പൊലീസ്, മോട്ടോ൪ വാഹനവകുപ്പ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം, ദേശീയ പാത അതോറിറ്റി എന്നിവരുടെ നി൪ദേശങ്ങൾ ക്രോഡീകരിച്ചായിരിക്കും റിപ്പോ൪ട്ട് തയാറാക്കുക
നാലു വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് പനയമ്പാടം അപകടത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. റോഡുകളുടെ അപാകത പരിഹരിക്കാനുള്ള സംയുക്ത അന്വേഷണ റിപ്പോർട്ട് ആണ് ഉദ്യോഗസ്ഥ സംഘം ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കുക. പൊലീസ്, മോട്ടോ൪ വാഹനവകുപ്പ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം, ദേശീയ പാത അതോറിറ്റി എന്നിവരുടെ നി൪ദേശങ്ങൾ ക്രോഡീകരിച്ചായിരിക്കും റിപ്പോ൪ട്ട് തയാറാക്കുക.
ഇതിനു പുറമെ ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം നൽകിയ നി൪ദേശങ്ങളും റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തും. പ്രദേശത്തെ മൂന്ന് പോയിന്റുകളിലായാണ് പരിശോധന നടന്നത്. ഈ മേഖലയിൽ ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയർ റിംപിൾ സ്ട്രിപ്, റോഡ് സ്റ്റഡ്, റിഫ്ലക്ട൪ എന്നിവ ഉടൻ സ്ഥാപിക്കണമെന്നതടക്കം നി൪ദേശങ്ങളും സംഘം മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, വിദ്യാർഥികളുടെ മരണത്തെ തുടർന്ന് അടച്ച കരിമ്പ സ്കൂൾ ഇന്ന് തുറക്കും.
ALSO READ: പനയമ്പാടം അപകടം: റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് IIT റിപ്പോർട്ട്
റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്നാണ് പാലക്കാട് ഐഐടി തയ്യാറാക്കിയ റിപ്പോർട്ടിലും ഉള്ളത്. റോഡും അരികിലെ മണ്ണും തമ്മിൽ ഉയരവ്യത്യാസമുണ്ട്, ഇതിന് പരിഹാരം വേണം, റോഡിൽ വേഗ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം, ഒരേ ദിശയിൽ പോവുന്ന വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കണം തുടങ്ങിയ നിദേശങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് വ്യാഴാഴ്ചയുണ്ടായ കല്ലടിക്കോട് അപകടത്തിൽ മരിച്ചത്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കഴിഞ്ഞ ദിവസം മനപൂർവമുള്ള നരഹത്യാ കുറ്റം ചുമത്തിയിരുന്നു. വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിനിടയാക്കിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു.