സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോഴും, രാജ്യത്ത് തീവ്ര സംഘങ്ങളും കൊള്ളക്കാരും താവളം കെട്ടുമ്പോഴും പാന്തിവെന്ത നയങ്ങളുമായി മുന്നോട്ടുപോയതാണ് ട്രൂഡോയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകാന്‍ കാരണം.
ഒന്നര പതിറ്റാണ്ടോളം കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയുടെ മകന്‍. കോവിഡ് മഹാമാരിയെയും, യുഎസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെയുമൊക്കെ ചെറുത്തുകൊണ്ട് ഒരു പതിറ്റാണ്ടോളം അധികാരത്തില്‍ തുടര്‍ന്ന നേതാവ്. വിശേഷണങ്ങള്‍ ഏറെയുണ്ടായിരുന്നു ജസ്റ്റിന്‍ ട്രൂഡോയ്ക്ക്. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും, പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും ജനപ്രീതി നഷ്ടമാകുകയും ചെയ്ത നേതാവ് ഒടുവില്‍ അധികാരം വിട്ടൊഴിയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അതിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വസ്ഥാനം ഒഴിഞ്ഞു. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ കാവല്‍ പ്രധാനമന്ത്രി മാത്രമായിരിക്കും ട്രൂഡോ. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോഴും, രാജ്യത്ത് തീവ്ര സംഘങ്ങളും കൊള്ളക്കാരും താവളം കെട്ടുമ്പോഴും പാതിവെന്ത നയങ്ങളുമായി മുന്നോട്ടുപോയതാണ് ട്രൂഡോയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകാന്‍ കാരണം.
കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ട്രൂഡോ, പിതാവിന്റെ മരണശേഷമാണ് പാര്‍ട്ടിയില്‍ സജീവമാകുന്നത്. 2008ലായിരുന്നു ട്രൂഡോയുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം. നേതൃത്വ കണ്‍വെന്‍ഷനില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാണ് ട്രൂഡോ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പാപ്പിനോയില്‍ നിന്ന് ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയതെങ്കിലും, 'ഭാവി പ്രധാനമന്ത്രിയാകാന്‍ ശേഷിയുള്ള നേതാവ്' എന്ന് മാധ്യമങ്ങള്‍ അന്ന് വിലയിരുത്തി. വലിയ ഭൂരിപക്ഷം നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരമേറിയതോടെ, പ്രതിപക്ഷ നിരയിലായിരുന്നു ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനം. 2011ലും പാപ്പിനോയില്‍ ട്രൂഡോ വിജയം ആവര്‍ത്തിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ഏറ്റവും മോശം സമയമായിരുന്നു അത്. 338 സീറ്റില്‍ 34 എണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഹൗസ് ഓഫ് കോമണ്‍സില്‍ അവര്‍ മൂന്നാം സ്ഥാനക്കാരായി.
ഏഴ് വര്‍ഷമായി അധികാരമില്ലാതിരുന്ന പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് 2013ലാണ് ട്രൂഡോ എത്തുന്നത്. സ്വകാര്യ സമ്പാദ്യമെല്ലാം 'ബ്ലൈന്‍ഡ് ട്രസ്റ്റിന്' (ആസ്തികളുടെ മേല്‍ പൂര്‍ണ നിയന്ത്രണാധികാരം മറ്റൊരു വ്യക്തിക്കായിരിക്കും. അയാളെക്കുറിച്ച് ഗുണഭോക്താവിന് അറിവുണ്ടായിരിക്കില്ല) കൈമാറുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രൂഡോ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചത്. ജയിച്ചപ്പോള്‍, ട്രൂഡോ വാക്ക് പാലിച്ചു. സമ്പാദ്യമെല്ലാം ബ്ലൈന്‍ഡ് ട്രസ്റ്റിന് കൈമാറി. പ്രതിപക്ഷ എം.പിമാരെ പോലും ഞെട്ടിപ്പിച്ച പ്രഖ്യാപനത്തിന് കനേഡിയന്‍ ജനത കൈയ്യടിച്ചു. 2014 ലെ പാര്‍ട്ടി കണ്‍വെന്‍ഷനു മുമ്പായി, 'നമുക്ക് എല്ലാവര്‍ക്കും ഗുണം നല്‍കുന്ന ഒരു സമ്പദ്ഘടന' എന്ന തലക്കെട്ടില്‍ ട്രൂഡോ ഒരു വീഡിയോ ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. കടക്കെണിയില്‍നിന്ന് രാജ്യം മോചിപ്പിക്കപ്പെടുമെന്നും, വരുന്നത് കാനഡയുടെ സമയമാണെന്നുമായിരുന്നു ട്രൂഡോയുടെ അഭിപ്രായം. ഇതിനെല്ലാം 2015ലെ തെരഞ്ഞെടുപ്പ് മറുപടി നല്‍കി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിക്കൊണ്ട് ലിബറലുകള്‍ അധികാരത്തിലെത്തി. 338 സീറ്റില്‍ 177 സീറ്റും ലിബറല്‍ പാര്‍ട്ടി നേടി. ഹൗസ് ഓഫ് കോമണ്‍സില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഒരു കക്ഷി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുന്നത് ആദ്യമായിരുന്നു.
ALSO READ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ചു
കനേഡിയന്‍ ജനതയുടെ സാമ്പത്തിക ആശങ്കകളെ പരിഹരിക്കുന്ന തരത്തിലായിരുന്നു ട്രൂഡോ സര്‍ക്കാരിന്റെ തുടക്കം. മധ്യവര്‍ഗത്തിന് നികുതിയിളവുകള്‍ പ്രഖ്യാപിച്ചും, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നേരിയ തോതില്‍ നികുതി വര്‍ധിപ്പിച്ചും, തദ്ദേശീയ-ഗോത്ര ജനതയുമായുള്ള ബന്ധം ഊഷ്മളമാക്കിയുമുള്ള തുടക്കം ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ദയാവധം തിരഞ്ഞെടുക്കാനുള്ള നിയമങ്ങള്‍, കഞ്ചാവ് നിയമവിധേയമാക്കൽ, യുഎസുമായുള്ള വ്യാപാര ഇടപാടുകൾ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നയങ്ങൾ തുടങ്ങി തദ്ദേശീയ ഗോത്ര സമൂഹങ്ങൾ നേരിടുന്ന അനീതികളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ ട്രൂഡോ സര്‍ക്കാര്‍ തയ്യാറായി. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദാരമാക്കി കൂടുതല്‍ പേരെ കനേഡിയന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്തു. പുരോഗമനപരമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ട്രൂഡോയെക്കുറിച്ച് എഴുതി. എന്നാല്‍, ഭരണനാളുകളുടെ തുടക്കത്തില്‍ തന്നെ തിരിച്ചടികളും തുടങ്ങി. 2016ലെ ക്രിസ്മസ് അവധിയാഘോഷം അത്തരത്തിലൊന്നായിരുന്നു. ആത്മീയാചാര്യനായ ആഗാ ഖാന്റെ ആതിഥ്യം സ്വീകരിച്ച്, സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തും, സമ്മാനങ്ങള്‍ സ്വീകരിച്ചും നടത്തിയ അവധി ആഘോഷം രാജ്യ താല്പര്യങ്ങള്‍ക്കും, നൈതികതയ്ക്കും എതിരായിരുന്നുവെന്ന് 2017ല്‍ എത്തിക്സ് കമ്മീഷണര്‍ വിധിച്ചു. ഒരു പ്രധാനമന്ത്രിയെ എത്തിക്സ് കമ്മിറ്റി ഇത്തരത്തില്‍ കുറ്റക്കാരനായി കണ്ടെത്തുന്നത് ആദ്യമായിരുന്നു. 2018ല്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, ട്രൂഡോയുടെ വിരുന്നില്‍ ഖലിസ്ഥാന്‍ നേതാവ് ജസ്‌പാല്‍ അത്‌വാളിന് ക്ഷണം ലഭിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്‍ഡോ-കനേഡിയന്‍ വ്യവസായിയായ അത്‌വാള്‍ ട്രൂഡോയുടെ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു. ഖലിസ്ഥാന്‍ പ്രസ്ഥാനത്തോടുള്ള ട്രൂഡോയുടെ മൃദുസമീപനം ഇന്ത്യയെ അന്ന് ചൊടിപ്പിച്ചിരുന്നു.
2019ല്‍, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയെ അഴിമതി കുറ്റങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കുമേല്‍ ട്രൂഡോ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണങ്ങളുയര്‍ന്നു. ട്രൂഡോയ്ക്കുനേരെ വിരല്‍ചൂണ്ടി നിയമമന്ത്രി ജോഡി വില്‍സണ്‍ റെയ്ബൗള്‍ഡും, ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ജെയ്ന്‍ ഫില്‍പോട്ടും രാജിവച്ചു. ട്രൂഡോയും ഉദ്യോഗസ്ഥരും എത്തിക്സ് നിയമങ്ങള്‍ ലംഘിച്ചെന്ന് എത്തിക്സ് കമ്മീഷണര്‍ വിധിച്ചു. ഉത്തരവാദിത്വമേറ്റെങ്കിലും മാപ്പ് പറയാന്‍ ട്രൂഡോ തയ്യാറായില്ല. തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ഉദ്ദേശ്യമെന്നായിരുന്നു ട്രൂഡോയുടെ വിശദീകരണം. വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെയായിരുന്നു 2019ലെ തെരഞ്ഞെടുപ്പ്. ജനകീയ വോട്ടില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് പിന്നില്‍ പോയെങ്കിലും, 157 സീറ്റുമായി ട്രൂഡോയും ലിബറല്‍ പാര്‍ട്ടിയും ഏറ്റവും വലിയ ഒറ്റകക്ഷിയായി സര്‍ക്കാര്‍ രൂപീകരിച്ചു. നിയമ നിര്‍മാണത്തിനും ബില്ലുകള്‍ പാസാക്കാനുമൊക്കെ 25 സീറ്റുകള്‍ നേടിയ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ ആവശ്യമായി വന്നു.
കാര്യങ്ങള്‍ അവിടെയും നിന്നില്ല. കോവിഡ് മഹാമാരിയുടെ രൂപത്തില്‍ പുതിയ വെല്ലുവിളികള്‍ ട്രൂഡോയ്ക്ക് നേരെ ഉയര്‍ന്നുവന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് തന്നെയായിരുന്നു ട്രൂഡോ സര്‍ക്കാരിനെ വലച്ചത്. ഫണ്ട് സംബന്ധിച്ച അഭിപ്രായ ഭിന്നതയ്ക്കൊടുവില്‍ 2020ല്‍, ധനമന്ത്രി ബില്‍ മോര്‍നോ രാജിവച്ചു. പകരമെത്തിയ ക്രിസ്റ്റിയ ഫ്രീലാന്‍ഡിനൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ട്രൂഡോ കളം നിറഞ്ഞു. അതിന്റെ ചുവടുപിടിച്ച്, തെരഞ്ഞെടുപ്പ് നേരത്തെയാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും, ഉയർന്ന വാക്‌സിനേഷൻ നിരക്കുമൊക്കെ മികച്ച ജനവിധി സമ്മാനിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അവയെല്ലാം അസ്ഥാനത്തായി. ട്രൂഡോയുടെ മുന്‍കാല നയങ്ങള്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെട്ടു. കഞ്ചാവ് നിയമവിധേയമാക്കിയത്, അതിന്റെ ഉപയോഗം വര്‍ധിപ്പിച്ചതായി ആരോപണം ഉയര്‍ന്നു. മെഡിക്കല്‍ സഹായത്തോടെയുള്ള ദയാവധ നിയമത്തിനും ആഗോളതലത്തില്‍ തിരിച്ചടിയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക, തൊഴില്‍ സാഹചര്യങ്ങളോ, ഭവന മേഖലയിലെ പ്രശ്നങ്ങളോ ചര്‍ച്ച ചെയ്യാതെയാണ് ഇമ്രിഗേഷന്‍ നയങ്ങള്‍ ഉദാരമാക്കിയതെന്നും വിമര്‍ശനങ്ങളുയര്‍ന്നു. ട്രൂഡോയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. 153 സീറ്റുകളുമായി കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ഒരിക്കല്‍ കൂടി പിന്തുണയുമായെത്തി.
വിമര്‍ശനങ്ങളും വിവാദങ്ങളും ആക്ഷേപങ്ങളുമൊക്കെ നിറഞ്ഞതായിരുന്നു ട്രൂഡോയുടെ അവസാന ഭരണനാളുകള്‍. പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, വെടിവെപ്പ്, മയക്കുമരുന്ന് ലോബികളുടെ അരാജകത്വം തുടങ്ങി സുസ്ഥിര വികസന പദ്ധതിയുടെ പേരില്‍ നടത്തിയ കൊള്ളയും ധൂര്‍ത്തുമൊക്കെ ട്രൂഡോയെ വിമര്‍ശനശയ്യയിലാക്കി. പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരില്‍ ഗോത്രവിഭാഗത്തിന്‍റെ പ്രതിഷേധം നേരിടേണ്ടിവന്നതും ട്രൂഡോയ്ക്ക് ക്ഷീണമുണ്ടാക്കി. 2023ന്റെ ആദ്യ പകുതിയില്‍ ലിബറല്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവുകള്‍ക്ക് മുന്നില്‍ പതറുന്നതായി അഭിപ്രായ സര്‍വേകള്‍ വന്നു. ഇതോടെ, 2025 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്ക ലിബറല്‍ പാര്‍ട്ടിയെ ഒന്നടങ്കം ബാധിച്ചു. അതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍. ഏറ്റവും സുരക്ഷിതമായ സീറ്റുകളില്‍പ്പോലും ലിബറല്‍ പാര്‍ട്ടി തോറ്റു.
കാനഡയില്‍ വര്‍ധിച്ചു വരുന്ന ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും വികാരങ്ങളും ട്രൂഡോയുടെ പതനത്തിന്റെ ആക്കം കൂട്ടുന്നതായിരുന്നു. ഇക്കാര്യത്തില്‍ ട്രൂഡോ സ്വീകരിച്ച മൃദുസമീപനം ഇന്ത്യയെയും അകറ്റി. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ട്രൂഡോയുടെ പ്രതികരണങ്ങള്‍ ബന്ധം കൂടുതല്‍ വഷളാക്കി. കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാദം. പിന്നാലെ, മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കി. മറുപടിയെന്നോണം കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതും നിര്‍ത്തിവെച്ചു. എന്നാല്‍, ആരോപണങ്ങള്‍ സംബന്ധിച്ച എന്തെങ്കിലും തെളിവുകള്‍ നല്‍കാന്‍ ട്രുഡോയ്ക്ക് കഴിഞ്ഞതുമില്ല. സിഖ് വോട്ടുകളിലേക്ക് കണ്ണുനട്ടാണ്, ഖലിസ്ഥാന്‍ അനുകൂല വാദം തുടരുന്നതെന്ന വിമര്‍ശനങ്ങള്‍ ശക്തമായതോടെ, ഇന്ത്യക്ക് മുന്നിലും ട്രൂഡോ പരാജിതനായി.
2024 സെപ്റ്റംബറില്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഡിസംബറില്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചതോടെ, അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ട അവസ്ഥയിലായി ട്രൂഡോ.ഇതോടെ, ട്രൂഡോയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകഞ്ഞു. ഇരുപതിലധികം എം.പിമാര്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. ട്രൂഡോയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിച്ചുതുടങ്ങി. പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ് ഉള്‍പ്പെടെ സഖ്യകക്ഷി നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തതോടെ, ട്രൂഡോ പരുങ്ങലിലായി.
യുഎസില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ച ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളും ട്രൂഡോയ്ക്ക് കനത്ത പ്രഹരമായി. കാനഡയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മാത്രമല്ല, കാനഡയെ യുഎസിന്റെ 51-ാമത് സ്റ്റേറ്റായി ലയിപ്പിക്കാനുള്ള നിര്‍ദേശവും ട്രംപ് മുന്നോട്ടുവെച്ചിരുന്നു. ഇതെല്ലാം ലിബറല്‍ പാര്‍ട്ടിയുടെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതായി മാറി. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഒറ്റപ്പെട്ടതോടെയാണ്, പുതുവര്‍ഷത്തില്‍ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുകയാണെന്ന് ട്രൂഡോ അറിയിച്ചത്. ഗവര്‍ണറെക്കണ്ട് പാര്‍ലമെന്റ് പ്രവര്‍ത്തനം മരവിപ്പിച്ച, ട്രൂഡോ പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും വ്യക്തമാക്കി. ഇതോടെ, ഒരു പതിറ്റാണ്ടോടടുത്ത ട്രൂഡോ ഭരണകാലത്തിനാണ് അന്ത്യമാകുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ കൂടി കൈവിട്ടതോടെയാണ്, കനേഡിയന്‍ രാഷ്ട്രീയത്തിലെ 'ഗോള്‍ഡന്‍ ബോയ്' എന്ന് അറിയപ്പെട്ട ട്രൂഡോയുടെ പടിയിറക്കം.