ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും നിസാര പരുക്കേറ്റവർക്ക് 5,000 രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ഉത്തർപ്രദേശിലെ കനൗജിൽ റെയിൽവേ സ്റ്റേഷൻ്റെ മേൽക്കൂര തകർന്നു വീണു. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും 12 ഓളം തൊഴിലാളികളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. സംഭവസ്ഥത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്റ്റേഷൻ മോടിപിടിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സ്റ്റേഷനിൽ നടപ്പിലാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി നിർമാണത്തിലിരിക്കുന്ന ഇരുനില കെട്ടിടം തകർന്നാണ് അപകടമുണ്ടായത്.
അപകടസമയത്ത് 35ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. റെയിൽവേ, പൊലീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് 23 തൊഴിലാളികളെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രക്ഷിച്ചത്. നിർമാണത്തിനിടെയാണ് മേൽക്കൂരയുടെ ഷട്ടർ തകർന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ശുഭ്രാന്ത് കുമാർ ശുക്ൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ALSO READ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച സംഭവം; വ്യക്തിവൈരാഗ്യമെന്ന് സൂചന, രണ്ട് പേർ അറസ്റ്റിൽ
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുകയാണ് ഞങ്ങൾ പ്രഥമ പരിഗണനയെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും നിസാര പരുക്കേറ്റവർക്ക് 5,000 രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.