രണ്ടാം പകുതിയിൽ അഞ്ച് ഗോളുകളാണ് പിറന്നത്. മുംബൈയ്ക്കായി നിക്കോസ് കരേലിസ് ഇരട്ട ഗോളുകൾ നേടി.
ഐഎസ്എല്ലിൽ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ 4-2ന് തകർപ്പൻ ജയം നേടി മുംബൈ സിറ്റി എഫ്‌സി. രണ്ടാം പകുതിയിൽ അഞ്ച് ഗോളുകളാണ് പിറന്നത്. മുംബൈയ്ക്കായി നിക്കോസ് കരേലിസ് ഇരട്ട ഗോളുകൾ നേടി.
ആദ്യ പകുതിയിൽ മുംബൈ ഒരു ഗോളിന് ലീഡ് ചെയ്തിരുന്നു. ഒൻപതാം മിനുറ്റിൽ നിക്കോസ് കരേലിസാണ് മുംബൈയ്ക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിൻ്റെ ഇടവേളയിൽ രണ്ട് പെനാൽറ്റി ഗോളുകൾ പിറന്നു. 55ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ ഹാൻഡ് ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി കരേലിസ് ലീഡ് 2-0 ആയി ഉയർത്തി.
എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന വാശിയോടെ മുന്നേറിയ പെപ്ര 57ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാൽറ്റി നേടിക്കൊടുത്തു. ഷോട്ടെടുത്ത ജെസ്യൂസ് ജിമിനെസ് കേരളത്തിന് ആശ്വാസ ഗോൾ സമ്മാനിച്ചു. പിന്നാലെ പെപ്രയുടെ ഹെഡ്ഡറിൽ നിന്ന് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. സ്കോർ 2-2.
നേരത്തെ മഞ്ഞ കാർഡ് കണ്ട പെപ്ര ജേഴ്സിയൂരി ആഹ്ളാദ പ്രകടനം നടത്തിയതിന് രണ്ടാമത്തെ മഞ്ഞ കാർഡും നേടിയതോടെ, ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയത് ടീമിന് തിരിച്ചടിയായി. ഇതിന് പിന്നാലെ 75ാം മിനിറ്റിൽ നഥാൻ ആഷർ റോഡ്രിഗസാണ് മുംബൈയെ വീണ്ടും മുന്നിലെത്തിച്ചത്, സ്കോർ 3-2.
ഒടുവിൽ 90ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി കൂടി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് തോൽവിയുറപ്പിച്ചു. ലാലിയൻസുവാല ഛാങ്തെയാണ് ഗോൾ നേടിയത്.
ALSO READ: പരമ്പര 3-0ന് അടിയറവ് വെച്ചു; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വലിയ തിരിച്ചടി!