍ എത്തുമ്പോൾ മരണം മിയാസാക്കിയെ വേട്ടയാടിയിരുന്നു. കൈകൾ വിറയ്ക്കുന്നു, ഓർമ എവിടെയോ മുറിയുന്നു, വസ്തുക്കൾ സ്ഥാനം തെറ്റുന്നു, പ്രിയപ്പെട്ടവർ മരിക്കുന്നു. അതിൽ തനിക്ക് പ്രിയപ്പെട്ട പാക് സാന്റെ മരണം മിയാസാക്കിയെ കീഴടക്കി. അയാൾക്ക് വരയ്ക്കാൻ സാധിക്കുന്നില്ല. ഹെറോണിലെ ഗ്രേറ്റ് അങ്കിൽ എന്ന കഥാപാത്രം പാക് സാനെ ആസ്പദമാക്കിയുള്ളതാണ്. ആ കഥാപാത്രത്തിനെ വരയ്ക്കാൻ മിയാസാക്കിക്ക് സാധിക്കുന്നില്ല. പാക് സാനിന്റെ പ്രേത സാന്നിധ്യം അദ്ദേഹം അനുഭവിക്കുന്നു. ഉറ്റ സുഹൃത്തായ തോഷിയോ സുസുക്കിക്ക് പോലും ഇതാ ആ മാസ്റ്ററിന്റെ ബ്രഷ് സ്ട്രോക്ക് എന്നെന്നേക്കുമായി മായുന്നു എന്ന് തോന്നി. എന്നാൽ എല്ലാ ക്രിയേറ്റീവ് ബ്ലോക്കുകളെയും ആ 82 കാരൻ മറികടക്കുന്നു. തന്റെ 12-ാം ഫീച്ചറും പൂർത്തിയാക്കി, ചുണ്ടത്ത് ഒരു സിഗരറ്റും കൊരുത്തിട്ട് ആ ജ്ഞാന വൃദ്ധൻ ഇങ്ങനെ പ്രഖ്യാപിച്ചു.
മിയാസാക്കി, സിനിമകൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഒറ്റ പ്രോംറ്റിൽ ജനറേറ്റ് ആകുന്ന എഐ ആർട്ടിനും അപ്പുറത്ത് അനുഭവത്തിന്റെ ഇനിപ്പുള്ള സിനിമ. എന്തൊക്കെ വന്നാലും അയാൾ മുന്നോട്ടുപോകും. കാരണം ആ തീരുമാനം അയാൾ പണ്ടേക്ക് പണ്ടേ എടുത്തതാണ്.