സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തിയെന്നും കേന്ദ്രം പറഞ്ഞു
സിഎംആർഎൽ മാസപ്പടിക്കേസിൽ 185 കോടി രൂപയുടെ ക്രമക്കേടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സർക്കാർ. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തിലാണ് ഈ കണ്ടെത്തലെന്നും കേന്ദ്രം വ്യക്തമാക്കി.
സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തിയെന്നും കേന്ദ്രം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയിൽ എഴുതി നൽകിയ വാദങ്ങളിലാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
Also Read: വയനാട് അര്‍ബന്‍ ബാങ്ക് നിയമന വിവാദം; ശുപാര്‍ശ കത്ത് നല്‍കിയെന്ന് സമ്മതിച്ച് ഐ.സി. ബാലകൃഷ്ണന്‍
മാസപ്പടി കേസുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്ത് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. തുടർന്ന് അന്വേഷണം ഏകദേശം പൂർത്തിയായതായി എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് നൽകിയാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്നും എസ്എഫ്ഐഒ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ ഡൽഹി ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചത്.
കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍റെ എക്സാലോജിക് സൊലൂഷ്യൻസ് കമ്പനിക്ക് 2017-2020 കാലയളവിൽ നൽകാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയതിന്റെ രേഖകൾ പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട് സഹായം നൽകിയതിന് പ്രതിഫലമായാണ് എക്സാ ലോജിക്കിന് പണം ലഭിച്ചതെന്നായിരുന്നു ആരോപണം. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിആര്‍എംഎല്ലില്‍ നിന്നും കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരില്‍ നിന്നും എസ്എഫ്‌ഐഒ മൊഴി രേഖപ്പെടുത്തി. വീണയുടെ കമ്പനിയായ എക്‌സാ ലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു.