ജിഎസ്‍ടി നഷ്ടപരിഹാരം നിലച്ചു, സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ധനകമ്മീഷന്‍ ഓരോ വര്‍ഷവും വെട്ടിക്കുറയ്ക്കുകയാണ്
കെ.എന്‍. ബാലഗോപാല്‍
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിച്ച അവഗണനയാണ് സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണമായതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജിഎസ്‍ടി നഷ്ടപരിഹാരം നിലച്ചു, സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ധനകമ്മീഷന്‍ ഓരോ വര്‍ഷവും വെട്ടിക്കുറയ്ക്കുകയാണ്. എന്നിട്ടും സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ട്. തനത് നികുതിയിതര വരുമാനം വർധിപ്പിക്കാനായതാണ് കേരളത്തിന് നേട്ടമായതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ജിഎസ്‍ടി നികുതി വരുമാനം കുതിച്ചുയരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതുണ്ടായില്ല. അതിനിടെ, ധന കമ്മീഷന്‍ ഓരോ വര്‍ഷവും സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു. തനത് വരുമാനത്തിലുണ്ടായ വര്‍ധനയാണ് കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തിന് സഹായകമായത്. തനത് നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചു. റവന്യു കമ്മിയും ധനക്കമ്മിയും കുറയ്ക്കാനായി. തനത് വരുമാനം 1,03,240 കോടിയായി വർധിച്ചു.
ധനഞെരുക്കം ജനങ്ങളോട് മറച്ചുവെച്ചില്ല. ജനങ്ങളോട് തുറന്നുപറഞ്ഞ് പരിഹാരം കാണാനാണ് ശ്രമിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിലും ചെലവ് ചുരുക്കിയില്ല. ചെലവുകള്‍ വെട്ടിക്കുറയ്ക്കുയല്ല, 40 ശതമാനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ട്. അതുകൊണ്ട് പദ്ധതികള്‍ ചുരുക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റാണ് അവതരിപ്പിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണനയാണ് കേരളം നേരിട്ടതെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർധനയുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു. ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളതെന്നും ബാലഗോപാല്‍ കുറിച്ചു.