fbwpx
'കട്ടന്‍ ചായയും പരിപ്പുവടയും'; തെരഞ്ഞെടുപ്പ് കാലത്തെ ഇ.പി സ്‌പെഷ്യലുകള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Nov, 2024 12:02 PM

വയനാട്, ചേലക്കര വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ഇ.പി.യുടെ പുതിയ വിവാദം

KERALA


തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടുള്ള ഇ.പി. ജയരാജന്‍ വിവാദങ്ങള്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വീനറിനെതിരെ ഉയര്‍ന്നത്. മാസങ്ങള്‍ക്കിപ്പുറം കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് തിരിച്ചെത്തി. ഇന്ന് വയനാട് ലോക്സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും ഒരു 'ഇ.പി. വിവാദത്തിന്റെ' തലവേദനയിലാണ് സിപിഎം.

ലോക്‌സഭാ വോട്ടെടുപ്പിന് തൊട്ടു മുമ്പായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ ബോംബ് പൊട്ടിച്ചത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വെച്ച് ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് സാരമായ പരുക്കുണ്ടാക്കി. ഒപ്പം ബിജെപിയിലേക്ക് വരാന്‍ ഇ.പി. ജയരാജന്‍ തന്നോട് ചര്‍ച്ച നടത്തിയെന്ന ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും പാര്‍ട്ടിയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു.

ഇപ്പോള്‍, വയനാട്, ചേലക്കര വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ഇ.പി.യുടെ പുതിയ വിവാദമെത്തി. ഇ.പി.യുടെ ആത്മകഥയുടെ ഭാഗമെന്ന പേരില്‍ പുറത്തുവന്ന പരാമര്‍ശങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് ആധാരം. പുറത്തുവന്ന ഭാഗങ്ങളില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍, ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിനെതിരായ പരാമര്‍ങ്ങള്‍, തുടങ്ങി സിപിഎം പ്രതിക്കൂട്ടിലാകുന്ന നിരവധി കാര്യങ്ങളാണുള്ളത്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പേരാകട്ടെ, 'കട്ടന്‍ ചായയും പരിപ്പുവടയും-ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്നും.

Also Read: "കട്ടൻ ചായയും പരിപ്പുവടയും എന്ന് പേര് നൽകുമോ, നിയമനടപടി സ്വീകരിക്കും"; ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജൻ


പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വ്യക്തിപരവും യാദൃച്ഛികവും മാത്രമായിരുന്നുവെന്നായിരുന്നു ഇ.പി അന്ന് നല്‍കിയ വിശദീകരണമെങ്കില്‍, ഡിസി പുറത്തിറക്കുന്നത് തന്റെ ആത്മകഥയല്ലെന്നാണ് പുതിയ വിവാദത്തിലെ വിശദീകരണം. തന്റെ ആത്മകഥ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും ആര്‍ക്കും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നു കൂടി ഇ.പി. പറയുന്നു. തനിക്കെതിരെ പതിവായി ഗൂഢാലോചന നടക്കുന്നതായിക്കൂടി ഇ.പി. സൂചിപ്പിക്കുന്നുണ്ട്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രസാധകരായ ഡിസിയാകട്ടെ നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം 'കട്ടന്‍ ചായയും പരിപ്പുവടയും' കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുകയാണെന്നാണ് അറിയിച്ചത്.

എന്തായാലും ജാവദേക്കറുമായി നടത്തിയ 'വ്യക്തിപരമായ കൂടിക്കാഴ്ച' എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിക്കുന്നതിലേക്ക് വരെ എത്തിയെങ്കില്‍ പുതിയ ആരോപണം ഇ.പി.യെ എവിടെ കൊണ്ടെത്തിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ഇ.പിയുടെ രാഷ്ട്രീയ ജീവിതം

2007ല്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി നിക്ഷേപം സ്വീകരിച്ചതായിരുന്നു ഇ.പി. ജയരാജനെതിരെ മുന്‍കാലത്ത് ഉയര്‍ന്ന വലിയ ആരോപണം. പിന്നീട്, 2007 ജൂലൈ 25ന് നായനാര്‍ ഫുട്‌ബോള്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നു.

2007ല്‍ കണ്ണൂര്‍ മൊറാഴയില്‍ ജയരാജന്‍ നടത്തിയ പ്രസംഗവും പാര്‍ട്ടിക്കുള്ളില്‍ ഏറെ കോലാഹലമുയര്‍ത്തി. 50 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ച പോലെ കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാകില്ലെന്നായിരുന്നു പരാമര്‍ശം.

2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ ചാക്ക് രാധാകൃഷ്ണന്റെ അഭിവാദ്യങ്ങള്‍ അച്ചടിച്ചു വന്നിരുന്നു. ചാക്ക് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍ അച്ചടിച്ച സംഭവം അക്കാലത്ത് വലിയ വിവാദമായി.

Also Read: ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്; വയനാട് 20.08%, ചേലക്കരയിൽ 19.08%

ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രി ആയിരിക്കെ ബന്ധു നിയമന വിവാദം. പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചത് ഇ.പിയെ പ്രതിരോധത്തിലാക്കി.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് പിന്നാലെ എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതില്‍ ഇ.പി. ജയരാജന് അനിഷ്ടമുണ്ടായിരുന്നു. പ്രധാനപ്പെട്ട പാര്‍ട്ടി വേദികളില്‍ നിന്നെല്ലാം ഇ.പി. ജയരാജന്‍ വിട്ടുനിന്നു. എം.വി. ഗോവിന്ദന്‍ നയിച്ച കേരള യാത്രയില്‍ നിന്ന് ജയരാജന്‍ മാറി നിന്നത് ശ്രദ്ധേയമായിരുന്നു.

ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തവും വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഇതും ഇ.പി. ജയരാജനെതിരെ പാര്‍ട്ടി നേതൃത്വത്തിനിടയില്‍ കാര്യമായ അവമതിപ്പുണ്ടാക്കി. മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഇ.പി അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആ സമവാക്യത്തിലും പിന്നീട് വിള്ളലുണ്ടായി.

KERALA
മലയാളികളുടെ സുകൃതം... എംടിയും മമ്മൂട്ടിയും ചേര്‍ന്നുണ്ടാക്കിയ രസതന്ത്രം
Also Read
user
Share This

Popular

NATIONAL
WORLD
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു