വിഷ വസ്തു കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം കഠിനംകുളം കൊലപാതകക്കേസിലെ പ്രതി ജോൺസണിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിഷ വസ്തു കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണസംഘം കോട്ടയത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്.
കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ കൊല്ലം ദളവാപുരം സ്വദേശി ജോൺസണാണ് പ്രതി. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ജോൺസൺ പിടിയിലാവുന്നത്. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി കടന്ന പ്രതി ട്രെയിൻ കയറി രക്ഷപ്പെട്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ആളാണ് ജോൺസൺ.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൃത്യം നടന്ന ദിവസം രാവിലെ ഒൻപതു മണിയോടെ, ജോൺസൺ കഠിനംകുളത്തെ വീട്ടിലെത്തി. ജോൺസനെ യുവതി ചായ നൽകി സ്വീകരിച്ചു. പിന്നീടാണ് യുവതിയെ കഴുത്തിൽ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. അന്നേദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.
കൊല്ലം നീണ്ടകര ദളവാപുരമാണ് ജോൺസൺ ഔസേപ്പിന്റെ സ്വന്തം സ്ഥലം. വിവാഹ ശേഷം ഭാര്യയുടെ സ്ഥലമായ ചെല്ലാനത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. മൂന്ന് കുട്ടികളുള്ള ഇയാൾ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ആതിരയുമായി അടുക്കുന്നത്. ഇവർ പലസ്ഥലങ്ങളിലും ഒരുമിച്ച് പോയിരുന്നെന്ന് പൊലീസ് കണ്ടെത്തി. ആതിരയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൂടുതൽ തെളിവുകൾ പൊലീസിനെ ലഭിച്ചത്.
സ്വകാര്യ നിമിഷങ്ങളിൽ ജോൺസൺ ആതിരയുടെ ചിത്രങ്ങളെടുത്തിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണവും വാങ്ങി. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസണ് നൽകി. കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. ഒടുവിൽ കൂടെ ഇറങ്ങിവരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ഇത് യുവതി അംഗീകരിച്ചില്ല. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞാണ് കേസന്വേഷണം.