സർക്കാരിൻ്റെ ഭാഗമായിട്ടുള്ളവരുടെ ബോർഡുകൾ സ്ഥാപിക്കില്ലെന്ന് ഉറപ്പാക്കുന്ന ഉത്തരവിറക്കാൻ സർക്കാർ തയാറാകുമോയെന്നും കോടതി ചോദിച്ചു
അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നും, നടപടി സ്വീകരിക്കാന്‍ ധൈര്യം വേണമെന്നും ഹൈക്കോടതി സർക്കാരിനെ അറിയിച്ചു. ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തുവെന്ന ചോദ്യത്തിൽ കണക്കുകൾ കൃത്യമായി അറിയിക്കാമെന്നായിരുന്നു സർക്കാരിൻ്റെ നടപടി. ഇതിന് സർക്കുലർ ഇറക്കിയതായും സർക്കാർ പറഞ്ഞു.
അനധികൃത ഫ്ലക്സ് ബോർഡുകൾ പൂർണമായും നീക്കം ചെയ്യാൻ സർക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തു, എത്ര രൂപ പിഴ ഈടാക്കിയെന്നും, ഹൈക്കോടതി ചോദ്യമുന്നയിച്ചു. അതോടൊപ്പം തന്നെ ഏതെല്ലാം രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുത്തുവെന്നും, കോടതി ആരാഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഫ്ലക്സ് ബോർഡുകൾ വച്ചതിന് എത്ര പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നുമടക്കമുള്ള കാര്യങ്ങൾ സർക്കാർ വിശദീകരിക്കണമെന്നും, കോടതി ആവശ്യപ്പെട്ടു.
ALSO READ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി; ഇടതിൽ നിന്ന് മൂന്ന് പഞ്ചായത്തുകൾ പിടിച്ചെടുത്ത് യുഡിഎഫ്
തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് ഇന്ന് ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. രണ്ടു ലക്ഷത്തോളം ബോർഡുകൾ നീക്കം കോടതി ഉത്തരവിനെ തുടർന്ന് നീക്കം ചെയ്തതായാണ് അവർ വ്യക്തമാക്കിയത്. 98 ലക്ഷത്തോളം രൂപ പിഴ ഈടാക്കിയെന്നുമാണ് അവർ അറിയിച്ചത്. എന്നാൽ എത്ര ബോർഡുകൾ നീക്കം ചെയ്‌തുവെന്നും, പിഴ ഇനത്തിൽ എത്ര രൂപ ലഭിച്ചെന്നും, ആർക്കൊക്കെ എതിരെയാണ് നടപടിയെടുത്തതെന്നും, കൃത്യമായ വിവരം നൽകണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ടീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ കണക്കുകൾ പ്രത്യേകം വേണം.
രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ധൈര്യം വേണമെന്നും കോടതി പരിഹസിച്ചു. സർക്കാരിൻ്റെ ഭാഗമായിട്ടുള്ളവരുടെ ബോർഡുകൾ സ്ഥാപിക്കില്ലെന്ന് ഉറപ്പാക്കുന്ന ഉത്തരവിറക്കാൻ സർക്കാർ തയാറാകുമോയെന്നും ചോദിച്ച കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.