പ്രിൻസിപ്പലിനെ പ്രതിയാക്കി ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോളേജ് മാനേജ്‌മെന്റിന്റെ നടപടി
കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിയായ പിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. കാസര്‍ഗോഡ് പാലക്കുന്ന് പിലാത്തറ ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പി. അജീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അജീഷിനെ പ്രതിയാക്കി ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോളേജ് മാനേജ്‌മെന്റിന്റെ നടപടി.
കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാലക്കുന്ന് ഗ്രീന്‍ വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും ആറാം സെമസ്റ്റര്‍ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇ-മെയില്‍ വഴി അയച്ച പരീക്ഷ പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്ക്ക് മുന്‍പ് പരസ്യപ്പെടുത്തിയെന്നും, സര്‍വകലാശാലയെ വഞ്ചിച്ചെന്നുമാണ് അജീഷിനെതിരായ എഫ്‌ഐആറില്‍ പറയുന്നത്.
Also Read: ബിസിഎ ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധത്തിനിടെ പൊലീസുകാരനെ മർദിച്ച MSF പ്രവർത്തകനെതിരെ കേസ്
സര്‍വകലാശാലയുടെ എക്‌സാം സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിയുടെ പക്കല്‍ ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതിയ പേപ്പര്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ വിവരം വെളിപ്പെടുത്തിയത്.
മെയില്‍ വഴി അയച്ച് നല്‍കിയ ചോദ്യപേപ്പര്‍ അധ്യാപിക ചോര്‍ത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂര്‍ മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷ നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ നിരീക്ഷണം കര്‍ശനമാക്കാനും എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷകരെ നിയോഗിക്കാനുമാണ് സര്‍വകലാശാലയുടെ തീരുമാനം. ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മുതല്‍ പരീക്ഷ അടക്കം നിരീക്ഷകരുടെ സാന്നിധ്യത്തിലാകും ഇനിമുതല്‍ നടക്കുകയെന്നും സര്‍വകലാശാല അറിയിച്ചു.