പീഡനം പോലെതന്നെ വേദനാജനകമാണ് വ്യാജ പീഡനരോപണം നേരിടേണ്ടി വരുന്നത്
തനിക്ക് നേരെ ഉയർന്നത് വ്യാജ പീഡന ആരോപണങ്ങളെന്ന് നടൻ ജയസൂര്യ. പീഡനം പോലെത്തന്നെ വേദനാജനകമാണ് വ്യാജ പീഡനരോപണം നേരിടേണ്ടി വരുന്നത്. സത്യം ചെരുപ്പു ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ എന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. വ്യാജ ആരോപണങ്ങളിൽ നിയമപേരാട്ടം നടത്തുമെന്നും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്നും ജയസൂര്യ പറഞ്ഞു.
ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ രണ്ടുകേസുകളാണ് നടനെതിരെയുള്ളത്. സെക്രട്ടറിയേറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കൻ്റോൺമെൻ്റ് പൊലീസാണ് ആദ്യം കേസെടുത്തത്. തൊടുപുഴയിൽ ഷൂട്ടിങ്ങ് ലോക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിൽ കരമന പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
READ MORE: തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം; നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്
സോഷ്യല്‍ മീഡിയ പോസ്റ്റിൻ്റെ പൂർണരൂപം
വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകർത്തു. എൻ്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിറുത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.
ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും, എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനിയായിരിക്കും എന്നത് സുനിശ്ചിതമാണ്.
READ MORE: സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്‍ ജയസൂര്യക്കെതിരെ കേസെടുത്തു
ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർണ്ണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.... പാപികളുടെ നേരെ മാത്രം.”