യുഎസ് താരിഫ് ചുമത്തിയതിന് മറുപടിയായി 34 ശതമാനം പകരം ചുങ്കമാണ് ചൈന ഏർപ്പെടുത്തിയത്
യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന പകരം തീരുവ പ്രഖ്യാപിച്ചത് 'പരിഭ്രാന്തരായതിനാല്‍' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന 'തെറ്റായി കളിച്ചു' എന്നും 'അവർക്കിത് തങ്ങാവുന്നതല്ല' എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുഎസ് താരിഫ് ചുമത്തിയതിന് മറുപടിയായി 34 ശതമാനം പകരം ചുങ്കമാണ് ചൈന ഏർപ്പെടുത്തിയത്. ഏപ്രിൽ 10ന് പുതുക്കിയ താരിഫ് നിലവിൽ വരും.
'യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വരുന്ന, വൻതോതിൽ പണം നിക്ഷേപിക്കുന്ന, നിരവധിയായ നിക്ഷേപകരോട്, എന്റെ നയങ്ങളിൽ ഒരിക്കലും മാറ്റമുണ്ടാകില്ല. എന്നത്തേക്കാളും സമ്പന്നരാകാൻ ഇത് ഒരു മികച്ച സമയമാണ്!!! - ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. രാജ്യത്തെ വ്യവസായങ്ങൾ വളരാൻ പോകുന്നുവെന്നും വിപണി കുതിച്ചുയരാൻ പോകുകയാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് മറിച്ചാണ്.
Also Read: പകരം ചുങ്കത്തിൽ ട്രംപിന് ചൈനയുടെ മറുപടി; യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ഏർപ്പെടുത്തി
ചൈന പകരം ചുങ്കം ഏർപ്പെടുത്തിയതോടെ യുഎസ് വിപണി വലിയ ഇടിവാണ് നേരിടുന്നത്. ചൈന അടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് തിരിച്ചടി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ ഓഹരി വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ചൈനയും തിരിച്ചടി താരിഫുകൾ പ്രഖ്യാപിച്ചതോടെ വിപണിയിലെ മാന്ദ്യം രൂക്ഷമാകുകയാണ്. ലണ്ടനിൽ, എഫ്‌ടിഎസ്‌ഇ 100 വ്യാപാരം ആരംഭിച്ചതിനുശേഷം 313 പോയിന്റ് ( 3.7%) കുറഞ്ഞ് 8173 പോയിന്റിലെത്തി. 2023 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരിക്കും ഇത്. യുഎസ് ഓഹരി വിപണിയുടെ അളവുകോലായ എസ് & പി 500 സൂചിക വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 2.48 ശതമാനം ഇടിഞ്ഞ് (133 പോയിന്റ്) 5,262.68 ലെത്തി. 30 വലിയ യുഎസ് കമ്പനികളെ ട്രാക്ക് ചെയ്യുന്ന ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 982 പോയിന്റ് ഇടിഞ്ഞ് (2.4 ശതമാനം) 39,563 പോയിന്റിലെത്തി.
അതേസമയം, യുഎസിലേക്കുള്ള ചില റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗിൽ സാധാരണയായി ഉപയോഗിക്കുന്ന ഗാഡോലിനിയം, ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന യിട്രിയം എന്നിവയുൾപ്പെടെ ഏഴ് റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. യുഎസിന്റെ താരിഫുകൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ചൈന കേസ് ഫയൽ ചെയ്യുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.