റൊമാന്റിക് ആക്ഷന്‍ ഡ്രാമയായ റെട്രോ കാര്‍ത്തിക് സുബ്ബരാജ്-സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്
കാര്‍ത്തിക് സുബ്ബരാജ് തന്റെ ഏറ്റവും പുതിയ ചിത്രമായ റെട്രോയുടെ റിലീസ് പരിപാടികളിലാണ്. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. റൊമാന്റിക് ആക്ഷന്‍ ഡ്രാമയായ ചിത്രം കാര്‍ത്തിക് സുബ്ബരാജ്-സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പേട്ടയ്ക്ക് ശേഷം വരുന്ന തന്റെ ഏറ്റവും വലിയ കൊമേഷ്യല്‍ സിനിമയായിരിക്കും റെട്രോ എന്ന കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
'എനിക്ക് തോന്നുന്നു പ്രേക്ഷകര്‍ക്ക് റെട്രോ ഇഷ്ടപ്പെടുമെന്ന്. ഞാന്‍ സംവിധാനം ചെയ്ത സിനിമകളില്‍ പേട്ടയ്ക്ക് ശേഷം ഏറ്റവും മെയ്ന്‍സ്ട്രീമായി ഒരുക്കിയ ചിത്രമാണ് റെട്രോ. മുഖ്യധാര സിനിമയ്‌ക്കൊപ്പം തന്നെ കലാപരമായ വശം കൂടി കൊടുക്കാനാണ് ഞാന്‍ ശ്രമിക്കാറ്. അതിന്റെ ശതമാനത്തില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം. കാരണം പേട്ട ഒരു സമ്പൂര്‍ണ്ണ കൊമേഷ്യല്‍ സിനിമയായിരുന്നു. റെട്രോ കുറച്ച് കൂടി ഫണ്ണും പിന്നെ ഇമോഷനുകളും ഉള്ള സിനിമയാണ്. പ്രേക്ഷകര്‍ ഇതെങ്ങനെ എടുക്കും എന്നറിയാനുള്ള ആകാംഷയിലാണ് ഞാന്‍', എന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
2 ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം എന്നിവരാണ്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.