തൃശൂരിൽ നടന്ന എസ്‌വൈഎസിന്‍റെ കേരള യുവജന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ ആയിരുന്നു കാന്തപുരത്തിന്റെ ജമാഅത്തെ വിമർശനം
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് മാറ്റത്തിൽ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ഥാപകനായ അബുൽ അഅ്ലാ മൗദൂദിയെ തള്ളിപ്പറയുന്നത് അവരുടെ പുതിയ അടവ് നയമാണെന്ന് കാന്തപുരം മുസ്ലിയാർ പറഞ്ഞു. തൃശൂരിൽ നടന്ന എസ്‌വൈഎസിന്‍റെ കേരള യുവജന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ ആയിരുന്നു കാന്തപുരത്തിന്റെ ജമാഅത്തെ വിമർശനം.
മൗദൂദിയെ തള്ളി പറയുന്നതുകൊണ്ട് മാത്രം കാര്യമില്ല. ഈമാൻ കാര്യം അഞ്ചെന്നും, ആറെന്നും എഴുതിയ പുസ്തകങ്ങൾ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിച്ചിട്ടുണ്ട്. അഞ്ചെന്ന് എഴുതിയ പുസ്തകവും മൗദൂദിയുടെ ആശയപ്രചരണം നടത്തുന്ന പുസ്തകങ്ങളും പിൻവലിക്കാൻ തയ്യാറുണ്ടോ? എന്നും ജമാഅത്തെ ഇസ്ലാമിയോട് കാന്തപുരം മുസ്ലിയാർ ചോദിച്ചു. ഇസ്ലാം മതവിശ്വാസികൾ പിന്തുടരണമെന്നു ഖുർആൻ നിർദേശിക്കുന്ന ആറ് നിർബന്ധ വിശ്വാസങ്ങളെയാണ് ഈമാൻ കാര്യങ്ങൾ എന്ന് പറയുന്നത്. ഈമാൻ എന്നാൽ വിശ്വാസം എന്നാണർത്ഥം. അന്യമതസ്ഥർക്ക് വോട്ട് ചെയ്യുന്ന ഇന്ത്യൻ മുസ്ലീമുകൾ അമുസ്ലീങ്ങൾ ആണെന്നും ജമാഅത്തെ ഇസ്ലാമി ഒരു കാലഘട്ടത്തിൽ പ്രചരിപ്പിച്ചിരുന്നുവെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞു. തെറ്റ് തിരുത്തിയെന്ന് പ്രഖ്യാപിച്ചാൽ കൂട്ടത്തിൽ കൂട്ടുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു.
Also Read: ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നുവെന്ന് എസ്‌വൈഎസ് നേതാവ്
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് കാന്തപുരം യുവജന വിഭാഗം (SYS) നേതാവ് മാളിയേക്കൽ സുലൈമാൻ സഖാഫിയും രംഗത്തെത്തിയിരുന്നു. കശ്മീരിലെ ഒൻപത് തീവ്രവാദ സംഘടനകൾക്ക് സംഘടനാപരമായ നേതൃത്വം നൽകുന്നതും ആശയങ്ങൾ പകർന്നു നൽകുന്നതും ജമാഅത്തെ ഇസ്ലാമിയാണെന്നുമാണ് സുലൈമാൻ സഖാഫിയുടെ ആരോപണം.
Also Read: പുതുവത്സരാഘോഷം ഇസ്ലാമിക നിയമത്തിന് വിരുദ്ധം; ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്