മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ക്രൈസ്തവ പുരോഹിതർക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചതിനെ ഹമീദ് ഫൈസി വിമർശിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്
ക്രിസ്മസ് കേക്ക് വിവാദത്തിൽ സമസ്ത നേതാവ് ഹമീദ് ഫൈസിക്കെതിരെ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഹമീദ് ഫൈസിയുടെ പ്രസ്താവന പൊതുസമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുക. അത്തരം കാര്യങ്ങൾ നിർത്തുകയാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ക്രൈസ്തവ പുരോഹിതർക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചതിനെ ഹമീദ് ഫൈസി വിമർശിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിരന്തരം ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൻ്റെ ഉദ്ദേശ്യം വേറെയാണ്. പച്ചവെള്ളത്തിൽ തീ പിടിക്കുന്ന പ്രസ്താവനകൾ പറയുന്നത് കേരളം അവജ്ഞയോടെ നേരിടുമെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ ലീഗിലെത്തിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്ന ഹമീദ് ഫൈസിയുടെ പ്രസ്താവനയോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പി.എം.എ. സലാം ഇടത് എംഎൽഎ ആയിരുന്നു. സലാം മുജാഹിദ് ആണെന്ന് പറഞ്ഞാൽ പിന്നെയും മനസ്സിലാക്കാം. ജമാഅത്തെ ആണെന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Also Read: കുർബാന തർക്കം; ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്ത ആറ് വിമത വൈദികർക്ക് സസ്പെൻഷൻ
കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ പിതാവുമൊത്താണ് സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചത്. മറ്റു സമുദായക്കാരുടെ ആചാരങ്ങളിൽ പങ്കെടുത്തത് തെറ്റാണെന്നായിരുന്നു എസ്‌കെഎസ്എസ്എഫ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ വാദം. ആചാരപരമായിട്ടാണെങ്കിലും അല്ലെങ്കിലും ക്രിസ്മസ് കേക്ക് കഴിക്കുന്നത് തെറ്റാണെന്നും ഹമീദ് ഫൈസി പറഞ്ഞു. അതേസമയം സാദിഖലി തങ്ങൾ കേക്ക് കഴിച്ചതിൽ തെറ്റില്ലെന്ന് എസ്എസ്എഫ് സംസ്ഥാന നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ആചാരത്തിന്റെ ഭാഗമായി കഴിച്ചാൽ തെറ്റാണെന്നും സൗഹൃദപരമായി കഴിച്ചാൽ കുഴപ്പമില്ലെന്നുമാണ് പൂക്കോട്ടൂരിന്റെ പക്ഷം.