ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് മതനേതൃത്വങ്ങൾ പരസ്പരം പിന്തുണ അറിയിച്ചതാണ് താമരശേരി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്‌ജിദിൽ നടന്ന ഗ്രാൻഡ് ഇഫ്താറിനെ ശ്രദ്ധേയമാക്കിയത്
ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ. ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്‌താറിലാണ് ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് കാന്തപുരം പ്രഖ്യാപിച്ചത്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് മതനേതൃത്വങ്ങൾ പരസ്പരം പിന്തുണ അറിയിച്ചതാണ് താമരശേരി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്‌ജിദിൽ നടന്ന ഗ്രാൻഡ് ഇഫ്താറിനെ ശ്രദ്ധേയമാക്കിയത്. മദ്യവും മയക്കുമരുന്നു ഉപയോഗം മനുഷ്യൻ്റെ വ്യക്തിജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും, പ്രതിരോധിക്കേണ്ട ആവശ്യകതയെക്കുറിച്ചും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.
വിവിധ മത-സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് ഇഫ്‌താറിൽ അതിഥികളായി എത്തിയ ഫാ. ജോര്‍ജ് കളത്തൂര്‍, ഫാ. പ്രസാദ് ഡാനിയേല്‍, സ്വാമി ഗോപാല്‍ജി എന്നിവരും കാന്തപുരത്തിൻ്റെ അഭിപ്രായത്തോട് യോജിച്ചു. ലഹരി ഉപയോഗിച്ച് അക്രമം കാണിക്കുന്നവരെ ശക്തമായി ശിക്ഷിക്കണമെന്നും, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
നോമ്പിന് ശേഷം ലഹരിക്കെതിരെ വിപുലമായ ക്യാമ്പയിനുകൾ മഹല്ല് തലങ്ങളിൽ ഒരുക്കാനാണ് സമസ്ത എപി വിഭാഗത്തിൻ്റെ തീരുമാനം. ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഇഫ്താറിൽ പങ്കെടുക്കാൻ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ ആയിരങ്ങളാണ് ഇന്ത്യൻ ഗ്രാൻഡ് മസ്‌ജിദിലേക്ക് എത്തിയത്. ഇഫ്താറിനായി ഭക്ഷണമൊരുക്കാൻ 313 ആടുകളെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിക്കുകയും ചെയ്തു. ഗ്രാൻഡ് ഇഫ്താറിന് പുറമെ, മഹ്ളറത്തുൽ ബദ് രിയ്യ വാർഷിക സംഗമം, ഖുർആൻ- മൗലിദ് സദസ്സ്, പഠന സംഗമം, പ്രാർഥനാ സംഗമം, തഅ്‌ജീലുൽ ഫുതൂഹ് പാരായണം തുടങ്ങിയവ നടന്നു.