fbwpx
പോളിങ് അവസാന നിമിഷങ്ങളിലേക്ക്; ചേലക്കരയിൽ 69.19%, വയനാട് 62.23%
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Nov, 2024 08:24 PM

ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്ങാണ് കാണാനാകുന്നത്. ചേലക്കരയിലെ സ്ഥാനാർഥികളായ യു.ആർ. പ്രദീപ്, കെ. ബാലകൃഷ്ണൻ എന്നിവർ രാവിലെ 7 മണിയോടെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു

KERALA BYPOLL


വീറും വാശിയും നിറഞ്ഞ 27 ദിവസത്തെ പ്രചരണം പൂര്‍ത്തിയാക്കി വയനാട് ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും ഇന്ന് ജനവിധി തേടുകയാണ്. ഉച്ചയ്ക്ക് 3 മണി വരെ വയനാട് ലോക്സഭാ മണ്ഡലത്തിൽ വയനാട് 62.23% പോളിങ്ങും, ചേലക്കരയിൽ 69.19% പോളിങ്ങും രേഖപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇരു മണ്ഡലങ്ങളിലേയും പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമാണ്.



വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധിയും, ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയും, ബിജെപി സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസുമാണ് മത്സരരംഗത്തുള്ളത്. ഇടതുപക്ഷ കോട്ട എന്നറിയപ്പെടുന്ന ചേലക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി യു.ആര്‍. പ്രദീപും, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസും, ബിജെപി സ്ഥാനാര്‍ഥിയായി കെ. ബാലകൃഷ്ണനുമാണ് തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്നത്.



ചേലക്കരയിലെ സ്ഥാനാർഥികളായ യു.ആർ. പ്രദീപ്, കെ. ബാലകൃഷ്ണൻ എന്നിവർ രാവിലെ 7 മണിയോടെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. വിവിധ പോളിങ് ബൂത്തുകൾക്ക് മുന്നിൽ നിന്നും ആവേശകരമായ പ്രതികരണമാണ് വോട്ടർമാരിൽ നിന്നും ലഭിക്കുന്നത്. ഇ.പി. വാർത്തയോട് പ്രതികരിക്കാനില്ലെന്നും വാർത്തയുടെ വിശദാംശങ്ങൾ അറിഞ്ഞിട്ടില്ലെന്നും ഇടതു സ്ഥാനാർഥി യു.ആർ. പ്രദീപ് പ്രതികരിച്ചു. വിവാദം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. എൽഡിഎഫ് കൺവീനറും പാർട്ടി സെക്രട്ടറിയും വിഷയത്തിൽ മറുപടി പറയുമെന്നും പ്രദീപ് മറുപടി നൽകി. ഇത്തവണ ചേലക്കരയിൽ ബിജെപി തന്നെയാകും വിജയിക്കുകയെന്ന് കെ. ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.



അതേസമയം, രാവിലെ കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ടിങ് മെഷീൻ തകരാറിലായത് പോളിങ് തടസപ്പെടുത്തി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് എൽപി സ്കൂളിലെ ബൂത്ത് 86ലാണ് പ്രശ്നം. പുതിയ മെഷീനെത്തിച്ച് 8 മണിയോടെ ഇവിടെ പോളിങ് പുനരാരംഭിച്ചു. കോഴിക്കോട് പുതുപ്പാടി സ്കൂളിലെ 26ാം നമ്പർ ബൂത്തിലും വി വി പാറ്റ് മെഷീൻ കേടായി. പോളിങ് പുതിയ വി വി പാറ്റ് മിഷീൻ കൊണ്ടുവന്ന ശേഷം പുനരാരംഭിച്ചു. ചേലക്കരയിലെ 116ാം നമ്പർ ബൂത്തിലും വോട്ടിങ് മെഷീനിലെ പ്രശ്നങ്ങൾ കാരണം പോളിങ് വൈകി.



ALSO READ: കോട്ട കാക്കാൻ ഇടത്, ആലത്തൂരിലെ ക്ഷീണം മാറ്റാൻ വലത്; അഭിമാനപോരാട്ടമാവുന്ന ചേലക്കര


ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നും വയനാട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി, ബറേലിയിലെ മണ്ഡലം നിലനിര്‍ത്തിയതോടെയാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. ചേലക്കര മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1,354 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിലുള്ളത്. 11 പോളിങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും, 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് മണ്ഡലത്തിലെ വിവിധയിടങ്ങില്‍ ഒരുക്കിയിരിക്കുന്നത്. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2,700 അധിക പൊലീസ് സേനയും ജില്ലയിലുണ്ടാകും.

2009 മുതല്‍ യുഡിഎഫിന് മേല്‍ക്കൈയുള്ള വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. സത്യന്‍ മൊകേരിയാണ് സ്ഥാനാര്‍ഥിയെന്നത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വിജയിക്കാനാവുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. വോട്ടു വര്‍ധനയാണ് നവ്യ ഹരിദാസിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത്. വയനാട് ദുരന്തബാധിതരുടെ പുനരധിവാസവും, കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കാത്തതും, രാത്രി യാത്രാ നിരോധനവും, വനം-വന്യജീവി-മനുഷ്യ സംഘര്‍ഷവുമെല്ലാം സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പ് പ്രചരണ കാലമായിരുന്നു ഇത്തവണ വയനാട്ടിലേത്.

2009ലും 2014ലും എം.ഐ. ഷാനവാസ് ആയിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചത്. 2009ല്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച എം.ഐ. ഷാനവാസ് 2014ലെ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയോടായിരുന്നു മത്സരിച്ചത്. അന്ന് സത്യന്‍ മൊകേരി 3,56,165 വോട്ടുകള്‍ നേടിയപ്പോള്‍ എം.ഐ. ഷാനവാസ് 3,77,035 വോട്ടുകളാണ് നേടിയത്. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സത്യന്‍ മൊകേരിക്ക് സാധിച്ചിരുന്നു എന്നതും ഇത്തവണ തെരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരിക്ക് സാധ്യത കൂട്ടുന്നുണ്ട്.


ALSO READ: ഉപതെരഞ്ഞെടുപ്പല്ല, അഭിമാന പോരാട്ടം; സ്ഥാനാർഥി നിർണയത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നണികൾ, കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്


2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി വയനാട് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഏഴ് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് രാഹുല്‍ വിജയിച്ചത്. എന്നാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ വോട്ട് 6.47 ലക്ഷത്തിലേക്ക് കുറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തില്‍ എത്തിക്കുകയുമാണ് യുഡിഎഫ് ക്യാമ്പിന്റെ ലക്ഷ്യം.

16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി രംഗത്തുള്ളത്. പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു തിരുനെല്ലാ എടയൂര്‍ കുനി സ്‌കൂളിലും,  RJD സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും, ടി. സിദ്ധീഖ് എംഎല്‍എ കല്‍പ്പറ്റ GLPS സ്‌കൂളിലെ 94-ാം ബൂത്തിലും വോട്ടു രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി, എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവര്‍ നാളെ ജില്ലയില്‍ ഉണ്ടാകുമെങ്കിലും മൂവര്‍ക്കും മണ്ഡലത്തില്‍ വോട്ടില്ല.

1965 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. 1996 മുതല്‍ ഇടതുകോട്ടയായി നിലകൊള്ളുന്ന മണ്ഡലം കൂടിയാണ് ചേലക്കര. 1996 മുതല്‍ അഞ്ച് തവണ കെ. രാധാകൃഷ്ണന്‍ ചേലക്കരയില്‍ നിന്ന് മത്സരിച്ചു വിജയിച്ചു. ഇതില്‍ നാല് തവണയും തുടര്‍ച്ചയായ വിജയമായിരുന്നു. ഇത്തവണ ഇടതു സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന യു.ആര്‍. പ്രദീപ് 2016ല്‍ ചേലക്കരയുടെ എംഎല്‍എയായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ കെ.എ. തുളസിയെ പരാജയപ്പെടുത്തിയാണ് യു.ആര്‍. പ്രദീപ് മണ്ഡലത്തില്‍ വിജയിച്ചത്.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആണെങ്കിലും ഇത്തവണ ശക്തമായ മത്സരമാണ് ചേലക്കര കാഴ്ചവെക്കുന്നത്. ആലത്തൂരിലേറ്റ കനത്ത പരാജയത്തെ മറികടന്ന് ചേലക്കരയില്‍ വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് രമ്യ ഹരിദാസ്. എന്നാല്‍, മണ്ഡലത്തില്‍ കഴിഞ്ഞ തവണ ചെറുതല്ലാത്ത ഓളം സൃഷ്ടിച്ച ബിജെപിയും വിജയ പ്രതീക്ഷയിലാണ്. സര്‍ക്കാരിനെതിരായ വികാരം വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.


ALSO READ: കേരള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കാം 


രണ്ട് ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള ചേലക്കരയില്‍ മൂന്ന് ഓക്സിലറി ബൂത്തുകള്‍ സഹിതം 180 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെടുപ്പ് ദിവസമായ ഇന്ന് മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 10,143 കന്നി വോട്ടര്‍മാര്‍ സഹിതം 2,13,103 പേരാണ് ചേലക്കരയില്‍ ജനവിധി കുറിക്കുക. 1,01,903 പുരുഷന്മാരും 1,11,197 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപ് കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളിലെ 25ാം നമ്പര്‍ ബൂത്തിലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന്‍ തിരുവില്വാമല പാമ്പാടി ഗവണ്‍മെന്റ് സ്‌കൂളിലെ 116ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട് ചെയ്യാനെത്തുക. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് മണ്ഡലത്തിലെ വോട്ടറല്ല. ചേലക്കരയിലെ സമ്മതിദായകരായ 85 വയസിന് മുകളിലുള്ള 925 പേരും 40 ശതമാനത്തിലധികം ഭിന്നശേഷിയുളള 450 പേരും അടക്കം 1375 പേര്‍ ഹോം വോട്ടിംഗ് സംവിധാനം മുഖേന ഇതിനോടകം വോട്ട് രേഖപ്പെടുത്തി. 3 ഓക്‌സിലറി ബൂത്തുകള്‍ സഹിതം 180 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.


"ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി..."; സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി

ജനങ്ങളോട് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ എക്സ് പോസ്റ്റ്. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രിയങ്ക നന്ദിയും അറിയിച്ചു.

"വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിംഗ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത്. വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാം", പ്രിയങ്ക എക്സില്‍ കുറിച്ചു.



NATIONAL
അക്കാദമിക്, ഭരണ രംഗങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അപൂർവ രാഷ്ട്രീയക്കാരിൽ ഒരാൾ; ആദരാഞ്ജലികൾ നേർന്ന് രാഷ്ട്രപതി
Also Read
user
Share This

Popular

NATIONAL
NATIONAL
ഡോ. മൻമോഹൻ സിങ്: പാണ്ഡിത്യവും പൊതുജനതാൽപ്പര്യവും സമന്വയിച്ച രാഷ്ട്രതന്ത്രജ്ഞന്‍