കേന്ദ്രാവിഷ്കൃത പദ്ധതിയാണെന്നിരിക്കെ പ്രശ്നപരിഹാരത്തിന് സിപിഐഎമ്മിൻ്റെ ജനറൽ സെക്രട്ടറിയുടെയും ഇടപെടൽ അനിവാര്യമാണെന്നും കെ. ആർ. മീര പറയുന്നു.
ആശാ പ്രവർത്തകരുടെ സമരം പരിഹരിക്കാൻ എം എ ബേബി ഇടപെടണമെന്ന് കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനറൽ സെക്രട്ടറിയായതിന് ശേഷമുള്ള ആദ്യ ദൗത്യമായി ഏറ്റെടുക്കണമെന്നും, പുതിയ ജനറൽ സെക്രട്ടറി പാർട്ടിക്കും രാജ്യത്തിനും നൽകുന്ന ശക്തമായ സന്ദേശം ആയിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.കേന്ദ്രാവിഷ്കൃത പദ്ധതിയാണെന്നിരിക്കെ പ്രശ്നപരിഹാരത്തിന് സിപിഐഎമ്മിൻ്റെ ജനറൽ സെക്രട്ടറിയുടെയും ഇടപെടൽ അനിവാര്യമാണെന്നും കെ. ആർ. മീര പറയുന്നു.
വ്യക്തിപരമായി ജീവിതത്തിന്റെ പല വഴിത്തിരിവുകളിലും കുടുംബാംഗത്തെപ്പോലെ ഒപ്പം നിന്നിട്ടുള്ള സഖാവ് എം.എ. ബേബിക്കു സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും പോസ്റ്റിലൂടെ നേരുന്നുണ്ട്.
ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം;
" ഇ.എം.എസിനു ശേഷം കേരളത്തിൽനിന്നു സി.പി.എമ്മിന് ഒരു ജനറൽ സെക്രട്ടറി ഉണ്ടാകുന്നു - സഖാവ് എം.എ. ബേബി.
വ്യക്തിപരമായി ജീവിതത്തിന്റെ പല വഴിത്തിരിവുകളിലും കുടുംബാംഗത്തെപ്പോലെ ഒപ്പം നിന്നിട്ടുള്ള സഖാവ് എം.എ. ബേബിക്കു സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും.
ഫെഡറലിസവും മതനിരപേക്ഷതയും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് ജനറൽ സെക്രട്ടറിയെന്നനിലയിൽ അദ്ദേഹത്തിനു മുന്നിലുള്ള വെല്ലുവിളികൾ നിസ്സാരമല്ല. ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന തൊഴിലാളിസംഘടനകളെയും ഒന്നിച്ചു നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം സഖാവ് എം.എ. ബേബിയിൽനിന്ന് ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട്, ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റു തിരികെ കേരളത്തിൽ എത്തുമ്പോൾ, ആദ്യ ദൗത്യമായി, തിരുവനന്തപുരത്ത് അദ്ദേഹം താമസിക്കുന്ന എ.കെ.ജി. സെന്ററിനു സമീപം, സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ASHA പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
ASHA കേന്ദ്രാവിഷ്കൃത സ്കീം ആയതിനാൽ, സമരക്കാരുടെ കാതലായ ആവശ്യങ്ങൾ നടപ്പാക്കേണ്ടതു യൂണിയൻ ഗവൺമെൻ്റ് ആണെങ്കിലും അതു സാധിച്ചെടുക്കാൻ സമരപ്പന്തലിൽ എത്തിയ ബി.ജെ.പി. നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കുംപോലും കഴിയാത്ത സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനു സി.പി.എമ്മിന്റെയും പാർട്ടി ജനറൽ സെക്രട്ടറിയുടെയും ഇടപെടലും നടപടികളും അനിവാര്യമാണ്.
പുതിയ ജനറൽ സെക്രട്ടറി പാർട്ടിക്കും കേരളത്തിനും രാജ്യത്തിനും നൽകുന്ന ശക്തവും ശുഭോദർക്കമായ സന്ദേശവുമായിരിക്കും അത്.
ഒരിക്കൽക്കൂടി, വിജയാശംസകൾ."